തിരുവനന്തപുരം: ഇമെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ‘മാധ്യമ’ത്തിനെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പിണറായി വിജയന്.’മാധ്യമ’ത്തിനെതിരെ ക്രിമിനല്‍കേസ് എടുക്കാനുള്ള മന്ത്രിസഭാ തീരുമാനം അവിവേകമാണ്. പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ്. ഉടനടി കേസ് എടുക്കണമെന്ന് ഒരു മന്ത്രി അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ‘ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധം പൗരന്മാരുടെ ഇമെയില്‍ കേരള പോലീസ് ചോര്‍ത്താന്‍ ശ്രമിച്ചതിനെപ്പറ്റി യുക്തിസഹമായ വെളിപ്പെടുത്തല്‍ നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് പിണറായി വിജയന് ആവശ്യപ്പെട്ടു.
പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ പോലീസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കാന്‍ വൈകിക്കൂടാ. തീവ്രവാദബന്ധമുള്ള കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നതിന് ആരും തടസ്സം നില്ക്കാന് പാടില്ല. എന്നാല്‍ , അന്വേഷണത്തിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്ത പൗരന്മാരുടെ പൗരാവകാശം ഹനിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. തീവ്രവാദ ബന്ധമുള്ള കേസിന്റെ മറവില്‍ 268 പേരുടെ ഇമെയില്‍ പരിശോധനയ്ക്കാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇത്രയധികംപേരുടെ ഇമെയില്‍ പരിശോധിക്കാന്‍ പൊലീസിന് ആഭ്യന്തരവകുപ്പിന്റെ നിയമപരമായ സമ്മതം വേണം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നടപടി ഉണ്ടാകില്ല.
പോലീസ് നിരീക്ഷണത്തിന് തയ്യാറാക്കിയ 268 പേരില്‍ 10 പേര് ഒഴികെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ്. അവരില്‍ മുസ്ലിംലീഗിന്റെ അറിയപ്പെടുന്ന നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. ഈ വ്യക്തികളെ കണ്ടെത്താനും അവരുടെ ‘ലോഗിന്‍’ വിശദാംശങ്ങള്‍ ശേഖരിക്കാനുമാണ് പോലീസ് ഉത്തരവുണ്ടായത്. ഇതിനര്‍ഥം, ഈ വ്യക്തികളുടെ ഇമെയിലിലേക്ക് അവരറിയാതെ അവരുടെ ‘പാസ്വേര്ഡ്’ ഉപയോഗിച്ച് പോലീസിന് കടന്നുകയറാമെന്നാണ്.
ഭരണഘടന നല്കുന്ന പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഗുരുതരമായ തീവ്രവാദകേസ് എന്തെന്നും സംശയിക്കപ്പെടുന്ന വ്യക്തികള്‍ രാജ്യദ്രോഹികളാണോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: