കൊച്ചി: വനംവകുപ്പിന്റെ ഫയര്‍ലൈന്‍ നിര്‍മാണത്തില്‍ പണിയെടുത്ത ആദിവാസികള്‍ക്ക് കൂലി നല്‍കാതെ വഞ്ചിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഭാരതീയ ജനതാ പട്ടികജാതിമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. ഷോളയാര്‍, മലക്കപ്പാറ, അതിരപ്പിള്ളി, വാഴച്ചാല്‍, വാച്ചുമരം തുടങ്ങിയ 14 ആദിവാസി കോളനികളിലെ ആദിവാസികളാണ് കൂലി ലഭിക്കാതെ വഞ്ചനക്കിരയായത്. ഇത് സംബന്ധിച്ച് ആദിവാസികള്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഒരു കിലോമീറ്റര്‍ ഫയര്‍ ലൈന്‍ നിര്‍മാണത്തിന് 15,000 രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ 6000 രൂപയാണ് ആദിവാസികള്‍ക്ക് നല്‍കുന്നത്. പണിയെടുക്കുന്ന ആദിവാസികള്‍ക്ക് പ്രതിദിനം ലഭിക്കേണ്ട കൂലി 400 രൂപയാണെങ്കിലും കൊടുക്കുന്നത് 150 രൂപയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരം പ്രവൃത്തികള്‍ക്ക് 460 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് പെരിങ്ങല്‍ക്കുത്ത് ആദിവാസികോളനി മൂപ്പന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കുവാനോ അന്വേഷണം നടത്തുവാനോ തയ്യാറായിട്ടില്ല.
ആദിവാസിയുടെ വിദ്യാഭ്യാസമില്ലായ്മ ചൂഷണം ചെയ്ത് ആദിവാസിയെയും സര്‍ക്കാരിനെയും പറ്റിച്ച് പണം തട്ടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന് പട്ടികജാതിമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റുവും വലിയ ആദിവാസി വഞ്ചനയും തട്ടിപ്പുമാണ് ഈ സംഭവം. ഇതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പട്ടികവര്‍ഗ വകുപ്പുമന്ത്രി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് എന്നിവര്‍ക്ക് ഷാജുമോന്‍ വട്ടേക്കാട് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: