തിരുവനന്തപുരം : ഇന്ന് യുഡിഎഫ് യോഗം ചേരുമ്പോള്‍ മുല്ലപ്പെരിയാറും കെ.ബി. ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനവും പ്രധാന രാഷ്ട്രീയ വിഷയമാകും.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് മന്ത്രി പി.ജെ. ജോസഫിന്റെ നിലപാടുകള്‍ യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചതായി ആരോപണം ഉന്നയിക്കപ്പെടും. കോണ്ഗ്രസ്സു തന്നെയാകും ഇക്കാര്യം ഉയരും. മുസ്ലീം ലീഗും മുല്ലപ്പെരിയാര്‍ സമരത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്സിനെ തള്ളിപ്പറയും. ഭരണത്തിലിരുന്നുകൊണ്ട് സമരവും പണിമുടക്കും നടത്തുന്ന കേരള കോണ്‍ഗ്രസ്സിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തിലുള്ള അതൃപ്തി മുസ്ലീം ലീഗ് ഇന്നലെ പരസ്യമായി തന്നെ പ്രകടിപ്പിച്ചു. ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് പ്രശ്നം തീരില്ലെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ധാര്‍മ്മിക പിന്തുണ മാത്രമാണ് നല്‍കിയിരിക്കുന്നതെന്നുമാണ് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സ് ജോര്‍ജ്ജ് ഇതിനോട് പ്രതികരിച്ചത്.
മന്ത്രി ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനമാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നു വരുന്ന മറ്റൊരു പ്രധാനവിഷയം. ബാലകൃഷ്ണപിള്ളയുടെ നിലപാട് അനുസരിച്ചായിരിക്കും വിഷയത്തിന്റെ ഗൗരവം. തന്റെ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണ്ട എന്ന് പിള്ള പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫിന് കഴിയില്ല. സര്‍ക്കാരിന്റെ നേരിയ ഭൂരിപക്ഷം തന്നെയാണ് കാരണം. യുഡിഎഫ് യോഗത്തിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തും. തീരുമാനം എടുക്കേണ്ടിവന്നാല്‍ ഗണേഷ്കുമാറിന് അലുകൂലമായിട്ടായിരിക്കും തീരുമാനമെന്ന് വ്യക്തമായ സൂചനയും നല്‍കും.
പിള്ളയും ഗണേഷും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ തങ്ങള്‍ ഇല്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അത് അച്ഛനും മകനും തമ്മിലുള്ള പ്രശ്നം മാത്രമെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി മജീദ് പറഞ്ഞത്. ഈ പ്രശ്നത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന മന്ത്രി മുനീറിന്റെ നിലപാടിനേയും ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞു. മദ്യനയമാണ് യുഡിഎഫ് യോഗം പരിഗണനക്കെടുക്കാന്‍ പോകുന്ന മറ്റൊരു പ്രധാന വിഷയം. മദ്യനയം സംബന്ധിച്ച് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടും. സ്വാശ്രയകോളേജ് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം കാണാനുള്ള ചര്‍ച്ചയും ഇന്നത്തെ യോഗത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: