കട്ടപ്പന: സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിവാദ വിഷയങ്ങളില്‍ തൊട്ടും തൊടാതെയും കോടിയേരി ബാലകൃഷ്ണന്. വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏറെ വിവാദം സൃഷ്ടിച്ച മൂന്നാര്‍ വിഷയം സ്പര്‍ശിക്കാതെ, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും എന്നാല്‍ അതേ വിഷയത്തില്‍ സി പി എം എടുത്തുന്ന ഇരട്ടത്താപ്പ് പരാമര്‍ശിക്കാതെയും വിട്ടു.
മൂന്നാറില്‍ ജില്ലയിലെ പ്രധാന നേതാവിന്റെ ബന്ധുവിന്റെ ഭൂമി കയ്യേറ്റം സംരക്ഷിക്കാന്‍ നേതാക്കള്‍ മറുകണ്ടം ചാടുകയായിരുന്നുവെന്നത് ചരിത്രം. കോണ്ഗ്രസുകാരുടേതടക്കം എല്ലാവരുടേയും ഭൂമി കൈയ്യേറ്റം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികളുമായ എത്തിയ അച്യുതാനന്ദനെതിരെ ജില്ലയിലെ പാര്‍ട്ടി നേതൃത്വം തിരിയുകയായിരുന്നു. കയ്യേറ്റമൊഴിപ്പിക്കാന്‍ വന്നാല്‍ കാല്‍വെട്ടുമെന്ന ജില്ലാ സെക്രട്ടറിയുടെ ഭീഷണിക്കുമുമ്പില്‍ ഉദ്യോഗസ്ഥവൃന്ദം വിറളിപിടിച്ചു. കയ്യേറ്റമൊഴിപ്പിച്ച് നവീന മൂന്നാര്‍ നടപ്പാക്കും എന്ന മുദ്രാവാക്യത്തിനുമുന്നില് കോടതികള്‍ പോലും ആദ്യം തൊടാന്‍ അറച്ചു. എന്നിട്ടും വി എസ് തന്റെ നിലപാടില്‍ ഉറച്ചുതന്നെ നിന്നു. സി പി എമ്മിന്റെ ഔദ്യോഗിക പക്ഷത്തേക്ക് കൂറുമാറിയ ജില്ലാ നേതാക്കളുടെ നിലപാട് പാര്‍ട്ടി അണികളുടെ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വി എസി നെ ജില്ലയില്‍ കടക്കാന്‍പോലും ഔദ്യോഗിക വിഭാഗം സമ്മതിച്ചില്ല. ഈ പ്രശ്നം പിന്നീടങ്ങോട്ട് എല്ലാ പാര്‍ട്ടി വേദികളിലും നിരന്തരം ചര്‍ച്ചയായി. ഈ സമ്മേളനത്തിലും ചര്‍ച്ചയാകുമെന്ന് നേതാക്കള്‍ക്കറിയാം. താനായി തുടക്കമിടേണ്ട എന്നാണ് കോടിയേരി കരുതുന്നത് എന്ന് വ്യക്തം.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നില്ലായെന്ന വിമര്‍ശനം മൂല്ലപ്പെരിയാര്‍ സമരസമിതിയും കേരള കോണ്‍ഗ്രസും ഉന്നയിക്കുന്നുണ്ട്. അതേ അഭിപ്രായം പൊതുവേദികളില്‍ പറയുമ്പോഴും വളരെ മയപ്പെടുത്തിയാണ് തമിഴ്നാടിന്റെ കടുംപിടുത്തത്തെ സി പി എം വിമര്‍ശിക്കുന്നത്. ഇടുക്കിയിലെ മൂന്ന് താലൂക്കുകള്‍ തമിഴ്നാട്ടില്‍ ചേര്‍ക്കണമെന്ന് തമിഴ്നാട്ടിലെ എം പി മാരും എം എല്‍ എമാരും ആവശ്യപ്പെട്ടു. അതിനെ സി പി എമ്മിന്റെ കേന്ദ്രനേതൃത്വം തടഞ്ഞില്ല. മാത്രമല്ല പാര്‍ട്ടി പി ബിയുടെ പ്രസ്താവന തമിഴ്നാടിനനുകൂലമായിരുന്നു. തമിഴ്നാട് ഭരിക്കുന്ന ജയലളിത അഖിലേന്ത്യ അടിസ്ഥാനത്തില്‍ സി പി എമ്മിന്റെ ഘടകകക്ഷിയുമാണ്.
ഇതിനെ വിമര്‍ശിച്ച വി എസിനെതിരെ സംസ്ഥാന നേതാക്കളായ ടി. ശിവദാസമേനോന് ഉള്‍പ്പെടെ വിമര്‍ശനം കൊണ്ട് മൂടി. പ്രതിനിധികള്‍ ഇതൊക്കെ പരാമര്‍ശിച്ചാല്‍ നേതാക്കള്‍ വെള്ളം കുടിക്കുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: