ധ്യാനം ഒരു ലയനമാണ്. അത് ഒരു തരം മരണവുമാണ്. അതിലുപരി മഹത്തായ ഒരു ജനനവും. ഒരുതുള്ളി ജലം സമുദ്രത്തില്‍ പതിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്. അത് സമുദ്രവൈപുല്ല്യത്തില് ലയിച്ചുചേരുന്നു. ഇവിടെ ആ ജലബിന്ദുവിനെ സംബന്ധിച്ച് അതിന്റെ ഇല്ലാതാവല്‍ അഥവാ മരണമാണ് സംഭവിച്ചത്. എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ കൂടുതല്‍ വിശാലമായ ഒരു സമുദ്രമായി അത് ജനിക്കുകയായിരുന്നു. അതുപോലെ നിങ്ങളുടെ മനസ്സാകുന്ന ജലബിന്ദു (ചിന്തകളുടെ സംയുക്തം) ഈ പ്രപഞ്ചത്തിന്റെ വിശാലതയിലേക്ക് ലയിച്ചുചേരുമ്പോള്‍ അവിടെ ധ്യാനം സംഭവിക്കുന്നു.
ആളുകള്‍ ധ്യാനം എന്നതിനെ പലവിധം വ്യാഖ്യാനിക്കുന്നു, തെറ്റായി ധരിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കുകയാണ് ധ്യാനമെന്ന് ഒരു കൂട്ടര്, മനസ്സിനെ ദൈവചിന്തയിലേക്ക് കേന്ദ്രീകരിക്കുകയാണ് ധ്യാനമെന്ന് മറ്റു ചിലര്‍. ഇനിയുമൊരു വിഭാഗം ദൈവത്തോടുള്ള പ്രാര്‍ത്ഥനയായി ധ്യാനത്തെ നിര്‍വചിക്കുന്നു.
എന്നാല്‍ ധ്യാനമെന്നത് ഇതൊന്നുമല്ല.എല്ലാ ചിന്തകളില്‍ നിന്നും മനസ്സ് മോചിതമാവുകയും മനസ്സ് എന്ന സങ്കല്പം തന്നെ നമ്മില്‍ അസ്തമിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് അത്. അവിടെ നാം ഒന്നിലേക്കും ഏകാഗ്രമാകുന്നില്ല. ഒന്നിനേയും കേന്ദ്രീകരിക്കുന്നില്ല. ആരോടും പ്രാര്‍ത്ഥിക്കുന്നില്ല.ധ്യാനനിരതമായ ഒരവസ്ഥയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ബിംബമോ, കേന്ദ്രീകരിക്കാന്‍ വിഷയമോ ഉണ്ടാവുന്നില്ല. എല്ലാ വിഭജനങ്ങളും (ഞാനും നീയും, അതും ഇതും) അവിടെ ഇല്ലാതാകുന്നു.അപ്പോള്‍ ശുദ്ധമായ ഒരു ചേതന പിറവികൊള്ളുന്നു.പരമമായത് സംഭവിക്കുന്നു.അതാവട്ടെ അനിര്‍വചനീയമാകുന്നു, അതുല്യമാകുന്നു.
ശരീരം, മനസ്സ്, ആത്മാവ് ഇവ തമ്മിലുള്ള ബന്ധം എന്താണ് ?
ഒരു ഗ്ലാസില്‍ നിറയെ മധുരമുള്ള പാല് ഇരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഇവിടെ ഗ്ലാസ് ശരീരമാകുന്നു. പാല് മനസ്സാകുന്നു. പാലില്‍ ചേര്‍ത്തിരിക്കുന്ന മധുരം അതിന്റെ ആത്മാവാകുന്നു. ഈ ആത്മാവിനെ (മധുരത്തെ)നമുക്ക് വാക്കുകള്‍ കൊണ്ട് നിര്‍വ്വചിക്കാന്‍ കഴിയില്ല. രുചിയെന്ന അനുഭവത്തിലൂടെയേ അതിനെ മനസ്സിലാക്കാന്‍ സാധിക്കൂ. ചിലപ്പോള്‍ മനസ്സാകുന്ന പാലില്‍ ശരീരമാകുന്ന ഗ്ലാസ് മുങ്ങിക്കിടക്കുന്നു. ചിലഅവസരങ്ങളില്‍ തിരിച്ചും സംഭവിക്കുന്നു. മനസ്സും ശരീരവും ആത്മാവും പരസ്പരപൂരകമായാണ് വര്‍ത്തിക്കുന്നത്. ഭൗതികമായി നാം കാണുന്നത് മാത്രമല്ല ഭൗതികേതരമായി ഓരോവസ്തുവിനും അസ്തിത്വം ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ മാത്രമേ ശരീരം, മനസ്സ്, ആത്മാവ് ഇവ തമ്മിലുള്ള ബന്ധം എന്തെന്ന് നമുക്ക് മനസ്സിലാകൂ.
വിരിഞ്ഞുനില്ക്കുന്ന ഒരു പുഷ്പത്തെ ശാസ്ത്രീയമായ വിശ്ലേഷണത്തിനും അപഗ്രഥനത്തിനും വിധേയമാക്കുമ്പോള്‍ ഒട്ടേറെ നിര്‍വചനങ്ങളില്‍ നമുക്ക് എത്തിച്ചേരാനാകും. അതിന്റെ ദലങ്ങളെക്കുറിച്ച്, കേസരങ്ങളെക്കുറിച്ച്, നിറങ്ങള്‍ക്കാധാരമായ കണങ്ങളെക്കുറിച്ച്.
എന്നാല്‍ എവിടെയാണ് ആ പൂവിന്റെ സൗന്ദര്യം അടങ്ങിയിരിക്കുന്നത്? എങ്ങനെയാണ് അതിനെ വിശ്ലേഷണം ചെയ്യാനാവുക, എന്താണ് ആ സൗന്ദര്യത്തിനാധാരമായ ഘടകം എന്ന് ചോദിച്ചാല്‍ ഒരു ശാസ്ത്ര യുക്തിക്കും മറുപടി നല്‍കാനാവില്ല. അതൊരു അനിര്‍വചനീയതയാണ്. ആന്തരികമായ അനുഭവമാണ്. അതാണതിന്റെ ആ ത്മാവ്, ആ ആത്മാവുമായി താദാത്മ്യം പ്രാപിക്കുമ്പോഴാണ് അതിന്റെ സൗന്ദര്യത്തെ-സത്തയെ അനുഭവിച്ചു എന്നു പറയുന്നത്. എന്നാല്‍ എല്ലാ മനുഷ്യരിലും ഈ അനുഭവം സംജാതമാകുന്നില്ല.പലരും വസ്തുക്കളെ (വിഷയങ്ങളെ) ബാഹ്യമായി മാത്രം അല്ലെങ്കില്‍ ആന്തരികമായി മാത്രം വിലയിരുത്താന്‍ ശ്രമിക്കുന്നു. ഈ രണ്ടു വിലയിരുത്തലുകളും ഭാഗികമായ കാഴ്ചയും അനുഭവവും മാത്രമേ പ്രദാനം ചെയ്യൂ.
ഉദാഹരണത്തിന് ഒരു മരക്കച്ചവടക്കാരനെ നിരീക്ഷിക്കൂ. ഒരു വൃക്ഷത്തെ സംബന്ധിച്ച് അയാള്‍ക്ക് അത് ഒരു ഉരുപ്പടി മാത്രമാണ്. അതില്‍ നിന്നും ലഭിക്കുന്ന തടിയുടെ അളവിനെക്കുറിച്ചും, അതിന്റെ പ്രായത്തെക്കുറിച്ചും അതി ന്റെ ഗുണമേന്മയെക്കുറിച്ചുമൊക്കെയാവും അയാളുടെ ചിന്ത. ഇനി ഒരു കവിയുടെയോ ചിത്രകാരന്റെയോ വൃക്ഷക്കാഴ്ചയിലേക്ക് പോകൂ. ആഴത്തില്‍ വളരുന്ന അതിന്റെ വേരുകളില്‍ നിന്നും ഉയരത്തില്‍ വളരുന്ന ചില്ലകളിലേക്ക് അയാള്‍ സഞ്ചരിക്കുന്നു. തണല്‍ പരത്തുന്ന അതിന്റെ നന്മയെക്കുറിച്ചും സുഗന്ധം പ്രസരിക്കുന്ന അതിന്റെ പൂക്കളെക്കുറിച്ചും ചരിത്രമുറങ്ങുന്ന അതിന്റെ പഴമയെക്കുറിച്ചും അയാള്‍ ചിന്തിക്കുന്നു.
ഇവിടെ ആദ്യത്തെ ആള് തികച്ചും ഭൗതികമായും രണ്ടാമത്തെ ആള് ആത്മീയമായും ഈ വൃക്ഷത്തെ അറിയുമ്പോള്‍ ഈ അറിവുകള്‍ വൃക്ഷത്തിന്റെ ഓരോ വശം മാത്രമായി ചുരുങ്ങുന്നു. എന്നാല്‍ സംയമിയായ സംന്യാസി ഈ രണ്ടവസ്ഥകളും ചേര്‍ന്ന അതിന്റെ സമഗ്ര സത്തയിലേക്കും അതിനപ്പുറത്തേക്കുമാണ് സഞ്ചരിക്കുന്നത്. അവിടെ ശരീരവും മനസ്സും ആത്മാവും തമ്മിലുള്ള ലയനമാണ് സംഭവിക്കുന്നത്.
ഇന്ന് ശരീരത്തെ മാത്രം മോടിപിടിപ്പിക്കുവാനും ശുദ്ധീകരിക്കുവാനും ആണ് ബഹുഭൂരിപക്ഷം പേരും ശ്രമിക്കുന്നത്. സൗന്ദര്യപരമായും ആരോഗ്യപരമായുമുള്ള പരിരക്ഷകള്‍ ഇതിന്റെ ഭാഗമായി അവര്‍ പുലര്‍ത്തുന്നു.എന്നാല്‍ ആത്മാവിന്റെ പോഷണത്തിനായി അതിന്റെ ശുദ്ധീകരണത്തി നായി നാമെന്തൊക്കെ ചെയ്യുന്നു എന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.സ്വച്ഛമായ ഹൃദയം,പ്രകാശം പരത്തുന്ന മിഴികള്‍, പുഞ്ചിരി വിടരുന്ന ചുണ്ടുകള്‍, കനിവോലുന്ന ഭാഷണം, കരകവിയുന്ന സ്നേഹം. ആത്മാവിന്റെ പ്രഫുല്ലനമാണ് ഇതൊക്കെയും. ഇതിനു ശരീരത്തില്‍ നിന്നു മനസ്സിലേക്കും മനസ്സില്‍ നിന്ന് ആത്മാവിലേക്കും നാം എത്തിച്ചേരണം.
അപ്പോള്‍ സവിശേഷമായ ഒരു കാഴ്ചയിലേക്ക് നമ്മുടെ മിഴികള്‍ തുറക്കുന്നു.ആത്മാവിന്റെ ജാലകങ്ങളാണീ മിഴികള്‍. ഇതിലൂടെ പുറത്തുള്ള പ്രകൃതിയെ നാം വീക്ഷിക്കുന്നു. അപ്പോള്‍ നാമറിയുന്നു ഈ ഭൂമിയും ആകാശവും ഇരുളും വെളിച്ചവും എല്ലാം നമ്മുടെ ഉള്ളിലും നിറഞ്ഞു നില്ക്കുന്നു. അകത്തുള്ള പ്രകൃതിയും പുറത്തുള്ള പ്രകൃതിയും ഒന്നാണെന്ന ഈ അവബോധത്തിന്റെ ജ്വലനമാണ് സൂര്യയോഗിലൂടെ നമ്മില്‍ സംഭവിക്കുന്നത്.
– സൂര്യാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: