തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടില്ലെന്ന് സംസ്ഥാന റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ശ്രീധരന് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ നിന്ന് കിട്ടുന്ന സേവനകാര്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ ഉറപ്പില്ലാത്തതിനാലാണ് ആഗോള ടെന്‍ഡര്‍ വിളിച്ച് പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്ക് ധനസഹായം നല്കുന്ന ജപ്പാന് കമ്പനി ഉള്‍പ്പടെയുള്ളവയുടെ ആവശ്യം മാനിച്ചാണ് ആഗോള ടെണ്ടര്‍ വിളിച്ചതെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെന്‍ഡര്‍ വിളിച്ചാല്‍ അഴിമതി, ടെന്‍ഡര്‍ ഇല്ലാതെ പദ്ധതി ഏല്‍പ്പിച്ചാല്‍ അഴിമതിയില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
ശ്രീധരന് ഇല്ലാത്ത ഡി.എം.ആര്.സിയെ കരാര്‍ ഏല്പിക്കുന്നതില് സര്‍ക്കാരിന് സംശയമുണ്ട്. ശ്രീധരന്റെ സേവനം ഡി.എം.ആര്.സിയില്‍ ലഭ്യമാകുകയാണെങ്കില്‍ ആഗോള ടെണ്ടര്‍ ഒഴിവാക്കി ഡി.എം.ആര്.സിക്ക് തന്നെ കരാര്‍ നല്കാന് മടിയില്ലെന്നും ആര്യാടന് പറഞ്ഞു. കൊച്ചി മെട്രോയുമായി സഹകരിക്കാന്‍ ആഗ്രഹമില്ലെന്ന് ശ്രീധരന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എങ്കിലും ശ്രീധരന്റെ സേവനം ഈ പദ്ധതിയില്‍ ഏതെങ്കിലും വിധത്തില്‍, ഏതെങ്കിലും രൂപത്തില്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേകം താല്പര്യം എടുത്തിട്ടുണ്ടെന്നു മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
1.5 ശതമാനം പലിശയ്ക്കാണ് ജപ്പാനിലെ സ്ഥാപനം പണം കടം നല്‍കുന്നത്. ചെന്നൈ മെട്രോ മാതൃകയിലാണ് കൊച്ചി മെട്രോ പദ്ധതി പണിയാന്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: