കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയരുതെന്നു പറയാന്‍ വിദഗ്ധ സമിതിക്ക് അവകാശമില്ലെന്നു ധനമന്ത്രി കെ. എം മാണി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണ്. മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്നോട്ടു പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മണ്ണില്‍ സ്വന്തം ചെലവില്‍ ഡാം പണിയുന്ന കാര്യം തീരുമാനിക്കേണ്ടതു സര്‍ക്കാരാണ്. ബജറ്റില്‍ പ്രഖ്യാപിച്ച കാര്യമാണിത്. മറ്റാര്‍ക്കും ഇതില്‍ ഇടപെടേണ്ട കാര്യമില്ല. ഡാം നിര്‍മാണത്തിനുള്ള തുക ബജറ്റില്‍ പാസാക്കിയിട്ടുണ്ട്. തമിഴ്നാടിന് കൊടുന്ന ജലം ഇനിയും കൊടുക്കുമെന്നും സഭ തീരുമാനിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബജറ്റ് പരിപാടിയില്‍ നിന്നു പുറകോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പേരു പറഞ്ഞു കേന്ദ്രബജറ്റ് വൈകിക്കാന്‍ സാധ്യമല്ലെന്നും മാണി പറഞ്ഞു. ഇത്തരത്തില്‍ കേന്ദ്രം നിലപാടെടുക്കുമെന്നു കരുതുന്നില്ല. ഭരണ ഘടന ചട്ടം 112 പ്രകാരം മാര്‍ച്ച് 31നകം വാര്‍ഷിക കണക്കു പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കണം.
സംസ്ഥാന ബജറ്റ് മാര്‍ച്ച് 31നു മുന്‍പ് അവതരിപ്പിക്കുമെന്നും കെ.എം മാണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: