ശബരിമല : ഭക്തസഹസ്രങ്ങളുടെ ശരണഘോഷത്തിനിടെ മകരവിളക്ക് മഹോത്സവത്തിനായി ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു.ഇന്നലെ വൈകുന്നേരം 5.30 ന് തന്ത്രി കണ്ഠരര് മഹേശ്വരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എന്‍.ബാലമുരളി ശ്രീകോവില്തുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഇന്നലെ മറ്റ് വിശേഷാല്പൂജകളൊന്നും ഉണ്ടായിരുന്നില്ല. 11 മണിക്ക് ഹരിവരാസനം പാടി 11.10 ന് നടയടച്ചു.
ഇന്നലെ നട തുറക്കുന്നതിന് ഏറെ മുന്‍പ് മുതല്‍ തന്നെ പമ്പയും സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടന പാതയും നടപ്പന്തലുമെല്ലാം അയ്യപ്പ ഭക്തരാല്‍ നിറഞ്ഞിരുന്നു.
നടതുറക്കാറായപ്പോഴേക്കും ഭക്തജനത്തിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചു. ഇതേത്തുടര്‍ന്ന് ദ്രുതകര്മ്മസേനയടക്കമുള്ളവരെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. വൈകിട്ട് സന്നിധാനത്ത് മഴയും കൂടി പെയ്തതോടെ തീര്‍ത്ഥാടകര്‍ വലഞ്ഞു. ദര്‍ശനത്തിനായി ഭക്തര്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു. നെയ്യഭിഷേകം ഇന്ന് വീണ്ടും തുടങ്ങും. ഇന്നു മുതല്‍ 19 വരെ എല്ലാ ദിവസവും അയ്യപ്പസ്വാമിയ്ക്ക് കളഭാഭിഷേകമുണ്ടായിരിക്കും.
ശബരിമല മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് അഞ്ചാംഘട്ട പോലീസ്സേന ചുമതലയേറ്റു. സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസറായി കെ.കെ. ചെല്ലപ്പന് ഐപിഎസ്. (കമാന്‍ഡന്റ് കെ.എ.പി. 5-ാം ബറ്റാലിയന്) ചുമതലയേറ്റു. അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസറായി എം. രാജ്മോഹന്‍ (അസി. കമ്മിഷണര്‍, തിരുവനന്തപുരം) ചാര്‍ജ്ജെടുത്തു. പുതിയ പോലീസ് സേനയില്‍ 16 ഡിവൈഎസ്പി, 40 സിഐ, 175 എസ്ഐ, 2050 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: