തിരുവനന്തപുരം: അവസാനം സര്‍ക്കാര്‍ നിര്‍ദേശത്തിന് പിഎസ്സി വഴങ്ങി. സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തര പിഎസ്സി യോഗം തീരുമാനിച്ചു. എല്‍ഡിസി അടക്കമുള്ള ചില റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടിയത്. 250 ലേറെ റാങ്ക്ലിസ്റ്റുകള് ഇന്ന് കാലാവധി കഴിയുകയാണ്. ഇവയുള്‍പ്പെടെയുള്ള ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ.
കാലാവധി കഴിയുന്ന റാങ്ക് പട്ടികകള്‍ നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശയ്ക്കെതിരെ പ്രതിഷേധ പ്രമേയം പാസാക്കിയ ശേഷം റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ പിഎസ്സി തീരുമാനിക്കുകയായിരുന്നു. റാങ്ക് പട്ടികകള്‍ നീട്ടണമെന്നു സര്‍ക്കാര്‍ മൂന്നാം തവണയും ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് ഈ വിഷയം പരിഗണിക്കാന്‍ ഇന്നലെ പിഎസ്സി യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ശുപാര്‍ശ തള്ളാന്‍ പിഎസ്സി തീരുമാനിച്ചാല്‍ റാങ്ക് പട്ടിക നീട്ടാനുള്ള അധികാരം പിഎസ്സിയില് നിന്ന് ഒഴിവാക്കി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടായിരുന്നു. പിഎസ്സിയിലെ ചെയര്മാന് ഒഴികെ എല്ലാ അംഗങ്ങളും എല്‍ഡിഎഫ് പ്രതിനിധികളായതിനാല്‍ വീണ്ടും അവര്‍ രാഷ്ട്രീയ തീരുമാനം എടുക്കുമെന്നു മുന്‍കൂട്ടി കണ്ടായിരുന്നു സര്‍ക്കാരിന്റെ ഈ നീക്കം. ഒട്ടേറെ റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പിഎസ്സി യോഗം വിളിക്കാന്‍ ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച സാധാരണ പിഎസ്സി യോഗം ചേരുമ്പോഴേക്കും പട്ടികകളുടെ കാലാവധി കഴിയുമെന്നതിനാല്‍ പിന്നെ നീട്ടാനാകില്ല എന്നതിനാലായിരുന്നു ഇത്.
റാങ്ക് പട്ടിക വീണ്ടും നീട്ടണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ ഉദ്യോഗസ്ഥ ഭരണപരിഷ്കാര സെക്രട്ടറി പി.ജെ.മാത്യു നേരിട്ട് പിഎസ്സി ചെയര്‍മാനു നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടു തന്നെ തീരുമാനം അറിയിക്കാനായിരുന്നു സര്‍ക്കാര്‍ നല്കിയ കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: