തിരുവനന്തപുരം : കിളിരൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സിബിഐ കോടതി. അന്വേഷണം ആവശ്യപ്പെട്ട് നല്കിയ രണ്ട് ഹര്‍ജികളും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തള്ളി. പീഡനത്തിനിരയായ ശാരിയുടെ അച്ഛന് സുരേന്ദ്രനാഥും അമ്മ ശ്രീദേവിയും അഡ്വ. നെയ്യാറ്റിന്‍കര നാഗരാജനും നല്കിയ ഹര്‍ജികളാണ് നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് സിബിഐ ജഡ്ജി ടി എസ് പി മൂസ്സത് തള്ളിയത്.
അന്വേഷണം തെറ്റായ ദിശയിലാണ് നീങ്ങിയതെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഐ സമഗ്രമായ അന്വേഷണം നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിബിഐ പ്രധാനസാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്. അതിനാല്‍ അന്വേഷണത്തില്‍ അപാകതകളുള്ളതായി കാണുന്നില്ല. ഇതുകൂടാതെ 2007ല്‍ എറണാകുളം സിജെഎം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടന്നതാണ്. ഈ അന്വേഷണത്തിലെ പ്രധാനകാര്യങ്ങള്‍ തന്നെയാണ് നിലവിലും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വര്‍ഷം മിണ്ടാതിരുന്ന ഹര്‍ജിക്കാര്‍ നിലവില്‍ അമ്പത് സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് തുടരന്വേഷണഹര്ജിയുമായി രംഗത്തെത്തിയത്. ഇത്രയുംനാള്‍ ഹര്‍ജി ഫയല്ചെയ്യാത്തതിനെ സംബന്ധിച്ച് വിശദീകരണവുമില്ല. അതിനാല്‍ രണ്ട് ഹര്‍ജികളും പ്രസക്തിയില്ലാത്തതിനാല്‍ തള്ളുകയാണെന്ന് 40പേജ് അടങ്ങുന്ന വിശദമായ ഉത്തരവില്‍ ജഡ്ജി പറയുന്നു. കേസിന്റെ മെഡിക്കല്‍ റിക്കാര്‍ഡുകള്‍, ലാബ്റിക്കാര്ഡുകള്, സാക്ഷിമൊഴികള്‍, അന്വേഷണഉദ്യോഗസ്ഥരുടെ മൊഴികള്‍ എന്നിവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
വിഐപിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യത്തിന് കഴമ്പില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. സാക്ഷിമൊഴികളില്‍ നിന്ന് വിഐപി ഉള്ളതായി തെളിയാത്ത സാഹചര്യത്തില്‍ ഈ ആരോപണത്തിന് പ്രസക്തിയില്ല. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം കൂടുതലായതാണ് മരണകാരണം എന്ന ആരോപണം തെറ്റാണെന്ന് ഉത്തരവിലുണ്ട്. ഹൈദരാബാദ് ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടില്‍ ചെമ്പിന്റെ അംശം 0.42ആണ്. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലെ റിപ്പോര്‍ട്ടില്‍ 5.14ആണ്. പബ്ലിഖെല്ത്ത് ലാബിലെ ഉപകരണം കേടായതിനാല്‍ മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടാണിതെന്ന് പബ്ലിഖെല്ത്ത് ലാബിലെ വിദഗ്ധയും മൊഴിനല്‍കിയിട്ടുണ്ട്. ഇതിനാല്‍ ഹൈദരബാദ് ലാബിലെ റിപ്പോര്‍ട്ട് കൃത്യമാണെന്ന് അനുമാനിക്കാന്‍ സാധിക്കും.
ശാരിയെ സിബിഐ നിയോഗിച്ച ചെന്നൈയിലെ ഡോക്ടര്‍മാരുടെ ബോര്‍ഡും മറ്റൊരു മെഡിക്കല്‍ ബോര്‍ഡും സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. ഈ രണ്ട് മെഡിക്കല്ബോര്ഡുകളും ചികിത്സയില്‍ പിഴവ് പറ്റിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ സാക്ഷി വിസ്താരത്തിലും ഇവര്‍ പിഴവില്ലയെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് ആശുപത്രികളിലെയുംചികിത്സ നടത്തിയ ഡോക്ടര്‍മാരെ വിസ്തരിച്ചപ്പോഴും പിഴവ് പറ്റിയതായി മൊഴിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അണുബാധയാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ചികിത്സയിലെ പാളിച്ചയാണ് മരണകാരണമെന്ന ആരോപണം ശരിയല്ല. ഈ കാരണങ്ങള്‍ കൊണ്ട് തുടരന്വേഷണം ആവശ്യമില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജനുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: