തൃശൂര്‍: വെടിക്കെട്ട് ദുരന്തങ്ങള്‍ വിട്ടൊഴിയാതെ തൃശൂര്‍. ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നിരവധി വെടിക്കെട്ടപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ചാഴൂരില്‍ പത്ത് വര്‍ഷം മുമ്പുണ്ടായ വെടിക്കെട്ടപകടത്തില്‍ അഞ്ചുപേര്‍ മരിച്ചപ്പോള്‍ നാല് വര്‍ഷം മുമ്പ് തൃശൂര്‍ പൂരത്തിന് തയ്യാറാക്കിവെച്ചിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ച് പതിമൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഇന്നലെ അത്താണിയില്‍ പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചത്.
കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയിലെ ത്രാങ്ങാലില് ഉണ്ടായ വെടിക്കെട്ടപകടത്തിന് ഒരു വര്‍ഷം തികയും മുമ്പാണ് വീണ്ടും തൊട്ടടുത്ത ജില്ലയായ തൃശൂരില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇതിനിടയില്‍ ഒറ്റപ്പെട്ട അപകടങ്ങളില്‍ മരണമടഞ്ഞവര്‍ ഏറെയാണ്. രണ്ടുദിവസം മുമ്പ് തൃക്കൂരില്‍ അനധികൃത പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ കുന്നംകുളത്തിന് സമീപം പഴുന്നാനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറ്റിയമ്പത് കിലോഗ്രാം വെടിമരുന്ന് പിടിച്ചെടുത്തിരുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ശക്തമായ പരിശോധനകള്‍ ഇല്ലാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ആരോപണമുണ്ട്.
ജില്ലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത് അധികൃതരുടെ മൂക്കിനു താഴെയാണ്. മാരകസ്ഫോടകശേഷിയുള്ള പൊട്ടാസ്യംനൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ വെടിക്കെട്ട് നിര്മ്മാണത്തിനുപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും ഇത് എവിടേയും പാലിക്കപ്പെടാറില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 76 സ്ഥലങ്ങളില്‍ പടക്കശാലകള്‍ക്ക് തീപിടിച്ച് അമ്പതിലേറെ പേര് മരിച്ചിട്ടുണ്ട്. 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിധിക്കനുസരിച്ചുള്ള പരിശോധന പലസ്ഥലങ്ങളിലും ഇല്ല എന്നുള്ളതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: