ദുഷ്ചിന്തകളെയും ദുര്‍വാസനകളെയും നിയന്ത്രിക്കാന്‍ മാത്രമല്ല, നല്ലവയെ നിയന്ത്രിക്കാനും ശക്തി വേണം. നല്ല ചിന്തകളെയും പ്രചോദനങ്ങളെയും നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്ക് മറിച്ചുള്ളവയെ നിയന്ത്രിക്കുവാനും സാധിക്കുന്നില്ലെന്ന് പലപ്പോഴും നാം കാണുന്നു. നല്ലതായാലും ചീത്തയായാലും, വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. അവയെ നിയന്ത്രിക്കാനുള്ള ശക്തി വര്‍ധിപ്പിക്കണം. അതാണേറ്റവും പ്രധാനം. വികാരങ്ങളെ പൂര്‍ണമായി ജയിച്ച് പൂര്‍ണബോധവും നിശ്ചബുദ്ധിയും നേടണം.
ഒരു സദ്വികാരത്തെ മനസ്സില്‍ ആഴത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രഭാവം അവിടെ പരക്കുന്നു. സദ്ഭാവനകളും നല്ല അനുഭവങ്ങളും മനസ്സില്‍വെച്ച് പുലര്‍ത്തണം. അവയെ ഇടയ്ക്കിടെ പ്രകടിപ്പിച്ചാല്‍ അവയുടെ പ്രേരകശക്തി നഷ്ടപ്പെടും. ആവിയന്ത്രത്തിന്റെ ചാലകശക്തി ഉത്ഭവിക്കുന്നത് അകത്തുള്ള നീരാവിയുടെ സമ്മര്ദ്ധത്തില്നിന്നാണ്. അത് വേണ്ടത്ര ശക്തമാകുന്നതിന് മുന്‍പ് പുറത്തുവിട്ടാല്‍ ചാലകശക്തിയില്ലാത്ത യന്ത്രം അനങ്ങാതാവും. ഗ്രന്ഥങ്ങളില്‍ നിന്നും സാധുസംഗത്തില്‍ നിന്നും നമ്മുടെ ആദ്ധ്യാത്മികാനുഭൂതികളില് നിന്നും നാം നേടുന്ന പവിത്രഭാവനകളെയും ആശയങ്ങളെയും അകത്തുസൂക്ഷിച്ച് നമ്മില്‍ വേണ്ട പരിവര്‍ത്തനം വരുത്താന്‍ അവയെ അനുവദിക്കണം. അതുകൊണ്ടാണ് സ്വപ്നത്തിലും സാധനയ്ക്കിടയിലും നമുക്കുണ്ടാകുന്ന അനുഭവങ്ങള്‍ മറ്റുള്ളവരോട് പറയരുത് എന്ന് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ പൊതുവെ ആളുകള്‍ തങ്ങളുടെ അനുഭവങ്ങളെപ്പറ്റി പറഞ്ഞുനടക്കുന്നു. ഇത് ആദ്ധ്യാത്മികജീവിതവുമായി അധികം ബന്ധമില്ലാത്ത ഒരു തരം സുഖാനുഭവമാണ്. ശരിയായ സാധകന്മാര് തങ്ങളുടെ ആദ്ധ്യാത്മവികാരങ്ങളുടെ കാര്യത്തിലും കരുത്തും കരുതലുമുള്ളവരായിരിക്കും. അവര്‍ക്ക് പുറമെയ്ക്ക് അധികം കാണിച്ചെന്നുവരില്ല; എന്നാല്‍ അകത്ത് തീവ്രസംവേദനമുള്ളവരായിരിക്കും.
മനസ്സില്‍ പെട്ടെന്ന് പൊന്തുന്ന ഒരു ഉദാത്തഭാവനയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു ദുഷ്ടഭാവന പൊന്തുന്നമാത്രയില് നിങ്ങള്‍ അതിനടിപ്പെട്ടുപോകും. ആദ്യമായി ദൃഢനിശ്ചയത്തോടെ നല്ലൊരു മൂലധനം സമ്പാദിക്കു; പിന്നെ അതിന്റെ പലിശ ചില വഴിക്കുക. നല്ലൊരു മൂലധനം ആദ്യം സ്വരൂപിച്ചെടുക്കണം; മൂലധനം തന്നെ ചെലവാക്കുകയാണെങ്കില്‍ നിങ്ങള്‍ പാപ്പരാവും. പ്രബല സദ്വികാരങ്ങള് ഉണ്ടാവട്ടെ. പക്ഷെ അവയെ അടക്കിനിര്ത്തൂ.
– യതീശ്വരാനന്ദ സ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: