മാതാപിതാക്കള്‍ മക്കളുടെ വൈകല്യങ്ങളില്‍ അസ്വസ്ഥരാകാതിരിക്കണം. അസ്വസ്ഥത എന്നുപറയുന്നത് ആടുന്ന കസേര പോലാണ്. അത് നിങ്ങളെ ഒരിടത്തേക്കും നയിക്കുകയില്ല. അച്ഛനമ്മമാര്‍ മാനസിക സമ്മര്ദ്ധത്തിനടിമപ്പെടാത്ത മാതൃകാനേതാക്കന്മാര് ആയിരിക്കണം. ജീവിതത്തിലെ പല കാര്യങ്ങളും നമ്മള് പ്രതീക്ഷിക്കുന്നത് പോലെയല്ല സംഭവിക്കുന്നത്. പക്ഷേ, മനസ്സിനെ ശാന്തവും പ്രതിബദ്ധതയുള്ളതുമാക്കിയാല് വ്യത്യസ്തമായൊരു പ്രചോദനം അനുഭവപ്പെടും.
നമ്മള് കൂടുതല്‍ പേരും മറവിയുള്ളവരാണ്. ഇതിനു കാരണം ഭയവും അസ്വസ്ഥതയുമാണ്. ഭയവും അസ്വസ്ഥതയും തമ്മിലുള്ള മാനസിക ഊര്‍ജ്ജത്തെ വലിച്ചെടുക്കുന്നു. ഇതുമൂലം പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാതെ പോകുന്നു.
ഒരുദാഹരണം പറയാം. രണ്ടടി വീതിയുള്ള റോഡിലൂടെ നടക്കാന്‍ ഒരാളോട് പറയുക. അയാള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ നടന്നുപോകും. ഇനി അഞ്ഞൂറടി പൊക്കത്തിലുള്ള രണ്ടടിപ്പാതയിലൂടെ നടക്കാന്‍ അയാളോട് പറയുക. അയാള്‍ അസ്വസ്ഥനാകും. എന്തുകൊണ്ടാണിത്? കാരണം അയാളുടെ മനസ്സില്‍ പരിഭ്രമവും ഉയരും ഉണ്ടാകുന്നു. ഇത് അയാളുടെ കഴിവിനെ ഇല്ലാതാക്കുന്നു.
ഏതെങ്കിലും ഒരു കാര്യത്തില്‍ നമ്മള് പരാജയപ്പെട്ടാല്‍ എന്തുസംഭവിക്കും എന്ന രീതിയിലുള്ള ചിന്തകളുണ്ടാവുമ്പോഴാണ് പരിഭ്രമമുണ്ടാകുന്നത്. ഇതുപോലെയുള്ള നെഗേറ്റെവ് ചിന്തകളെ മാറ്റിയെടുക്കണം. പകരം മനസ്സില്‍ ഇങ്ങനെ ചിന്തിക്കുക, ‘എനിക്ക് കഴിയയും, ‘കഴിയും’ എന്നത് വിജയത്തെയും ‘കഴിയില്ല’ എന്നത് പരാജയത്തെയും സൃഷ്ടിക്കും. അനേകം മാതാപിതാക്കള്‍ എത്രയോ വേണ്ട കാര്യങ്ങള്‍ മറന്നുപോയിട്ടുള്ളതായി അറിയാമോ? ഭാരതസംസ്കാരത്തിന്റെ നന്മയെ നമ്മള് മറന്നുകഴിഞ്ഞു. നമ്മള് പാശ്ചാത്യതയെ അന്ധമായി അനുകരിക്കുന്നു.
ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുന്നതിന്റെ അര്‍ത്ഥം ചിലപ്പോള്‍ ആര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല. എന്തിനാണ് അങ്ങനെ ചെയ്യുന്നത്? തേങ്ങയുടയ്ക്കുക എന്നുവച്ചാല്‍ നമ്മുടെ അഹംഭാവത്തെ ഉടയ്ക്കുക എന്നാവും. തേങ്ങയ്ക്കകത്ത് മധുരമുള്ള വെള്ളമാണ്. അഹംഭാവം ഉടയുമ്പോള്‍ സ്നേഹവും സന്തോഷഴും നിറഞ്ഞ മധുരജലം പുറത്തേക്കൊഴുകുന്നു. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതിന്റെ അര്‍ത്ഥമെന്താണ്? തുറക്കപ്പെടേണ്ട ഉള്‍ക്കണ്ണിനെ അതായത് മൂന്നാം കണ്ണിനെയാണ് സിന്ദൂരം പ്രതിനിധാനം ചെയ്യുന്നത്. മതങ്ങളെ സംബന്ധിച്ച് ആളുകള്‍ക്ക് ഭ്രാന്തമായ ചില വിശ്വാസങ്ങളുണ്ട്. അവര്‍ മതത്തിന്റെ അന്തഃസത്തയെ നഷ്ടപ്പെടുത്തുന്നു. മാതാപിതാക്കള്‍ തങ്ങളുടെ സംസ്കാരവും അടിത്തറയും മറന്നുപോയി എന്നതാണ് സത്യം.
വന്നിധികള്ക്ക് മുകളിലിരിക്കുന്ന ഭിക്ഷക്കാരാണ് നമ്മളെന്ന് ആദിശങ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ ഉള്ളില്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിശബ്ദതയുടെയും ഒരു നിധിതന്നെയുണ്ട്. പക്ഷേ, അസ്വസ്ഥമായ മനസ്സ് നമ്മെ ഭിക്ഷക്കാരെപ്പോലെ ജീവിക്കാനിടയാക്കുന്നു. നമ്മളെല്ലാം മറവിയുള്ള ആളുകളാണ്. നിങ്ങള്‍ ഭിക്ഷക്കാരനല്ല, ഒരാത്മാവാണെന്ന് സ്വയം ഓര്‍മ്മപ്പെടുത്തുക.
– സ്വാമി സുഖബോധാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: