കൊച്ചി: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധവും ഭാരതത്തെ വീണ്ടും വിഭജിക്കുന്നതിനുള്ള ഗൂഢാലോചനയുമാണെന്ന് വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ തൊഗാഡിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സംവരണം നല്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിശ്വഹിന്ദുപരിഷത്ത് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. പ്രക്ഷോഭം സംബന്ധിച്ച കാര്യങ്ങള്‍ പ്രതിനിധിസഭ തീരുമാനിക്കും.
പട്ടികജാതി പട്ടികവിഭാഗക്കാരുടെയും ഒബിസിയുടെയും സംവരണം കവര്‍ന്നെടുക്കുവാനോ ജനറല്‍ വിഭാഗത്തില്‍ സംവരണം നല്കുവാനോ വിഎച്ച്പി അനുവദിക്കില്ല. സാമൂഹ്യനീതിയും സമുദായസൗഹാര്‍ദ്ദവും തകര്‍ക്കുന്ന രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ടും സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടും തള്ളിക്കളയണമെന്ന് വിഎച്ച്പി ഓള് ഇന്ത്യ ഗവേണിംഗ് കൗണ്‍സില്‍ പാസാക്കിയ പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുറച്ച് മുസ്ലീങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ഒബിസി ക്വാട്ടയില്‍ നിന്നും ആറ് ശതമാനം ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇത് ഹിന്ദു പിന്നോക്ക വിഭാഗങ്ങളെ വഞ്ചിക്കലാണ്.
ഇതനുവദിക്കാനാവില്ല. 37 ശതമാനം ഒബിസി സംവരണത്തില്‍ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കണം. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് നല്‍കിവരുന്ന സംവരണം ഉടന്‍ പിന്‍വലിക്കണം. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ സ്വയംജാതിരഹിതമാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അവര്‍ക്ക് സംവരണം നല്‍കുന്നതെന്തിനാണ്. ഭരണഘടനാ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ഡോ. ബി.ആര്. അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, രാജഗോപാലചാരി എന്നിവര്‍ മതാടിസ്ഥാനത്തിലുള്ള സംവരണം അന്നേ തള്ളിക്കളഞ്ഞിരുന്നു. ഇസ്ലാമിലും ക്രിസ്ത്യാനികളിലും ജാതിയില്ല. അസ്പ്രശ്യതകളുമില്ല. ഷെഡ്യൂള്‍ഡ് ട്രൈബുകളില് നല്കുന്ന ക്രിസ്ത്യന്‍ സംവരണവും ഉടനെ നിര്‍ത്തലാക്കണം. മുസ്ലീം ക്രൈസ്തവ വോട്ട് ബാങ്കുകളില്‍ കണ്ണുനട്ട് ഇവരെ പ്രീണിപ്പിക്കുന്നതിനായി എന്തും ചെയ്യാന്‍ ഭരണാധികാരികള്‍ തയ്യാറായിരിക്കുകയാണ്. ഹിന്ദുസമൂഹത്തോടുള്ള വഞ്ചനക്കെതിരെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രചരണം നടത്തും.
വിശ്വഹിന്ദുപരിഷത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ് 2014. ജന്മാഷ്ടമി മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ബജ്രംഗ്ദളിന്റെയും വനിതാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം വിപുലമാക്കും. രാജ്യവ്യാപകമായി 33000 സേവാസംരംഭങ്ങള്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ഇത് രണ്ട് ലക്ഷം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത് ഹിന്ദുസമൂഹത്തെ മതംമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് പ്രതിരോധമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സ്വയംതൊഴില്‍ എന്നീ മേഖലകളില്‍ വിപുലമായ പ്രവര്‍ത്തനം ആരംഭിക്കും.
കേരളം അതിവേഗം കാശ്മീരായി കൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യും. കേരളത്തിലേക്ക് ഒഴുകി എത്തുന്ന ഹവാലപണം, തീരമേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍, മതഭീകരത എന്നിവയെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. കേരളത്തിന് പുറമെ ജമ്മുകാശ്മീര്‍, പശ്ചിമ ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, വടക്കേ ബീഹാര്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ശിഥിലീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ സമ്മേളനം ഗൗരവമായി കണക്കിലെടുക്കും.ഹിന്ദുസമൂഹത്തിന്റെ ഭക്ഷണം, തൊഴില്‍, സംവരണം എന്നിവ സംരക്ഷിക്കുവാന്‍ വിഎച്ച്പി വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഹിന്ദുസമൂഹത്തിലെ ഭിന്നതകള്‍ പരിഹരിക്കാനും വിവിധ ഹിന്ദുസംഘടനാ നേതാക്കന്മാരുമായി നിരന്തരം സമ്പര്‍ക്കം നടത്തും. എസ്സി, എസ്ടി, ഒബിസി എന്നിവരുടെ സംവരണം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമപോരാട്ടത്തിന് എല്ലാ സഹായവും നല്‍കും.
വിഎച്ച്പി ദേശീയ ഉപാധ്യക്ഷന്‍ കെ.വി. മദനന്, സെന്‍ട്രല്‍ ജോയിന്റ് സെക്രട്ടറി കാശി വിശ്വനാഥന്, സംസ്ഥാന പ്രസിഡന്റ് ബി.ആര്. ബാലരാമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: