തിരുവനന്തപുരം: പതിനാറാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മത്സരവിഭാഗത്തില്‍ പ്രേക്ഷക പ്രശംസ നേടിയത് രണ്ടു ചിത്രങ്ങള്‍. ചിലി-സ്പെയിന്-മെക്സിക്കന്‍ ചിത്രമായ ‘പെയിന്റിംഗ് ലെസ്സ’ണും തുര്‍ക്കി ചിത്രമായ ‘ബോഡി’യുമാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത്.
പാബ്ലോ പെരള്മാന് സംവിധാനം ചെയ്ത ‘പെയിന്റിംഗ് ലെസ്സണ്‍’ അസാധാരണമായ സിദ്ധികളുള്ള ഒരു കുട്ടിയുടെ ജീവിതം മനോഹരമായി ആവിഷ്ക്കരിക്കുന്നു. ചിലിയിലെ കലാപകാലത്ത് പതിമൂന്നാം വയസ്സില്‍ അപ്രത്യക്ഷനാകുന്ന കുട്ടി വരച്ച അപൂര്‍വ ചിത്രങ്ങള്‍ വിസ്മയം ജനിപ്പിക്കുന്നു. കുട്ടി ജീവിച്ചിരുന്നെങ്കില്‍ എത്രയോ വലിയ ചിത്രകാരനാകുമായിരുന്നു എന്നാണ് അവന്റെ പിതാവും വിശ്വസിക്കുന്നത്. 1973ലെ സൈനിക അട്ടിമറിയുടെ കാലത്ത് ചിലിയില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. കമ്യൂണിസം, ചിലിയുടെ സൗന്ദര്യം, പട്ടിണി, ഇവയെല്ലാം ചിത്രത്തിലൂടെ കടന്നു വരുന്നുണ്ട്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചു.
ശരീരത്തിന്റെ വിനിമയ സാധ്യതകള്‍ സൂക്ഷ്മമായി ആവിഷ്കരിച്ച തുര്‍ക്കിയില്‍ നിന്നുള്ള ‘ബോഡി’യാണ് പ്രേക്ഷകരുടെ മനംകവര്‍ന്ന മറ്റൊരു ചലച്ചിത്രം. വില്പനയ്ക്കു വിധേയമാക്കുന്ന ശരീരത്തിന്റെയും പ്രണയത്തിന് സമര്‍പ്പിക്കപ്പെടുന്ന ശരീരവും ആഹാരത്തിനുവേണ്ടിമാത്രം സൂക്ഷിക്കുന്ന ശരീരവും സിനിമയിലെ പ്രതിപാദ്യവിഷയങ്ങളാകുന്നു. ശരീരങ്ങളുടെ കഥപറയുന്നതിലൂടെ ബന്ധങ്ങളുടെ ശൈഥില്യവും മാതാപിതാക്കളുടെ ഇടപഴകലിലൂടെ കുട്ടികളനുഭവിക്കേണ്ടി വരുന്ന വേദനകളും പ്രണയത്തിന്റെ നഷ്ടങ്ങളും നേട്ടങ്ങളുമൊക്കെയാണ് സിനിമ അനുഭവിപ്പിക്കുന്നത്. അമിതാഹാരം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ സൃഷ്ടിക്കുന്ന ആരോഗ്യവും സാമൂഹ്യവുമായ പ്രശ്നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു. മുസ്തഫ നൂറിയാണ് ചിത്രത്തിന്റെ സംവിധായകന്.
പ്രേക്ഷക പുരസ്കാരത്തിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നതും ഈ രണ്ടു ചിത്രങ്ങള്ക്കുമാകും. ‘പെയിന്റിംഗ് ലെസ്സ’ണും ‘ബോഡി’യുമായാണ് പ്രേക്ഷക പുരസ്കാരത്തിന് മത്സരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ബംഗാളില്‍ നിന്നുള്ള അതിഥി റോയിയുടെ ‘അറ്റ് ദി എന്‍ഡ് ഓഫ് ഇറ്റ് ആള്’, പ്രശാന്ത്നായരുടെ ഹിന്ദി സിനിമ ‘ഡല്‍ഹി ഇന്‍ എ ഡേ’ എന്നീ ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരിച്ചത്. എന്നാല്‍ മത്സര വിഭാഗത്തിലെ വിദേശ ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രങ്ങള്‍ക്ക് ശരാശരി നിലവാരം പുലര്‍ത്താന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു.
കൊളമ്പിയ സിനിമ ‘ദി കളേഴ്സ് ഓഫ് ദി മൗണ്ടൈന്‍സ്’, ഇറാന് സിനിമ ‘ഫ്ലമിംഗോ നമ്പര്‍ 13’, മെക്സിക്കന്‍ ചലച്ചിത്രം ‘എ സ്റ്റോണ്‍സ് ത്രോ എവെ’ എന്നിവയാണ് മത്സരവിഭാഗത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ സിനിമകള്‍. പ്രമേയ വൈവിധ്യം കൊണ്ട് ശ്രദ്ധയമായ സിനിമകളായിരുന്നു ചൈനയില്‍ നിന്നുള്ള ‘ബ്ലാക് ബ്ലഡ്ഡും’, കെനിയന്‍ സിനിമ ‘ദി ഡ്രീംസ് ഓഫ് എലിബിദി’, അര്‍ജന്റീനയില്‍ നിന്നുള്ള സിനിമ ‘ദി ക്യാറ്റ് വാനിഷെസ്’ എന്നിവ. സുവര്‍ണ്ണ ചകോരം പുരസ്കാരം ആര്‍ക്കു ലഭിക്കുമെന്ന ചര്‍ച്ചകളും മേളയുടെ അന്ത്യഘട്ടത്തില്‍ സജീവമാണ്.
മത്സര വിഭാഗത്തില്‍ പ്രേക്ഷക പുരസ്കാരത്തിനുള്ള ചിത്രം തെരഞ്ഞെടുക്കുവാന്‍ വോട്ടിംഗ് ഇന്ന് ഉച്ചവരെയുണ്ടാകും. ഇത്തവണ ചലച്ചിത്രോത്സവത്തില്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമായ എടുത്തുപറയേണ്ട സിനിമകള്‍ ഉണ്ടായില്ലെന്നതാണ് പ്രത്യേകത. മുന്‍വര്‍ഷങ്ങളില്‍ സ്ഥിതി മറിച്ചായിരുന്നു. മേള പകുതിയിലെത്തുമ്പോള്‍ തന്നെ പ്രേക്ഷകരുടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്ന തരത്തില്‍ ഒരു ചലച്ചിത്രം ഉയര്‍ന്നു വരുമായിരുന്നു. അങ്ങനെ ഉയര്‍ന്നു വന്ന നിരവധി ചിത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നുണ്ട്.
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇറാനിയന്‍ ചിത്രം ‘നാദിര്‍ ആന്റ് സെമിന് എ സെപ്പറേഷന്‍’ ആണ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചത്. മനുഷ്യബന്ധങ്ങളുടെ കഥ ഹൃദയസ്പര്‍ശിയായി പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് അസ്ഗര്‍ ഫര്‍ഹാദിയാണ്. പ്രത്യേക പാക്കേജുകളില്‍ പ്രേക്ഷക പ്രശംസ നേടാന്‍ കഴിഞ്ഞത് ‘അറബ് വസന്ത’ത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്കാണ്. ഫുട്ബാള്കളിയുമായി ബന്ധപ്പെട്ടുള്ള ഏളു സിനിമകളും നല്ല നിലവാരത്തിലുള്ളതായിരുന്നു. ജപ്പാനില്‍ നിന്നുള്ള കയ്ദാന്‍ ഹൊറര്‍ ക്ലാസ്സിക്കുകള്‍ ഈ ചലച്ചിത്രമേളയുടെ പ്രത്യേകതയായിരുന്നു. പ്രേക്ഷകര്‍ ഈ ചിത്രങ്ങളില്‍ പുതുമ കണ്ടെത്തി.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: