കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് സൗഹൃദം സൃഷ്ടിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും മാത്രമായിരിക്കില്ല ഇനി ഉപകരിക്കുക. ആത്മഹത്യ തടയുന്നതിനും ഫേസ്ബുക്ക് മുന്നിട്ടിറങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനായി പുതിയ മാര്‍ഗം ഫേസ്ബുക്ക് കണ്ടെത്തിക്കഴിഞ്ഞു. ആത്മഹത്യ പ്രവണതയുള്ളവര്‍ക്ക് കൗണ്സിലറിനോട് രഹസ്യമായി ചാറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയില്‍ പ്രതിദിനം 100 പേരാണ് ആത്മഹത്യചെയ്യുന്നത്. ആത്മഹത്യാനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് പുതിയ മാര്‍ഗം അവലംബിച്ചിരിക്കുന്നത്. യഥാസമയത്തുള്ള ഇടപെടലാണ് ആദ്യം വേണ്ടത്. പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക് സന്ദേശരൂപത്തില്‍ ചാറ്റ് ചെയ്യാം. കൗണ്‍സിലറുമായി ഫോണിലൂടെ സംസാരിക്കുന്നതിനേക്കാള്‍ ഈ മാര്‍ഗം കൂടുതല്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.
വിവിധതരത്തിലുള്ള പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ ആരോടെങ്കിലും സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഫോണിലൂടെയുള്ള സംഭാഷണം ഇഷ്ടപ്പെടാത്തവരാണ് കൂടുതലെന്ന് നാഷണല്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ ലൈഫ്ലൈനിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടര്‍ ലിഡിയ ബര്നിക് അഭിപ്രായപ്പെടുന്നു.
ഏകദേശം 800 ദശലക്ഷം പേരാണ് ലോകവ്യാപകമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്ക് ശരിയായ സഹായം എത്രയും വേഗം നല്‍കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന് പബ്ലിക് പോളിസി മാനേജര്‍ ഫ്രെഡ് വോളന്‍സ് പറഞ്ഞു. ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് എഴുതിയതിനുശേഷം ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത് തടയുന്നതിനായി ഫേസ്ബുക്ക് മുന്നോട്ട് വന്നിരിക്കുന്നത്. 24 മണിക്കൂറും ഈ സേവനം ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: