കോതമംഗലം: നഗരത്തിലെയും, ഗ്രാമീണ മേഖലയിലെയും അഴുക്ക് ചാലുകള്വഴിയെത്തുന്ന മലിനജലമാണ് ശുദ്ധജലവാഹിയായിരുന്ന കോതമംഗലം കൂരൂര്തോടിന്റെ നാശത്തിന് പ്രധാനകാരണമെന്ന് വിദഗ്ധസമിതി കണ്ടെത്തി.
ഗ്രാമ-നഗര പ്രദേശങ്ങളില്‍ പ്രാഥമിക പഠനം നടത്തിയശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിക്ക് കൈമാറി, നഗരമദ്ധ്യത്തിലൂടെ ഒഴുകുന്ന കുരൂര്‍തോട് മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന് സെക്രട്ടറി ഡോ.വിന്നിവര്ഗീസ് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്.
തോട്ടില്‍ പതിക്കുന്ന അഴുക്ക് ചാലുകളിലേക്ക് നഗരത്തിലെ സ്വകാര്യആശുപത്രികളില്‍ നിന്നും മറ്റും വന്‍തോതില്‍ മാലിന്യമെത്തുന്നുണ്ടെന്നും ഇതുമൂലം തോട് എട്ട്സ്ഥലങ്ങളില് ഗണ്യമായതോതില്‍ മലിനപ്പെടുന്നുണ്ടെന്നും വിദഗ്ധ സമിതിയുടെ പ്രാഥമിക പഠനത്തില്‍ കണ്ടെത്തി.
ശുചീകരണ- ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ മുന്‍കൈയ്യെടുക്കണമെന്നും, മലിനീകരണത്തിന്റെ ഉറവിടവും പരിഹാരമാര്‍ഗ്ഗങ്ങളും സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ടെന്നും, തോടിന്റെ വിവിധ കേന്ദ്രങ്ങളില്‍ ജലസാമ്പിളുകള്‍ പരിശോധിച്ച് മലിനീകരണത്തിന്റെതോത് വിലയിരുത്തണമെന്നും സമിതിക്ക് നേതൃത്വം നല്കുന്ന അജയകുമാര്‍ വര്‍മ വ്യക്തമാക്കി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ത്ത അവലോകനയോഗത്തില്‍ അടിയന്തിരമായി തുടര്‍ന്നടപടികള്‍ ആരംഭിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു.
കുരൂര്‍തോട് സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കി ഗവണ്മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത ടി.യു.കുരുവിള എംഎല്‍എ അറിയിച്ചു. തോട്ടിലെ മലിനീകരണം തടയാന്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, അനധികൃതകയ്യേറ്റങ്ങള്‍ തിട്ടപ്പെടുത്താന്‍ സര്വ്വേനടത്തണമെന്ന് തഹസീല്‍ദാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കോതമംഗലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റും താലുക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിചെയര്‍മാനുമായ ദിനേശ് എം.പിള്ള വ്യക്തമാക്കി.
തോട്മലിനീകരണം തടയാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ ഇച്ഛാശക്തികാണിക്കണമെന്ന് എംഎ കോളേജ് അസോസിയേഷന് സെക്രട്ടറി ഡോ.വിന്നിവര്ഗീസ് നിര്‍ദ്ദേശിച്ചു.
ഡോ.ആര്.അജയകുമാര്വര്മ (സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ്) എം.ദിലീപ്കുമാര്(ഡയറക്ടര്‍, ശുചിത്വമിഷന്), ബൈജു എം.എ(എണ്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ്), ജയകുമാര്‍.പി, (ജയന്റീസ്റ്റ് ആന്റ് ഹെഡ്, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡിവിഷന്), ഡോ.എം.ജി.ഗ്രേഷ്യസ് (ഡീന്‍ ആന്റ് ഹെഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ എഞ്ചിനീയറിംഗ്, ഹോളികിംഗ്സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജി, പാമ്പാക്കുട) എന്നിവരാണ് വിദഗ്ധസമിതിയംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: