ശബരിമല: ശ്രീധര്‍മ്മശാസ്താവിന് പൂജയ്്ക്ക് ആവശ്യമായ പൂക്കള്‍ ശേഖരിക്കുന്നതിന് ഒരുക്കിയ ശബരി നന്ദനം പരിചരണമില്ലാതെ നശിക്കുന്നു.
ഭഗവാന് പൂജയ്ക്കാവശ്യമായിവരുന്ന മുഴുവന്‍ പൂക്കളും ശബരീശ സന്നിധിയില്‍ നിന്നും സംഭരിക്കുന്നതിന് വേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ശബരി നന്ദനം എന്ന പേരില്‍ മാളികപ്പുറത്തുനിന്നും പാണ്ടിത്താവളത്തേയ്ക്കുള്ള വഴിയരികില്‍ പൂന്തോട്ടം നിര്‍മ്മിച്ചത്. എന്നാല്‍ പൂന്തോട്ടം ഒരുക്കി വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നുവരേയും ശബരിമലയിലെ പൂജയ്ക്കാവശ്യമായ പൂക്കള്‍ ഇവിടെ നിന്നും ലഭിച്ചിട്ടില്ല. ഉദ്യാന പരിപാലനത്തിന് ആളില്ലാത്തതിനാല്‍ പൂന്തോട്ടം കാടുകയറിയും ഉണങ്ങിയും നശിക്കുകയാണ്. മഴമാത്രമാണ് ചെടികള്‍ക്ക് ഏക ആശ്വാസം.
റോസ, ജമന്തി, അരളി, തെറ്റി, തുളസി, കുറ്റിമുല്ല, തുടങ്ങിയ പൂജാ പുഷ്പങ്ങളായിരുന്നു നട്ടുവളര്‍ത്തിയിരുന്നത്. ഭഗവാന് പുഷ്പാഭിഷേകത്തിനുള്ള പൂക്കള്‍ കൂടി ശേഖരിക്കുകയായിരുന്നു ഉദ്യാനം വഴി ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. പൂന്തോട്ടങ്ങളില്‍ പൂജാപുഷ്പങ്ങളേക്കാള് പ്രിയം ഇന്ന് ഇല ചെടികള്‍ക്കാണ്. തീര്‍ത്ഥാടനക്കാലത്ത് മാത്രം ലഭിക്കുന്ന പരിചരണം മാത്രാണ് ശബരി നന്ദനത്തിന് ലഭിക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ പരിചരണം ലഭിക്കാതെ ചെടികള്‍ ഉണങ്ങിപ്പോകുകയും മറ്റുമാണ് . അതിനാല്‍ ഓരോ വര്‍ഷവും പുതിയ ചെടികള്‍ വെച്ചുപിടിപ്പിക്കേണ്ടതായും വരുന്നു.
പൂന്തോട്ടം നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പൂര്‍ണ്ണമായും പൂജാ പുഷ്പങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ഉദ്യാനമാക്കി ശബരി നന്ദനത്തെ മാറ്റി യെടുക്കാവാന് ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: