തിരുവനന്തപുരം: ഭീകര ബന്ധമുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ സസ്പെന്‍ഷനിലായിരുന്ന ഐ.ജി. ടോമിന് ജെ. തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചു. നിയമാനുസൃതമായാണ് തച്ചങ്കരിയെ നിയമിച്ചതെന്നും എന്‍.ഐ.എയുമായി ആലോചിച്ചുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കഴിഞ്ഞ ജൂലൈയിലായിരുന്നു തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. എന്നാല്‍ ഇതുവരെ ഇരു നിയമനവും തച്ചങ്കരിക്ക് നല്‍കിയിരുന്നില്ല. നിയമനം നല്‍കാതെ വെറുതേ ശമ്പളം നല്‍കുന്നത് ശരിയല്ലെന്ന് ധനവകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റ് ഫെഡിന്റെ എം.ഡിയായി തച്ചങ്കരിയെ കഴിഞ്ഞ ദിവസം നിയമിച്ചത്.
അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പടെ നിരവധി കേസുകള്‍ തച്ചങ്കരിക്കെതിരെയുണ്ട്. കണ്ണൂര്‍ റേഞ്ച് ഐ.ജിയായിരിക്കെയാണ് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തിരുന്നത്. പിന്നീട് വിദേശയാത്രയ്ക്കിടെ തീവ്രവാദ ബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കാണിച്ച് എന്‍. ഐ.എ തച്ചങ്കരിക്കെതിരെ അന്വേഷണവും നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തച്ചങ്കരിയുടെ സസ്പെന്ഷന് നീട്ടുകയും ചെയ്തിരുന്നു.
മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി രണ്ടാഴ്ച മുമ്പ് മുഹമ്മദ് ഹനീഷിനെ നിയമിച്ചിരുന്നെങ്കിലും പുതിയ സ്ഥനലബ്ധിയില് ഹനീഷ് അസന്തുഷ്ടി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാറ്റി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് എം.ഡിയായി നിയമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: