ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുള്ള മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 40,000 ത്തോളം വരുന്ന പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് ഗുണകരമായ നടപടിയാണിത്.
പുതുക്കിയ ആനുകൂല്യങ്ങള്‍ക്ക് 2010 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. യാത്രാ, ഭവന വാടക, ക്ഷാമബത്ത തുടങ്ങിയ മറ്റ് ആനുകൂല്യങ്ങള്‍ക്ക് ഗസറ്റില്‍ വിജ്ഞാപനം വരുന്ന ദിവസം മുതലും പ്രാബല്യമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താലേഖകരെ അറിയിച്ചു. പഴയ അടിസ്ഥാന ശമ്പളം, 2010 ജൂണ്‍ വരെ അനുവദിക്കപ്പെട്ട ഡിഎ, നേരത്തെ നല്കിക്കഴിഞ്ഞ ഇടക്കാലാശ്വാസത്തിന്റെ 30 ശതമാനം എന്നിവ അടിസ്ഥാനമാക്കിയാണ് പുതുക്കിയ ശമ്പളസ്കെയില്‍ തീരുമാനിച്ചിരിക്കുന്നത്.
മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പത്രങ്ങളെ എട്ട് വിഭാഗങ്ങളായും വാര്‍ത്താ ഏജന്‍സികളെ നാലായും തരംതിരിച്ചിട്ടുണ്ട്. 1000 കോടിക്കും അതിന് മുകളിലും വരുമാനമുള്ള പത്രങ്ങളാണ് ക്ലാസ് 1 കാറ്റഗറിയില്‍ വരിക. 500 കോടിയും മുകളിലും(രണ്ട്), 100 കോടിക്ക് മുകളിലും 500 കോടിക്ക് താഴെയും (മൂന്ന്), 50 കോടിക്ക് മുകളില്‍, 100 കോടിക്ക് താഴെ (നാല്), 10 കോടിയും അതിന് മുകളിലും, 50 കോടിയില്‍ താഴെയും (അഞ്ച്), അഞ്ച് കോടിക്ക് മുകളില്‍, 10 കോടിയില്‍ താഴെ (ആറ്), ഒരു കോടിയും അതിന് മുകളിലും, 5 കോടിയില്‍ താഴെയും (ഏഴ്), ഒരു കോടിയില്‍ താഴെ വരുമാനം (എട്ട്).
വാര്‍ത്താ ഏജന്‍സികളുടെ കാര്യത്തില്‍ 60 കോടി രൂപയും മുകളിലും വരുമാനമുള്ളവ ഒന്നാം കാറ്റഗറിയില്‍ വരും. 30-60 കോടി (രണ്ട്), 10-30 കോടി (മൂന്ന്), പത്ത് കോടിയില്‍ താഴെ (നാല്). എച്ച്ആര്‍എ യഥാക്രമം എക്സ്, വൈ, ഇസഡ് നഗരങ്ങള്‍ക്ക് 30, 20, 10 ശതമാനം നിരക്കിലായിരിക്കും. യാത്രാനുകൂല്യം 20, 10, 5 ശതമാനം നിരക്കിലുമാണ്. ഒന്ന്, രണ്ട് വിഭാഗത്തില്‍പ്പെടുന്ന പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 100 രൂപ വീതവും മൂന്ന്, നാല് വിഭാഗക്കാര്‍ക്ക് 75 രൂപ വീതവും അഞ്ച് മുതല്‍ എട്ടുവരെയുള്ളവര്‍ക്ക് 50 രൂപ വീതവും നൈറ്റ് ഷിഫ്റ്റ് അലവന്‍സ് കിട്ടും.
ഒന്ന്, രണ്ട് കാറ്റഗറികളില്‍പ്പെടുന്ന പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രതിമാസം 1000 രൂപ മെഡിക്കല്‍ അലവന്‍സ് കിട്ടും.
വിജ്ഞാപനത്തിനായി വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നിയമമന്ത്രാലയത്തിന്റെ പരിഗണനക്ക് അയച്ചതായി ഖാര്‍ഗെ പറഞ്ഞു. പെന്ഷന് പ്രായം ഉയര്‍ത്തല്‍, സമയബന്ധിത പ്രമോഷന്, പെന്ഷന് പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ അംഗീകരിച്ചിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: