താഴികക്കുടം മോഷണം: അഞ്ചുപേര്‍ അറസ്റ്റില്‍, പത്തുപേര്‍ കസ്റ്റഡിയില്‍
ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ താഴികക്കുടം മോഷ്ടിച്ച സംഭവത്തില്‍ ക്ഷേത്ര ഉടമസ്ഥാവകാശിയും കാവല്ക്കാരനുമുള്പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പ്രധാന സൂത്രധാരനടക്കം പത്തുപേര്‍ കസ്റ്റഡിയിലായതായി സൂചന.
ക്ഷേത്രത്തിന്റെ ഊരാണ്മാവകാശമുള്ള ചിത്രത്തൂര് മഠത്തില്‍ ശരത് ഭട്ടതിരി (37), ക്ഷേത്രസമീപവാസിയും ചില ദിവസങ്ങളില്‍ താഴികക്കുടത്തിനു കാവല്‍ നില്‍ക്കുകയും ചെയ്തിട്ടുള്ള പാണ്ടനാട് മുതവഴി കേളയില്‍ രഞ്ജിത്ത് (28), തൃശൂര്‍ ചാവക്കാട് ദേവസ്ഥാനം മന്ത്രവാദ കേന്ദ്രത്തിലെ മാള മുകുന്ദപുരം വടവ ചാറക്കാട്ട് വീട്ടില്‍ ജോഷി (48), ഇയാളുടെ സഹായി കൊയ്ലാണ്ടി തൃക്കോടി വെള്ളാകണി വീട്ടില്‍ രാമചന്ദ്രന് (രാമന്-45), ജോഷിയുടെ സഹോദരനും മന്ത്രവാദകേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമായ കൊടുങ്ങല്ലൂര്‍ മേത്തല കടുക്കച്ചുവട് ചാരക്കാട്ട് വീട്ടില്‍ അനീഷ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ സൂത്രധാരന്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല തറയില്‍വീട്ടില്‍ പി.ആര്.സുരേഷ് ഉള്‍പ്പെടെ പത്തോളം പേരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കേസ് നല്‍കിയിട്ടുള്ള പുത്തൂര്‍ ഊരുമഠത്തില്‍ അശോക് ഭട്ടതിരി പവര്‍ഓഫ് അറ്റോര്‍ണി നല്കി കഴിഞ്ഞ മൂന്ന് വര്‍ഷമായി കേസ് നടത്തുന്നയാളാണ് സുരേഷ്. ഇയാളുടെ നിര്‍ദ്ദേശപ്രകാരം ഇടനിലക്കാരായി താഴികക്കുടം വാങ്ങാനെത്തിയതായിരുന്നു ജോഷിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം. ഇവര്‍ പന്തളത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനുമുമ്പ് പല പ്രാവശ്യം ചെങ്ങന്നൂരിലെത്തി ശരത് ഭട്ടതിരിയുമായി സംഘം ചര്‍ച്ചനടത്തി. 4,000 കോടി രൂപ ഇതിന് വിലകിട്ടുമെന്നാണ് ഇടനിലക്കാര്‍ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ അഡ്വാന്‍സ് തുകയെ ചൊല്ലി ചര്‍ച്ച പലപ്പോഴും പരാജയപ്പെട്ടു.
ആദ്യം ഒരുകോടിരൂപയായിരുന്നു ശരത് അഡ്വാന്‍സായി ചോദിച്ചിരുന്നത്. എന്നാല്‍ തുക നല്കുമ്പോള് വസ്തു ഈടായി നല്കണമെന്നുള്ള ആവശ്യത്തില്‍ ഇടനിലക്കാര്‍ ഉറച്ചു നിന്നതോടെ പിന്നീട് 50 ലക്ഷമായും ഒടുവില്‍ 20 ലക്ഷത്തിന് ഉറപ്പിക്കുകയും 1,001 രൂപ അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തു. ബാക്കി തുക 19ന് നല്‍കാമെന്നായിരുന്നു കരാര്‍. താഴികക്കുടം എടുത്തു നല്കാന് രഞ്ജിത്തിനെയായിരുന്നു സംഘം ചുമതലപ്പെടുത്തിയിരുന്നത്. പ്രതിഫലമായി 10 ലക്ഷം രൂപയായിരുന്നു രഞ്ജിത്തിന് നല്‍കാമെന്നു പറഞ്ഞിരുന്നത്. ഇതില്‍ 50,000രൂപയും ഒരു മൊബെയില്‍ ഫോണും അഡ്വാന്‍സായി നല്‍കുകയും ചെയ്തു.
താഴികക്കുടത്തില്‍ ഇറിഡിയമുണ്ടോയെന്നു പരിശോധിച്ചതിനുശേഷം മോഷ്ടിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി 17ന് രാത്രിയില്‍ രഞ്ജിത്ത് പിവിസി പൈപ്പില്‍ അരികെട്ടി താഴികക്കുടത്തില്‍ മുട്ടിച്ച് പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താഴികക്കുടത്തിന്റെ മുകള്‍ ഭാഗം എടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്.
19ന് രാത്രി 11 മണിയോടെ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ക്ഷേത്രത്തില്‍ നിന്നും താഴികക്കുടത്തിന്റെ മുകള്‍ ഭാഗം ഒടിച്ചെടുത്തത്. മുന്‍കൂറായി 20 ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞിരുന്നയാള്‍ അവസാന സമയം പിന്മാറിയതിനാല് താഴികക്കുടം കൈമാറുവാന്‍ സാധിച്ചില്ല. ക്ഷേത്രത്തിനു സമീപം തന്നെ സൂക്ഷിച്ച താഴികക്കുടം പിടിക്കപ്പെടുമെന്നുറപ്പായതോടെയാണ് ഉപേക്ഷിക്കുവാന്‍ സംഘം തയ്യാറായതെന്നും പോലീസ് പറഞ്ഞു.
സമൂഹത്തിലെ പ്രമുഖരടക്കം നിരവധിപേര്‍ താഴികക്കുടം കച്ചവടത്തില്‍ ഇടനിലക്കാരുമായി നടന്ന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ജോഷിയെയും രാമചന്ദ്രനെയും അനീഷിനെയും തൃശൂരില്‍ നിന്നും ശരത്തിനെയും രഞ്ജിത്തിനെയും വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: