അങ്കാറ: തുര്‍ക്കിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്ത് വന്‍ നാശമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരണസംഖ്യ ഉയര്‍ന്നേക്കും.
തുര്‍ക്കിയിലെ വടക്കു-പടിഞ്ഞാറന്‍ നഗരമായ വാന്‍ കേന്ദ്രീകരിച്ചാണ് വന്‍ ഭൂകമ്പം ഉണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിനാളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ ഡേവിഡ് ഒ’ബയണ്‍ അറിയിച്ചു. കൂടുതലും കുര്‍ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ നഗരമാണ് വാന്‍. തലസ്ഥാനമായ അങ്കാറയില്‍നിന്ന് 1200 കിലോമീറ്റര്‍ അകലെയാണ് 3,80,000 ത്തോളം ജനങ്ങള്‍ വസിക്കുന്ന വാന്‍ നഗരം.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ അനുഭവപ്പെടുന്ന അതിശക്തമായ ഭൂകമ്പമാണ് ഇത്. ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നുവെന്ന് ഇസ്താംബൂളിലെ കാണ്ടില്ലി സീസ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. മുസ്തഫ എര്ഡിക് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിക്കേറ്റ ഒട്ടേറെപ്പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി അനാറ്റോളിയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വന്‍ മനുഷ്യനാശം ഉണ്ടായതായി ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി റിസപ് തയ്യിപ്പ് എര്‍ഡോഗന്റെ ഓഫീസ് അറിയിച്ചു. വാന്‍ പ്രവിശ്യയിലെ തബന്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇലികായ്നക്, ഗെഡിക്-ബുലാക് ഗ്രാമങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ട് രണ്ട് തുടര്‍ചലനങ്ങളും ഉണ്ടായതായി കാണ്ടില്ലി ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.വിമാനത്താവളത്തിനും കാര്യമായ നാശങ്ങള് ഉണ്ടായെങ്കിലും വ്യോമഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് വ്യോമയാന അധികൃതര്‍ അവകാശപ്പെട്ടു. ആദ്യത്തെ ഭൂകമ്പം 7.2 കിലോമീറ്റര്‍ (4.5 മെയില്‍) ആഴത്തിലും തുടര്‍ചലനം 20 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയതായി യുഎസ് ഭൗമശാസ്ത്രഞ്ജര്‍ അറിയിച്ചു.
ഭൂകമ്പപ്രദേശങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്ന് വാന്‍ മേയര്‍ ബെകിര്കായ ടിവി ചാനലിനോടു പറഞ്ഞു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും വാഹനങ്ങളും പരിഭ്രാന്തരായി ജനങ്ങള്‍ തെരുവുകളിലൂടെ ഓടുന്ന രംഗങ്ങളും ടിവി ചാനലുകള്‍ സംപ്രേഷണംചെയ്തു.
ഭൂകമ്പം വന്‍നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇവിടങ്ങളിലേക്ക് സര്‍ക്കാര്‍ ഉപഗ്രഹ ഫോണുകള്‍ അയച്ചിട്ടുണ്ട്. വാനില്‍ 10 കെട്ടിടങ്ങളും തൊട്ടടുത്ത എര്സിസ് നഗരത്തില്‍ 30 ഓളം കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞതായി ഉപപ്രധാനമന്ത്രി ബെസിര്‍ അടാലെയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
വടക്കു-പടിഞ്ഞാറന്‍ ഇറാനുമായുള്ള അതിര്‍ത്തിയിലും ഭൂചലനം അനുഭവപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി പരാമര്‍ശമില്ല. അതിശക്തമായ ചലനങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവിലിറങ്ങിയെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ജനസാന്ദ്രതയേറിയതും വ്യവസായങ്ങള്‍ നിറഞ്ഞതുമായ മേഖലയില്‍ 1999 ലുണ്ടായ രണ്ട് വന്‍ ഭൂകമ്പങ്ങളില്‍ 20,000 ത്തോളം പേര് കൊല്ലപ്പെട്ടിരുന്നു. 1976 ല്‍ വാന്‍ പ്രവിശ്യയിലെ കാല്ഡീരണ് നഗരത്തിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 3,840 പേരും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: