കോഴിക്കോട് : കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോള്‍ നടത്തിവരുന്ന സമരം അനവസരത്തിലുള്ളതും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. സമരത്തിന് നേതൃത്വം നല്കുന്ന എംപ്ലോയീസ് യൂണിയന് എന്ന സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് നിയമം അനുശാസിക്കുന്ന രീതിയില്‍ പരിഹാരം കാണാമെന്ന് നേതാക്കള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം ഉറപ്പുനല്‍കിയിട്ടുണ്ട്. വിഷയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ പ്രൊ വൈസ് ചാന്‍സലര്‍ ചെയര്‍മാനും സിണ്ടിക്കേറ്റിന്റെ വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍ അംഗങ്ങളുമായൊരു സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള വൈസ് ചാന്‍സലറുടെ അപേക്ഷ സംഘടനാ തേതൃത്വം തള്ളിക്കളയുകയായിരുന്നു.
2000 മാര്‍ച്ച് 25നാണ് അസിസ്റ്റന്റ് നിയമനത്തിന് മൂന് സിന്റിക്കേറ്റിന്റെ കാലത്ത് സര്‍വ്വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. 2002 മെയ് 14ന് തെരെഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു എന്ന് അന്നു തന്നെ വ്യാപകമായ പരാതിയുണ്ടായിരുന്നു. ഒരു ഉദ്യോഗാര്‍ഥി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ ഹൈക്കോടതി 2005 മെയ് 19-ന് ഉത്തരവിട്ടു.
2006 ജൂലൈ ഏഴിന് എല്‍ബി.എസ് മൂല്യനിര്‍ണ്ണയ പ്രകാരമുള്ള പട്ടിക പ്രസിദ്ധീകരിച്ചു. 444 പേരുണ്ടായിരുന്ന ഈ പട്ടികയില്‍ നിന്ന് നേരത്തെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന പലരും പുറത്തായി. ഒഴിവുള്ള തസ്തികകളില്‍ എംപ്ലോയ്മെന്റ് വഴി താല്‍ക്കാലിക നിയമനം നടത്താന്‍ മുന്‍ സിണ്ടിക്കേറ്റ് ശ്രമിച്ചപ്പോള്‍ ഹൈക്കോടതി അത് തടയുകയും എല്‍ബിഎസ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് അനുസരിച്ച് രണ്ടു മാസത്തിനകം നിയമനം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
ഹൈക്കോടതിയുടെ ഈ ഉത്തരവ് നിലനില്‍ക്കെയാണ് എല്‍ബിഎസ് റാങ്ക് ലിസ്റ്റ് വിപുലീകരിച്ച് 1465 ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന പട്ടിക മുന്‍ സിണ്ടിക്കേറ്റ് തയ്യാറാക്കിയത്. ആദ്യ പട്ടികയില്‍ ഉള്‍പ്പെടുകയും അതേസമയം എല്‍ബിഎസ് പട്ടികയില്‍ നിന്ന് പുറത്തുവിടുകയും ചെയ്തവരെ ഉള്‍ക്കൊള്ളിക്കാനായിരുന്നു അന്നത്തെ സിണ്ടിക്കേറ്റിന്റെ നീക്കം.
അതും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. എല്‍ബിഎസ് പട്ടിക അനുസരിച്ചു മാത്രമേ ഇന്റര്‍വ്യൂവും നിയമനവും നടത്താവൂ എന്ന് 2007 ജൂണ്‍ 11ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തൊട്ടടുത്ത ദിവസം വന്ന മറ്റൊരുത്തരവില്‍ 1465 പേരുടെ പട്ടിക അനുസരിച്ചുള്ള ഇന്റര്‍വ്വ്യൂ വേറെ തന്നെ നടത്തണമെന്നും അന്തിമ ഉത്തരവ് വന്ന ശേഷം മാത്രമേ പട്ടിക നിജപ്പെടുത്താന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു.
ഈ ഉത്തരവുകള്‍ നിലനില്‍ക്കെയാണ് വേണ്ടത്ര ജീവനക്കാരില്ല എന്ന കാരണം പറഞ്ഞ് 1465 പേരുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ അനുമതി ചോദിച്ചുകൊണ്ട് സര്‍വ്വകലാശാല വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. താല്‍ക്കാലിക നിയമനം നടത്താന്‍ കോടതി അനുവാദം നല്കി. ദിവസം 170 രൂപ തോതില്‍ 99 ദിവസത്തേക്കായിരുന്നു നിയമനം. എന്നാല്‍ ഈ താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്കുള്ള സേവന വേതന ആനുകൂല്യങ്ങള്‍ നല്‍കുകയാണ് അന്നത്തെ സിണ്ടിക്കേറ്റ് പിന്നീട് ചെയ്തത്. തങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിയവരെ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ സിണ്ടിക്കേറ്റ് കാണിച്ച താല്പര്യം ഇതില്‍ നിന്ന് വ്യക്തമാണ്.
അതേ സമയം 2009 ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ 1465 പേരുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ, അനുബന്ധ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിയവര്‍ കോടതിയെ സമീപിച്ചപ്പോള്‍, കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പോലും അന്നത്തെ സിണ്ടിക്കേറ്റ് നല്‍കിയില്ല. മാത്രമല്ല, താല്‍ക്കാലിക നിയമനം ലഭിച്ച 82 പേരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവരെ സ്ഥിരപ്പെടുത്താനും സിണ്ടിക്കേറ്റ് തീരുമാനിച്ചു. റാങ്ക് ലിസ്റ്റിലെ സ്ഥാനമോ സാമൂദായിക സംവരണമോ ഈ സ്ഥിരപ്പെടുത്തലില്‍ പാലിക്കപ്പെട്ടിട്ടില്ല. മുന്‍ സിണ്ടിക്കേറ്റിന്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും കേസിലുള്ള വിചാരണം നവംബര്‍ നാലിന് നടക്കും.
നിലവിലുള്ളതിലധികം തസ്തികകളില്‍ നിയമനം നടത്തിയതിന്റെ പേരില്‍ എല്‍.ഡി ടൈപ്പിസ്റ്റ് നിയമനത്തിനെതിരെയും കേസ് നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് അസിസ്റ്റന്റ് ഗ്രേഡ്, എല്‍ഡി ടൈപ്പിസ്റ്റ് തസ്തികകളില്‍ നടന്ന നിയമനങ്ങളില്‍, ക്രമരാഹിത്യം ആരോപിക്കപ്പെടുകയും കോടതിയില്‍ കേസു നിലനില്ക്കുകയും ചെയ്യുന്നവരുടെ കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്. നവംബര്‍ നാലിന് കേസ് വിചാരണക്ക് വരുന്നുമുണ്ട്. അതുവരെ തീരുമാനം കൈക്കൊള്ളാനാവില്ല എന്ന നിയമോപദേശമാണ് സര്‍വ്വകലാശാല സ്റ്റാന്റിങ്ങ് കൗണ്‍സില്‍ നല്‍കിയത്. സമരം ചെയ്യുന്ന സംഘടനാ പ്രതിനിധികളോട് വൈസ് ചാന്‍സലര്‍ അഭ്യര്‍ത്ഥിച്ചതും അതു തന്നെയായിരുന്നു.
ഈ വസ്തുതകളൊന്നും പരിഗണിക്കാതെയാണ് ജീവനക്കാര്‍ ഇപ്പോള്‍ സമരവുമായി മുന്നോട്ട് പോകുന്നതും, വൈസ് ചാന്‍സലറെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും സര്‍വ്വകലാശാലയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ അധിക്ഷേപിക്കുന്നതും. അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പു വെച്ച ശേഷമാണ് പലരും സമരം ചെയ്യുന്നത്. ഇങ്ങനെയുള്ളവരുടെ പേരു വിവരങ്ങള്‍ അറിയിക്കാന്‍ വകുപ്പുമേധാവിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികളുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: