പത്തനംതിട്ട: പോലീസ് വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ശബരിമല ദര്‍ശനത്തിന് സൗകര്യം ഏര്‍പ്പെടുത്താനുള്ള നീക്കം പരാതികള്ക്കിടയാക്കിയേക്കുമെന്ന് ആശങ്ക.മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്ന ഭക്തസഹസ്രങ്ങള്‍ ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തുനില്ക്കേണ്ടിവരുമ്പോള് പോലീസ് വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയെത്തുന്ന ഭക്തര്‍ക്ക് ചുരുങ്ങിയ സമയംകൊണ്ട് ദര്‍ശനം നടത്താനാകുമെന്നതാണ് പ്രത്യേകത.
അയ്യപ്പദര്‍ശനത്തിനുള്ള ഭക്തരുടെ നിര പലപ്പോഴും മരക്കൂട്ടവും കവിയാറുണ്ട്. എട്ടും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ദര്‍ശനത്തിനായി ഭക്തര്‍ കാത്തുനില്ക്കുമ്പോള് ഓണ്‍ ലൈന്‍ ബുക്കിംഗ് നടത്തിയെത്തുന്ന ഭക്തര്‍ പോലീസ് സഹായത്തോടെ ചന്ദ്രാനന്ദന്‍ റോഡിലൂടെ നടപ്പന്തലില്‍ മെറ്റല്‍ ഡിറ്റക്ടറിന് സമീപം എത്തിച്ചേരും. വണ്ടിപ്പെരിയാര്വഴി പുല്‍മേട് കടന്നെത്തുന്നവരില്‍ ഓണ്‍ലൈന്‍ ബുക്കിംഗുകാരുണ്ടെങ്കില് അവരേയും പോലീസ് സഹായത്തോടെ ക്യൂനിര്ത്താതെ നടപ്പന്തലില്‍ എത്തിക്കും. ഇത്തരത്തില്‍ കുറച്ചാളുകള്‍ക്ക് പ്രത്യേക സൗകര്യം ചെയ്തു കൊടുക്കുന്നത് ഭക്തരില്‍ പ്രതിഷേധമുളവാക്കാന് ഇടയാക്കും.
നടപ്പന്തല്‍ മുതല്‍ സാധാരണ ക്യൂ നിന്നെത്തുന്ന ഭക്തര്‍ക്കൊപ്പമാണ് ബുക്കിംഗ് നടത്തി എത്തുന്നവരേയും സന്നിധാനത്തേക്ക് ദര്ശനത്തിനയയ്ക്കുന്നതെന്നാണ് പറയുന്നത്. ഓണ്‍ലൈന്‍വഴി ബുക്കു ചെയ്യുന്ന ആയിരം പേരെ ഒരു മണിക്കൂറില്‍ ദര്‍ശനം നടത്തിക്കും. അതായത് ഓണ്‍ലൈന്‍ ബുക്കുചെയ്യാതെ മണിക്കൂറുകളോളം ദര്‍ശനത്തിനായി ക്യൂ നില്ക്കുന്ന ഭക്തരില്‍ ഒരു മണിക്കൂറില്‍ ആയിരം പേര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമില്ലാതാകുമെന്ന ആശങ്കയുമുണ്ട്.
ഇത്തരത്തില്‍ രണ്ടുതരം ഭക്തരെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം സൃഷ്ടിക്കുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തീര്‍ത്ഥാടക തിരക്ക് വര്‍ദ്ധിക്കുന്ന സമയത്ത് മരക്കൂട്ടത്തും മറ്റും തീര്‍ത്ഥാടകരെ വടം കെട്ടി തടയുമ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗിന്റെ രസീതുമായി എത്തുന്ന ഭക്തരെ ചന്ദ്രാനന്ദന്‍ റോഡിലൂടെ പോലീസ് കടത്തിവിടുന്നത് പ്രതിഷേധത്തിനും തുടര്‍ന്ന് പോലീസ് ഇടപെടലിനും ഇടയാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ശബരിമലയില്‍ എത്തുന്ന തീര്ത്ഥാടകരില്മഹാഭൂരിപക്ഷത്തിനും ഇന്റര്‍നെറ്റടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നവരാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പോലീസ് വെബ്സൈറ്റോ ഇന്റര്‍നെറ്റ് ഉപയോഗമോ അറിവില്ലാത്ത അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള സാധാരണക്കാരായ ഭക്തര്‍ക്ക് സന്നിധാനത്തെത്തിയാലും ദേവദര്‍ശനത്തിന് താമസം നേരിടുമെന്ന സന്ദേഹവും ഭക്തര്‍ പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: