തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 55ല്‍ നിന്ന് 60 ആക്കി കൂട്ടുമെന്ന് മന്ത്രി കെ.സി ജോസഫ് നിയമസഭയില്‍ പറഞ്ഞു. 14 ജില്ലകളിലും നോര്‍ക്ക ഓഫീസുകള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ നോര്‍ക്ക ഓഫിസുകളെ പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പീക്ക് സീസണുകളില്‍ എയര്‍ ഇന്ത്യ ചാര്‍ജ് വര്‍ധിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. പ്രവാസികളുടെ അംഗസംഖ്യ സംബന്ധിച്ച വ്യക്തമായ കണക്കുകളില്ല. ആധാര്‍ രജിസ്ട്രേഷനിലൂടെ ഇതു വ്യക്തമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രവാസി സര്‍വകലാശാലയ്ക്ക് അനുകൂലമായ സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 49 പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നു മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. കയര്‍, കൃഷി, ഡയറി തുടങ്ങിയ മേഖലകളില്‍ ഉത്പാദനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിനും വനം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്ക്കുമാണു മുന്‍ഗണന നല്കുകയെന്നു പി. അയിഷാപോറ്റി, എളമരം കരീം, എം. ചന്ദ്രന്, സി. കൃഷ്ണന്, കെ. രാജു എന്നിവരെ മന്ത്രി അറിയിച്ചു.
മിന്നല്‍പ്പണിമുടക്ക് നേരിടുന്നതിന് എല്ലാ ജില്ലകളിലും സ്ഥിര സംവിധാനത്തിനു രൂപം നല്‍കിയിട്ടുണ്ടെന്നു മന്ത്രി ഷിബു ബേബി ജോണ്‍, അബ്ദുറഹ്മാന് രണ്ടത്താണിയെ അറിയിച്ചു. അതതു കളക്ടര്‍മാര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനറുമായ സമിതിയില്‍ എസ്പി, ജില്ലയിലെ മൂന്നു സീനിയര്‍ ട്രേഡ് യൂണിയന് നേതാക്കളും ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസര്‍വകലാശാലയ്ക്കു കീഴില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് അനുവദിച്ച വിവരം ആരോഗ്യവകുപ്പിനു അറിയില്ലെന്നു വി.എസ്. സുനില്‍കുമാറിനെ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എന്‍ആര്‍എച്ച്എം പദ്ധതി പ്രകാരം സംസ്ഥാനത്ത് 239.20 കോടി ചെലവഴിച്ചിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാറിനെ മന്ത്രി അറിയിച്ചു.
ആറ്റിങ്ങല്‍, തിരുവനന്തപുരം ദേശീയപാതയില്‍ ജനുവരി മുതല്‍ സെപ്തംബര്‍ 30 വരെ 87 പേര് അപകടങ്ങളില്‍ മരിച്ചെന്നു ബി. സത്യനെ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: