ആലപ്പുഴ: പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റ ഭീഷണിയില്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി നൂറുദിവസം പിന്നിട്ടപ്പോഴേക്കും നൂറിലധികം ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, എന്‍ജിനീയര്‍മാരെയുമാണ് സ്ഥലം മാറ്റിയത്. കൂടുതല്‍പേര്‍ സ്ഥലംമാറ്റ ഭീഷണിയിലുമാണ്.
സ്ഥലം മാറ്റത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ വന്‍ പണപ്പിരിവ് നടത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ സംഘടന പരാതി നല്കി. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലംമാറ്റപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനെതിരെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പൊതുമരാമത്ത് വകുപ്പിലെ റോഡ് വിഭാഗത്തിലെ ഒരു എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ സ്ഥലമാറ്റത്തിന് 20 ലക്ഷം രൂപവരെയാണ് നേതാക്കള്‍ വാങ്ങുന്നതെന്നും ആക്ഷേപമുയര്‍ന്നു. ബില്‍ഡിങ് വിഭാഗത്തില്‍ ഇത് അഞ്ചുലക്ഷമാണ്. അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ സ്ഥലം മാറ്റത്തിനും അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്.
ലക്ഷങ്ങള്‍ നല്കി താല്പര്യമുള്ള സ്ഥലങ്ങളില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥരാണ് അഴിമതിക്ക് മുന്നിലെന്ന് അടുത്തിടെ ഒരു സര്‍വീസ് സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. റോഡ് വിഭാഗത്തിലെ എന്‍ജിനീയര്‍മാരുടെ കാര്യത്തില്‍ ഇത് റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായും കണ്ടെത്തി. ഒരു ലോഡ് ടാര്‍ കരാറുകാരന് കൊടുക്കുമ്പോള്‍ ഒരു വീപ്പ ടാറിന് 100 രൂപ വീതം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ‘പടി’ നല്‍കുന്നതായും കണ്ടെത്തിയിരുന്നു 60 വീപ്പ ടാറാണ് ഒരു ലോഡ്. അതായത് 6,000 രൂപ ഒരു കരാറുകാരന് കൈമടക്ക് നല്‍കണം. ഇത് റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: