“മൂകയാം ഗാന്ധാരി കുമ്പിട്ടു നില്ക്കുന്നൊ
രേകാന്തമാകും ഹിരോഷിമയ്ക്കപ്പുറം
മാലാഖമാരേ, പൊറുക്കുവിന്‍ വീണ്ടുമാ,
കാല്‍വരിക്കുന്നിലെന്‍ ഗാന്ധിയെ കൊന്നു ഞാന്‍”
ചോരയും നീരും വീണ് ജീവപ്രാണനാകെ പൊടിക്കാറ്റായിത്തീര്‍ന്ന കൂട്ടക്കുരുതികളുടെ ഇങ്ങേത്തലയ്ക്കലേയ്ക്ക് ഒരു ദിവ്യപുരുഷന്റെ അകാലചരമത്തെ ഉപായത്തിലൊന്ന് ഉപസംഹരിക്കുകയായിരുന്നു പ്രൊ.ജി.കുമാരപിള്ള. നിരര്‍ത്ഥകമായ സാമൂഹ്യാവസ്ഥയില്‍ പരിതപിച്ചും കാപട്യത്തിന്റെ ജീവനാംശത്തെ എന്നും നിരാകരിച്ചും മുന്നേറിയിരുന്ന ഗാന്ധിയന്‍. ത്യാഗമെന്നതേ നേട്ടമെന്ന് ഉദ്ഘോഷിച്ച തേജോമയനായ മഹാത്മാവിന്റെ നിസ്തന്ദ്രമായ ആത്മവീര്യവും ജീവിതവൃത്തിയും സദ്ചിന്തകളും പോരാട്ടവും രാഷ്ട്രത്തെ ധന്യമാക്കി. എന്നിട്ടും നന്ദികേടുകൊണ്ടു തൊട്ടുവണങ്ങിയ അപമൃത്യു വരുംകാലങ്ങളിലും വാഗ്വാദങ്ങളുടെ ഖാനിയാവുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? എന്തോ; വിലാപങ്ങള്‍ക്കപ്പുറം സാന്ദ്രമായ ദുഃഖത്തിന്റെ മൗനമുദ്രകളെ ഉല്ലംഘിക്കുന്ന മൃത്യുപൂജ ആപേക്ഷികമോ, ആലങ്കാരികമോയെന്ന് സന്ദേഹിക്കുകയാണ് വര്‍ത്തമാനകാലം.
ആധികാരിക രേഖകളെ മറച്ചുനിര്‍ത്തി ഗാന്ധിവധത്തെ വര്‍ഗവിദ്വേഷത്തിന്റെ എലുകയില്‍പ്പെടുത്താന്‍ താല്‍പ്പര്യമേറുകയാണ് ചിലര്‍ക്കെങ്കിലും; പ്രത്യേകിച്ച് കോണ്‍ഗ്രസിന്. അല്ലെങ്കില്‍ കൊള്ളമുതല്‍ തിട്ടപ്പെടുത്തുന്ന ലാഘവത്തോടെ ചരിത്രത്തെ വെട്ടിത്തിരുത്താനുള്ള ഈ ശ്രമം എന്നേ തുടങ്ങിയതാണ്. 1948 ജനുവരി 30 വെള്ളിയാഴ്ച സായാഹ്നത്തില്‍ മഹാത്മജിയുടെ തിരുനെഞ്ചിലേക്ക് ബെറെറ്റ തോക്കിന്റെ കാഞ്ചിവലിച്ച മതഭ്രാന്തിനെ ഹൈന്ദവതയില്‍ ഘടിപ്പിക്കേണ്ടതുണ്ടോ? നാഥുറാം വിനായക ഗോഡ്സെയുടെ തീരുമാനത്തെ ആശിര്‍വദിക്കാന്‍ ‘ഏള്‍സ്റ്റാന്‍ലിഗാര്‍ഡ്നറുടെ’ ഡിറ്റക്ടീവ് കഥകളിലെ കഥാപാത്രമെയുണ്ടാവൂ! എന്നും ഭഗവദ്ഗീത വായിച്ചിരുന്ന ഗോഡ്സെ അവസാനമായി വായിച്ചതും ‘പെറിമേസണ്‍’ ഡിറ്റക്ടീവ് നോവലായിരുന്നു.
അന്ന് ഉച്ചവിശ്രമത്തിനുശേഷം പന്ത്രണ്ടോളം അഭിമുഖ സംഭാഷണങ്ങള്‍ക്ക് അവസരം നല്കിയ മഹാത്മജി ഒടുവില്‍ വല്ലഭ്ഭായി പട്ടേലിനും അനുവദിച്ചു കുറച്ചു സമയം. അരക്കെട്ടിലുറപ്പിച്ച എട്ട് ഷില്ലിംഗ് വിലയുള്ള ഇംഗര്‍സോള്‍ വാച്ചിനോട് അപ്പോഴും നീതി കാണിക്കാനായില്ല. വൈകിയാണെങ്കിലും വൈക്കോല്‍ കിടക്കയില്‍നിന്നും പിടഞ്ഞെണീറ്റ ഗാന്ധിജി പട്ടേലിനോട് യാചിച്ചു. ദൈവനിയോഗത്തിന് ഞാന്‍ പോകേണ്ട സമയമായി. അതായിരുന്നില്ലെ ആത്മീയ ജീവിതത്തിന്റെ പ്രതിപുരുഷന് അവസാനമായി സമര്‍പ്പിച്ച സത്യവാങ്മൂലവും. എന്നിട്ടുമെന്തേ പ്രതിനായകന്റെ ചിത്തവൃത്തിക്ക് സംഘപരിവാറിന്റെ അനുബന്ധം?
യാഥാര്‍ത്ഥ്യങ്ങളോട് കിന്നരിക്കാന്‍ മറക്കുന്നവര്‍ ചരിത്രത്തെ പ്രതിരോധിക്കുമ്പോള്‍ അറിവാളുന്നവര്‍ അടങ്ങിയിരിക്കില്ല. ഉന്നതനീതിപീഠത്തില്‍ വിരാജിച്ച ജസ്റ്റിസ് കെ.ടി.തോമസിന്റെ പ്രതികരണവും അത്തരത്തിലൊന്നായിരുന്നു. ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കുന്ന അപകടകരമായ പ്രചാരണം അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആര്‍എസ്എസ് ന്യൂനപക്ഷ വിരുദ്ധപ്രസ്ഥാനമാണെന്ന ആക്ഷേപവും നിന്ദ്യമെന്നായിരുന്നു മറ്റൊരു സൂചന. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുള്ളതായി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തിയിട്ടില്ല. കൊച്ചി മഹാനഗരം സംഘടിപ്പിച്ച ഗുരുദക്ഷിണ മഹോത്സവ സമാപനസമ്മേളനത്തിലാണ് ഈ പരാമര്‍ശമുണ്ടായത്.
‘ആണ്ടേയ്ക്കൊരിക്കല്‍ ഒരാഗസ്റ്റ് പതിനഞ്ചിനരുമയായ് നുണയുന്ന മധുര’മായി മാത്രം ഗാന്ധിനാമത്തെ വാഴ്ത്തുന്നവര്‍ക്ക് രുചിക്കുന്നതായിരുന്നില്ല ഇതൊന്നും. ആദ്യം കോമരം തുള്ളിയതും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയായിരുന്നു. ഉന്നത നീതിപീഠത്തിലെ പദവി അലങ്കരിച്ച വ്യക്തി ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ മിതത്വം പാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മഹാത്മാഗാന്ധിയുടെ ഘാതകരെ വെള്ള പൂശാന്‍ ശ്രമിക്കരുതെന്നൊരു താക്കീതും. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പരിശോധനയിലും ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിലും കണ്ടെത്താത്ത എന്തെങ്കിലുമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല ഹാജരാകണമെന്നായിരുന്നു ജ.കെ.ടി.തോമസ് പ്രതിവചിച്ചത്. കെപിസിസി പ്രസിഡന്റിന്റെ തുള്ളലിന് പിന്നെയും അകമ്പടിക്കാരുണ്ടായി!
ദാരുണമായ നിലപാടുകളില്‍ ഉരുവം കൊള്ളുന്ന മുന്‍വിധികളും ധാരണകളുമായി ഇറങ്ങിത്തിരിക്കുന്നവര്‍ ചിലപ്പോഴൊക്കെ ആഘോഷിക്കുന്നത് അസംബന്ധങ്ങളുടെ തിരുപ്പിറവിയാണ്. ഖാദിവസ്ത്രങ്ങളില്‍ നിഴലിക്കുന്ന ശുഭ്രചാരുതയില്‍ മാത്രം ഗാന്ധിസത്തെ ആലിംഗനം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ പഴിക്കാനെയാവൂ! യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ ചൊടിച്ചതും മറ്റൊന്നായിരുന്നില്ല. വിചിത്രമായ ചരിത്രവാദമുന്നയിച്ച ജ.കെ.ടി.തോമസ് മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നായിരുന്നു. സുവര്‍ണക്ഷേത്രം കൈയേറിയവരും ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ കലാപമഴിച്ചുവിട്ടവരും ചെയ്തതും ചെയ്യാത്തതും എന്തെന്ന് വിഷ്ണുനാഥിന് അറിവില്ലെന്ന് വരുമോ?
വന്യമായ സംസ്കൃതിയുടെ പ്രസാരണ നഷ്ടത്താല്‍ കുമ്പസാരിക്കുന്ന ദേശീയ ബോധം രാഷ്ട്രപിതാവിനെ മറയാക്കുന്നതും കോണ്‍ഗ്രസിനെ മതിഭ്രമത്തിലാക്കുന്നില്ല. വി.മധുസൂദനന്‍നായര്‍ ‘ഗാന്ധി’യില്‍ രേഖപ്പെടുത്തിയതിലെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഒന്നു പരതേണ്ടതായിരുന്നു.
‘കുഞ്ഞിന്നു കൊറ്റിനായ് മേനി വില്‍ക്കും തെരുവു
പെണ്ണിനൊരു മറയാണ് ഗാന്ധി
അളയറ്റയുവതയ്ക്കു ബോധം പുകയ്ക്കുവാന്‍
തണലുള്ളൊരിടമാണ് ഗാന്ധി
നീതിക്കു വിലകൂട്ടിവില്‍ക്കുന്ന സേവന
ച്ചതികള്‍ക്കുടുപ്പാണ് ഗാന്ധി
ഏതുരക്ഷസിനും ദേവതയാകുവാ-
നോതുന്ന പേരാണ് ഗാന്ധി’
ഉറകൂടുന്ന നാട്ടുമര്യാദകളെ ലംഘിക്കുന്ന സമൂഹത്തില്‍നിന്ന് ഓടിമാറുന്ന കോണ്‍ഗ്രസും കെപിസിസി പ്രസിഡന്റും ധാര്‍മികത ചുഴറ്റുകയാണ്. ഗാന്ധിഘാതകനെ കേന്ദ്രീകരിച്ച്, തലപ്പൊക്കം കാണാത്ത തവണക്കാരന്മാര്‍ക്ക് കുറച്ചുകാലത്തേക്കെങ്കിലും ഇതില്‍ പിടിച്ചുതൂങ്ങാം. മഹത്തായ മൃത്യുവിനെ ഉപാസിക്കേണ്ടവര്‍ ഇപ്പോള്‍ അപഹസിക്കുന്നത് ആരെയാണ്?
വി.എ. ശിവദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: