ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന ഭരണകൂടത്തോടും ദല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് സഞ്ജീവ് ഖാന്നയും അടങ്ങുന്ന ബെഞ്ചാണ് ഇതുവരെ നല്കിയ നഷ്ടപരിഹാര തുകയുടെ വിവരങ്ങളും മുറിവേറ്റവരുടെ പുനരധിവാസ നടപടികളെക്കുറിച്ചും അറിയിക്കാന്‍ ആവശ്യപ്പെട്ടത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവസരത്തിനൊത്തുയര്‍ന്ന് സ്ഥിതിഗതികള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് വേര്പാടുമൂലമുണ്ടാവുന്ന വേദന നികത്താനാവില്ലെങ്കിലും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ദല്‍ഹി ഹൈക്കോടതി പരിസരത്തുണ്ടായ സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ ദല്‍ഹി ഹൈക്കോടതി പരിസരത്തുനടന്ന സ്ഫോടനത്തെപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും കേസില്‍ ഇതുവരെ ഏതാനും പേരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞതായും ആഭ്യന്തര സെക്രട്ടറി ആര്.കെ. സിങ്ങ് അറിയിച്ചു. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചുവരികയാണെന്നും തല്ക്കാലം ഇതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകാശ്മീരില്‍ നിന്നുമാണ് ഏതാനും പേര് പിടിയിലായിട്ടുള്ളത്. കേസന്വേഷണത്തെ ദോഷകരമായി ബാധിക്കാമെന്നതിനാല്‍ തല്ക്കാലം ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ല, സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തെത്തുടര്‍ന്ന് അയച്ച ഇമെയില്‍ സന്ദേശവുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.
നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡുകളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള സൂചനകള്‍ നല്കുന്നവര്ക്കുള്ള പാരിതോഷികം കഴിഞ്ഞ ദിവസം ഏജന്‍സി 10 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: