കൂരോപ്പട: ഒരിടവേളയ്‌ക്കുശേഷം കൂരോപ്പടയില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമം. പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകനായ പുലിക്കുഴിയില്‍ വിനോദിനെ(33) പരിക്കുകളോടെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മില്‍നിന്നും വിട്ട് യുവമോര്‍ച്ചയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്ന യുവാവിനാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മര്‍ദ്ദനമേറ്റത്. നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിലേക്ക് പോലീസ് പരിഗണിക്കുന്നതുമായ കൂരോപ്പട പുലിയുറുമ്പില്‍ സുരാജ്(28),മാതൃമല കളപ്പുരയ്‌ക്കല്‍ ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് വിനോദിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചത്. പാമ്പാടി സ്റ്റേഷനിലെ പോലീസുകാരനെ കൂരോപ്പട കവലയിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള കേസിലെ പ്രതിയാണ് സുരാജ്. സുരാജിനെ പിടികൂടാന്‍ പോലീസിന് ഭയമാണെന്നാണ് പോലീസുകാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നത്. അക്രമത്തിനു ശേഷം ഇരുവരും സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന മാരുതി കാറില്‍കയറി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വിനോദിനെ രാത്രിതന്നെ പാമ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാടി സി.ഐ,എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി. എന്നാല്‍ പ്രതികള്‍ പിന്നീട് പരസ്യമായി പോലീസിനു മുന്നിലൂടെ പലതവണ കൂരോപ്പടയിലുടെ സഞ്ചരിച്ചിട്ടും പിടികൂടാന്‍ ശ്രമിച്ചില്ല. നിരവധി തവണ ചര്‍ച്ചകള്‍ നടത്തി സമാധാനത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന കൂരോപ്പടയില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും തടയുമെന്ന് ആര്‍എസ്‌എസ് പാമ്പാടി താലൂക്ക് കാര്യകാരി മുന്നറിയിപ്പു നല്‍കി. അക്രമികളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും കാര്യകാരി പ്രസ്താവിച്ചു. രണ്ടാഴ്ച മുമ്പാമ് സിപിഎം നിലപാടുകളില്‍ പ്രതിഷേധിച്ച് ഇരുപതോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പാര്‍ട്ടിവിട്ടു വന്നവരെ ഭയപ്പെടുത്തി പിന്‍തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: