മട്ടാഞ്ചേരി: കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് സമഗ്രമാറ്റങ്ങളുണ്ടാക്കിയ നവോത്ഥാന ചരിത്രം ജനങ്ങളിലെത്തിക്കുവാനുള്ള നവോത്ഥാന മ്യൂസിയം പദ്ധതി പ്രഖ്യാപനത്തിലെതുങ്ങി. പൈതൃകനഗരിയില് ഒരു വര്‍ഷം മുമ്പാണ് കേരള നവോത്ഥാന മ്യൂസിയ നിര്‍മാണത്തിനുള്ള പ്രഖ്യാപനം നടന്നത്. ഫോര്‍ട്ടുകൊച്ചിയിലെ ശ്രദ്ധേയ പൈതൃക വാസ്തു കെട്ടിടമായ ബാസ്റ്റന് ബംഗ്ലാവിലാണ് സര്‍ക്കാര്‍ സാംസ്ക്കാരികവകുപ്പ് നവോത്ഥാനമ്യൂസിയം ഒരുക്കുവാന്‍ തയ്യാറെടുത്തത്. 2010 ജൂലായ് 17ന് സംസ്ഥാന- കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തില്‍ നവീകരിച്ച ബാസ്റ്റ്യന്‍ ബംഗ്ലാവിന്റെ ഉദ്ഘാടനവും, നവോത്ഥാനമ്യൂസിയം നിര്‍മാണ ഉദ്ഘാടനവും നടന്നിരുന്നു. ആര്മാസത്തിനകം പ്രവര്‍ത്തനം തുടങ്ങുവാനും ഒരുവര്‍ഷത്തിനകം പൂര്ണസജ്ജമാക്കുവാനുള്ള പദ്ധതി 13 മാസം പിന്നിട്ടിട്ടും പ്രാരംഭദശയില്തന്നെയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അവഗണനയും, ശ്രമങ്ങള്‍ക്ക് തിരിച്ചടിയുമേറ്റതോടെ നവോത്ഥാന മ്യൂസിയത്തിന്റെ ഗതി അതോഗതിയിലായിരിക്കുകയാണെന്നു പറയുന്നു.
കൊച്ചിരാജാവും പോര്ച്ചുഗീസുകാരുംതമ്മിലുള്ള ആദ്യകാലബന്ധത്തിന്റെ സ്മാരകമാണ് ഫോര്‍ട്ടുകൊച്ചി തീരദേശത്ത് ചൈനീസ് വലകള്‍ക്ക് സമീപമുള്ള ബാസ്റ്റ്യന്‍ ബംഗ്ലാവ്. 1503-ല്‍ നിര്‍മിച്ച കോട്ട 1663ല്‍ ഡച്ചുകാര്‍ പിടിച്ചടക്കി തകര്‍ത്ത ബാസ്റ്റ്യന്‍ ബംഗ്ലാവ് നിലനിര്‍ത്തി. ഇന്‍ഡോ ഡച്ച് വാസ്തുശില്പ ശൈലിയിലുള്ള ബംഗ്ലാവ് ഡച്ച് പട്ടാളമേധാവികളുടെ താമസ്ഥലമാക്കിമാറ്റി ചെങ്കല്ല്, കുമ്മായം, തടി, ഓട്, ഇഷ്ടിക എന്നിവയാല്‍ നിര്‍മിച്ച ബാസ്റ്റ്യന്‍ ബംഗ്ലാവ് 21-ാം നൂറ്റാണ്ടിലും കാര്യമായ കേടുകൂടാതെ നിലനില്‍ക്കുന്നത് പരമ്പരാഗത വാസ്തു ശില്പകലയുടെ നേട്ടമായാണ് വിശേഷിപ്പിക്കുന്നത്.
1808-ല്‍ വേലുത്തമ്പിയും പാലിയത്തച്ചനും സംയുക്തമായുള്ള കോട്ട ആക്രമണത്തില്‍ ബംഗ്ലാവിന് അടിയിലുള്ള ഗുഹാമാര്മാണ് മെക്കാളെ പ്രഭു രക്ഷപ്പെട്ടത്. സ്വാതന്ത്ര്യനന്തരം സര്‍ക്കാര്‍ അധീനതിയിലായ ബാസ്റ്റ്യന്‍ ബംഗ്ലാവ് ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷനല്‍ ഓഫീസര്‍മാരുടെ താമസസ്ഥമാക്കിമാറ്റിയതോടെ അറ്റകുറ്റപണികള്‍ നടത്താതെ തികഞ്ഞ അവഗണനയുമായി തകര്‍ന്നുതുടങ്ങിയിരുന്നു. ഫോര്‍ട്ടുകൊച്ചി മേഖല പൈതൃക നഗരിയായി പ്രഖ്യാപിച്ചതോടെ പഴയകാല കെട്ടിടങ്ങളുടെ നിലനില്പിനായുള്ള പദ്ധതിയില്‍ ബാസ്റ്റന് ബംഗ്ലാവിനും ശാപമോഷമായി. 1999ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ബാസ്റ്റ്യന്‍ ബംഗ്ലാവില്‍ നിന്ന് 2008ല്‍ താമസക്കാരെയും കൂടിയിറക്കി. തുടര്‍ന്ന് 60 ലക്ഷം രൂപ ചിലവില്‍ നവീകരിച്ചാണ് നവോത്ഥാന മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്.
ആധുനികസങ്കേതിക വിദ്യകളുമായി ചരിത്രസ്മാരകമായ ബാസ്റ്റിന് ബംഗ്ലാവില്‍ ഉയരുന്ന നവോത്ഥാനമ്യൂസിയം ഗവേഷകര്‍ക്കും- വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രകാരന്മാര്ക്കും വലിയൊരു മുതല്കുട്ടായിരിക്കുമെന്നായിരുന്നു മന്ത്രിതല പ്രഖ്യാപനങ്ങള്‍. ജനകീയ സഹകരണത്തോടെ നടപ്പിലാക്കുന്ന മ്യൂസിയത്തില്‍ സംസ്ക്കാരം-ചരിത്രം-വിനോദസഞ്ചാരം എന്നിവയുമായിബന്ധപ്പെട്ടുള്ള പുരാരേഖാ പ്രദര്‍ശനമായിരിക്കും നടക്കുകയെന്നും, കൂടാതെ ദൃശ്യ-ശ്രാവ്യ പരിപാടി (ലൈറ്റ്-സൗണ്ട് ഷോ)യും ഒരുക്കുമെന്നും കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസും, സാംസ്കാരികമന്ത്രിയായിരുന്ന എം.എ.ബേബിയും പറഞ്ഞു.
കേരളത്തിലെ നവോത്ഥാന കാലഘട്ടത്തെ പഴയകാലചരിത്രം, പാലിയംസമരം, സഹോദരന് അയ്യപ്പന്റെ പന്തിഭോജനം, മുസരീസ്സ് പദ്ധതിയും, ഖാനനറിപ്പോര്ട്ടുകളും തുടങ്ങി ആധുനിക കാലഘട്ടത്തിലെ സംഭവങ്ങളും പ്രദര്‍ശനത്തില്‍ ലക്ഷ്യമിട്ടിരുന്നു. നവോത്ഥാന മ്യൂസിയത്തിനായി സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ് നടത്തിയ പ്രദര്‍ശന-ചരിത്ര- സാംസ്ക്കാരിക രേഖാ -വാസ്തു ശേഖരണ ശ്രമത്തിന് ജനങ്ങളില്‍ നിന്നും കാര്യമായ പ്രതികരണവുമുണ്ടായില്ല. സര്‍ക്കാരിന്റെ അലസതയും, പുരാവസ്തു വകുപ്പിന്റെ അവഗണനയും സാംസ്ക്കാരികവകുപ്പിന്റെ അലംഭാവവും മൂലം പൈതൃക നഗരിയിലുയരേണ്ട നവോത്ഥാന മ്യൂസിയം ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭഘട്ടത്തില്‍തന്നെ നില്‍ക്കുകയാണ്. ഇതിനായി നവീകരിച്ച ബാസ്റ്റ്യന്‍ ബംഗ്ലാവ് പൈതൃകസ്മാരക ബോര്‍ഡ് മുന്നറിയിപ്പുമായി അടഞ്ഞുകിടക്കുകയും ചെയ്യുന്നു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: