ന്യൂദല്‍ഹി : പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സരബ്ജിത്ത് സിങ്ങിനെ മാനുഷിക പരിഗണനയുടെ പേരില്‍ വിട്ടയയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ 1990ല്‍ ബോംബ് സ്ഫോടനം നടത്തിയെന്നാരോപിച്ചാണ് ഇന്ത്യക്കാരനായ സരബ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
രാജ്യ സഭയില്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയാണ് സരബിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. സരബിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഏതു നടപടിയും സ്വീകരിക്കും. സരബിന്റെ ദയാഹര്‍ജി പാക് പ്രസിഡന്റിന്റെ പരിഗണനയിലാണ്. ലാഹോറില്‍ മൂന്നും മുള്ട്ടണില് ഒരു ബോംബ് സ്ഫോടനവും നടത്തിയെന്നാണ് കേസ്. പാക് ജയിലില്‍ കഴിയുന്നവരുടെ അടുത്ത ബന്ധുക്കള്‍ക്കു മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്നു കൃഷ്ണ പറഞ്ഞു.
558 ഇന്ത്യക്കാര്‍ പാക് ജയിലില്‍ കഴിയുന്നുണ്ട്. ഇവരില്‍ 232 പേര് സാധാരണക്കാരും 252 പേര് മത്സ്യത്തൊഴിലാളികളുമാണ്. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിച്ച 74 പേരും പാക് ജയിലില്‍ കഴിയുന്നുണ്ട്. ഇവരില്‍ 54 പേര് 1971 നു ശേഷം പിടിയിലായ യുദ്ധ തടവുകാരാണ്.
2010ല്‍ 454 മത്സ്യത്തൊഴിലാളികളെയും 19 സാധാരണക്കാരെയും പാക്കിസ്ഥാന് മോചിപ്പിച്ചു. ഈ വര്‍ഷം 103 മത്സ്യത്തൊഴിലാളികളെയും 12 സാധാരണക്കാരെയുമാണ് മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: