ചെറിയ കുട്ടികളുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വം എത്രവലുതാണെന്ന് എല്ലാവര്‍ക്കുമറിയാം. അതിലൊരാള്‍ ഭിന്നശേഷിയുള്ളയാള്‍ കൂടിയാണെങ്കിലോ ? എല്ലായിടത്തും ഓടിയെത്താനും ചെയ്യേണ്ടതെല്ലാം വേണ്ട രീതിയില്‍ ചെയ്യാനും അസാമാന്യമായ കരുത്തുണ്ടായാലേ പറ്റൂ. കോട്ടയം നിവാസിയായ ശ്രീജിത്ത് അത്തരം രക്ഷിതാക്കളില്‍ ഒരാളാണ്. തന്റെ അനുഭവത്തേയും അറിവിനേയും സമാന അവസ്ഥകളിലൂടെ കടന്നു പോകുന്ന മറ്റുള്ളവരെ സഹായിക്കാനും കൂടി ഉപയോഗപ്പെടുത്തുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ കാര്യകര്‍ത്താവ് കൂടിയാണ് ശ്രീജിത്ത്. തന്റെ അനുഭവങ്ങളും അതിലൂടെ നേടുന്ന അറിവുകളും പാഠങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലൂടെ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ അദ്ദേഹം തയ്യാറാവുന്നു. സമാന ചിന്താഗതിക്കാരായ കൂടുതല്‍ പേരെ ഒരുമിച്ചു കൊണ്ടുവന്ന് ദിവ്യാംഗരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു.
Madhav Sree എന്ന ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം ശ്രീജിത്ത് പങ്കു വച്ച പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ദേശീയ തലത്തില്‍ വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ നടക്കുന്ന സക്ഷമയുടെ ദിവ്യാംഗമിത്രം എന്ന യജ്ഞത്തിലേക്ക് സന്മനസ്സുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ പോസ്റ്റില്‍. വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നേത്രദാനം, സഹായ ഉപകരണങ്ങളുടെ വിതരണം, സഞ്ചരിക്കുന്ന ദിവ്യാംഗ സേവാ കേന്ദ്രം തുടങ്ങി സക്ഷമ കോട്ടയം യൂണിറ്റിന്റെ വ്യത്യസ്തങ്ങളായ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ ശ്രീജിത്തിന്റെ ഈ പേജിലൂടെ കഴിയും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഓട്ടിസം കുട്ടികളുടെ മൂഡ് പ്രവചനാതീതമാണ്. അത് മാറിയും മറിഞ്ഞും വരും.. ഇന്ന് ആർഷക്കുട്ടിയുടെ മൂഡ് അത്ര നന്നായിരുന്നില്ല. വാശിയും കരച്ചിലും ദേഷ്യം പ്രകടിപ്പിക്കലും തന്നെ.. മാറും മാറുമെന്ന പ്രതീക്ഷയിൽ ഉച്ച വരെ ശ്രീമതി ഒരു തരത്തിൽ പിടിച്ചു നിന്നു.. ഒടുവിൽ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ ഓഫീസിലേക്ക് വിളിച്ചു.. ഒരു രക്ഷയുമില്ല ഉടനെ വരണം എന്നുപറഞ്ഞു. വിവരം സഹപ്രവർത്തകരോട് പറഞ്ഞ് മകനെ സ്കൂളിൽ നിന്നും കൂട്ടാതെ ഓഫീസിൽ നിന്നും നേരത്തെയിറങ്ങി വീട്ടിലേക്ക് പാഞ്ഞു….
ഗേറ്റിലെത്തിയപ്പോൾ തന്നെ ആളിന്റെ കരച്ചിലും ദേഷ്യവും കേൾക്കാനായി.. സ്കൂട്ടറിന്റെ ശബ്ദം കേട്ട് ശ്രീമതി കതക് തുറന്നപ്പോൾ പെണ്ണും വീടിന് പുറത്തിറങ്ങി.. രാവിലെ മുതൽ തുടങ്ങിയ നിർത്താതെയുള്ള കരച്ചിൽ മൂലം ആൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. സങ്കടം മാറ്റാൻ സ്‌കൂട്ടറിൽ കയറ്റി.. ഇതേസമയം സ്കൂളിന് പുറത്ത് എന്നെ കാത്ത് നിന്ന് മടുത്തപ്പോൾ സ്കൂളിലെ സെക്യൂരിറ്റിയുടെ ഫോണിൽ നിന്നും മകൻ മാധവനും വിളിച്ചു.. പെട്ടെന്ന് ആർഷക്കുട്ടിയെ ഹെൽമെറ്റണിയിച്ച് നേരെ പുതുപ്പള്ളിയിലേക്ക്.. സ്കൂളിലെത്തിയപ്പോൾ വരാൻ താമസിച്ചതിന്റെ നീരസത്തിൽ മാധവൻ.. ഒടുവിൽ രണ്ട് പേരുടേയും മൂഡ് ശരിയാക്കാൻ ഹോട്ടൽ ശരവണയിൽ കയറി ഇരുവർക്കും ഇഷ്ടപ്പെട്ട ദോശ അങ്ങട് വാങ്ങി നൽകി.. ദോശ കണ്ടപ്പോൾ രണ്ടു പേരും ഉഷാറായി.. പെങ്കൊച്ചിന്റെ പടം പിടിച്ച് നേരെ വീട്ടിലേക്ക്…
സുഹൃത്തുക്കളേ… ഭിന്നശേഷി കുട്ടികളുള്ള വീട്ടിൽ അവരെ കൈകാര്യം ചെയ്യുക വലിയ പരിശ്രമമാണ്. ഇക്കാര്യത്തിൽ സദാ അവർക്കൊപ്പമുള്ള അമ്മമാരെ സമ്മതിച്ചേ തീരൂ.. ആണുങ്ങൾ ഇതുപോലെ അത്യാവശ്യത്തിന് വിളിക്കുമ്പോൾ എപ്പോഴും ഓടിയെത്താൻ സാധിക്കുന്ന അകലത്തിൽ തന്നെ ആവണമെന്നുമില്ലല്ലോ.. ദൂരേക്ക് ഒരു സ്ഥലമാറ്റം ഒക്കെ വന്നാൽ ഞാനൊക്കെ ആകെ പ്രതിസന്ധിയിലാവും..
പ്രിയരേ.. ഇങ്ങനെയുള്ള അനേകം കുടുംബങ്ങൾക്ക് തുണയാവാനാണ് സക്ഷമ രൂപം കൊണ്ടത്. കോട്ടയത്ത് ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്കായി ഒരു കൗൺസിലിംഗ് സെന്റർ വൈകാതെ ആരംഭിക്കാൻ സക്ഷമ ലക്ഷ്യമിടുന്നത് ഈ സാഹചര്യങ്ങൾ അറിഞ്ഞു തന്നെയാണ്..
സക്ഷമയുടെ നന്മയറിഞ്ഞ് പ്രിയരെല്ലാവർക്കും സക്ഷമയെ തുണക്കാനാവും. സക്ഷമയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് വേണ്ടി വർഷത്തിലൊരിക്കൽ പൊതു സമൂഹത്തിൽ നടത്തുന്ന നിധി സമാഹരണ യജ്ഞമാണ് #ദിവ്യാംഗമിത്രം എന്ന പേരിൽ അറിയപ്പെടുന്നത്. സംഗതി വളരെ എളുതാണ്. നന്മ നിറഞ്ഞ ഹൃദയമുള്ള ഏതൊരാളിനും അഞ്ഞൂറ് രൂപ സക്ഷമയുടെ സേവന പ്രവർത്തനങ്ങൾക്ക് നൽകി ദിവ്യാംഗമിത്രമാകാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു മാസം നാല് ചായക്കാശ് വീതം ഒരു വർഷം മുഴുവൻ മാറ്റി വച്ച് സക്ഷമക്ക് നൽകിയാൽ ദിവ്യാംഗമിത്രമാകാം.
ഇത് വായിക്കുന്ന എല്ലാ സുമനസ്സുകളോടുമുള്ള അഭ്യർത്ഥനയുമിതാണ്. ഭിന്നശേഷി സോദരർക്കായി സക്ഷമ നടത്തുന്ന സേവന പ്രവർത്തനങ്ങളെ ഉള്ളറിഞ്ഞ് തുണക്കണമെന്നും സ്വയം സക്ഷമയുടെ ഒരു വർഷത്തെ സേവാകാര്യങ്ങൾക്കായി അഞ്ഞൂറ് രൂപ അയച്ചുനൽകി ദിവ്യാംഗമിത്രമായി മാറി സക്ഷമയുടെ സേവന പ്രവർത്തനങ്ങളിൽ ഏവരും പങ്കുചേരണമെന്നും പ്രാർത്ഥിക്കുന്നു..
sakshamaktm72@fbl എന്ന UPI ഐ ഡി യിലേക്ക് സമർപ്പണം നൽകി കൊണ്ട് നമുക്കെല്ലാം നല്ലൊരു ദിവ്യാംഗമിത്രമാകാം.. ഈ അഭ്യർത്ഥന പ്രിയപ്പെട്ടവർ ഏറ്റെടുക്കുമെന്ന് ആശിച്ചു കൊണ്ട് സ്വന്തം …… ശ്രീ 🙏🙏
(സക്ഷമയുടെ ഓരോ ജില്ലാ യൂണിറ്റിനും പ്രത്യേകം പ്രത്യേകം UPI ഐ ഡി കള്‍ ഉണ്ട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: