ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെയുണ്ടായ ബോംബ് ഭീഷണിയില്‍ ഭക്തജനങ്ങള്‍ ഭയവിഹ്വലരായി. ഇന്നലെ രാവിലെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ക്ഷേത്രത്തില്‍ ബോംബ് സ്ഫോടനമുണ്ടാകുമെന്ന കത്ത് ലഭിച്ചത്. കത്ത് കിട്ടുന്ന അന്ന് ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കും. അല്‍ഖ്വയ്ദയുടെ പേരില്‍ തമിഴ്നാട്ടില്‍ നിന്നും പോസ്റ്റ് ചെയ്ത നിലയിലാണ് ഭീഷണി കത്ത് ലഭിച്ചത്. രാവിലെ അഡ്മിനിസ്ട്രേറ്റര്‍ക്ക് ലഭിച്ച കത്ത് ഡിവൈഎസ്പി ജയരാജിന് കൈമാറുകയായിരുന്നു.
ദേവസ്വം ഓഫീസ്, പടിഞ്ഞാറെ നട, ദേവസ്വം കോളേജുകള്‍ എന്നിവിടങ്ങളില്‍ ഈ കത്ത് കിട്ടുന്ന ദിവസമോ അതിനടുത്ത ദിവസമോ ബോംബ് പൊട്ടുമെന്നാണ് ഭീഷണി. ഇതോടെ വന്‍ പോലീസ് സംഘവും ക്ഷേത്രത്തില്‍ തന്നെ വിന്യസിപ്പിച്ച സ്ക്വാഡും പരിശോധന ആരംഭിച്ചു. കാട്ടു തീ പോലെയാണ് ബോംബ് ഭീഷണി വാര്‍ത്ത പരന്നത്. നരേന്ദ്രമോഡിയെയും, ജയലളിതയെയും വധിക്കുമെന്നും തിരുവനന്തപുരത്തെ ശ്രീ പത്മനാഭപുരം ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഭക്തരെ കര്‍ശന പരിശോധനയോടെയേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ബാഗുകള്‍, പഴ്സുകള്‍ എന്നിവ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുന്നത് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചതായും സുരക്ഷാ സംവിധാനം ഒരുക്കിയതായും ഐ.ജി. ബി.സന്ധ്യ അറിയിച്ചു. ക്ഷേത്ര പരിസരത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ പി.വിജയന്, അസി. പോലീസ് കമ്മീഷണര്‍ ആര്.കെ.ജയരാജ്, ഗുരുവായൂര്‍ സിഐ സികെ സുനില്‍, എസ്ഐ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് മേധാവികളും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രത്തിന് നേരെയുയര്‍ന്ന ബോംബ് ഭീഷണി ആദ്യത്തേതല്ലെങ്കിലും അടുത്തിടെ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരവത്തോടെയാണ് ഇത് കാണുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: