യുഎസ് വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണിന്റെ ഭാരതസന്ദര്‍ശനം അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ അഭിപ്രായങ്ങള്‍ക്ക് അവസരം നല്കുകയുണ്ടായി. യുഎസും ഭാരതവും തമ്മിലുള്ള രണ്ടാം ഉഭയകക്ഷി ചര്‍ച്ചകളാണ് ദല്‍ഹിയില്‍ നടന്നത്. എന്നാല്‍ ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ മാറ്റങ്ങള്‍ക്കൊന്നും ഇടവരുത്തിയിട്ടില്ല. അതേസമയം ഭാരത-യുഎസ് സൈനികേതര ആണവകരാറില്‍ നിന്ന് പിന്നോക്കം പോകുന്ന പ്രശ്നമില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ വിപണി അമേരിക്കക്ക് കൂടുതലായി തുറന്നുകൊടുക്കുന്നതിനോ അവര്‍ പറയുന്ന ഏതുതരത്തിലുള്ള കരാറുകളില്‍ ഒപ്പുവെക്കുന്നതിനോ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോ യുപിഎ സര്‍ക്കാരിനോ യാതൊരുമടിയുമില്ലെന്ന് മാത്രമല്ല കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്നതിനാണ് താല്പര്യം പ്രകടിപ്പിക്കുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇവിടെ കൂടുതല്‍ നിക്ഷേപത്തിനും വ്യവസായത്തിനുമുള്ള സാധ്യതകള്‍ തേടിയാണ് ഹിലരി എത്തിയത്.
ഇതിനുകാരണവുമുണ്ട്. ലോകത്തില്‍ ഏത് ഉല്പന്നങ്ങളും പ്രത്യേകിച്ച് അമേരിക്കയുടേത് വിറ്റഴിക്കാന്‍ പറ്റിയ കമ്പോളം ഭാരതമാണെന്ന് എല്ലാവര്ക്കും അറിയാം. പ്രത്യേകിച്ച് അമേരിക്കക്ക്. അതിനാല്‍ തന്നെ ഇത്തവണ ഭീകരവാദ-മതമൗലികവാദ ഭീഷണികളെ സംബന്ധിച്ചൊന്നും കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഹിലരി തയ്യാറായിട്ടില്ല. മുംബൈയില്‍ ജൂലൈ 13 ന് ഉണ്ടായ ഭീകരാക്രമണത്തില്‍ അവര്‍ സ്വാഭാവികമായും ദു:ഖം രേഖപ്പെടുത്തി. മാത്രമല്ല ഇത്തരം സാഹചര്യങ്ങളില്‍ അമേരിക്കയുടെ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഭീകരതക്കെതിരെ ഭാരതം നടത്തുന്ന പോരാട്ടത്തില്‍ പിന്തുണ നല്കുന്നതിനോടൊപ്പം തന്നെ പാക്കിസ്ഥാന്റെ നിലപാടുകളോടുള്ള വിയോജിപ്പും വ്യക്തമാക്കിയിട്ടുണ്ട്.
2008ലെ മുംബൈ ആക്രമണത്തിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരണമെന്നും അവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്ക ഭാരതത്തോടൊപ്പമാണെന്നും അവര്‍ പറഞ്ഞു. മുംബൈ ആക്രമണ സംഭവത്തില്‍ പാക്കിസ്ഥാന് കാണിക്കുന്ന ഇരട്ടത്താപ്പിനെ ഹിലരി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഭാരതത്തിന്റെ യും അമേരിക്കയുടെയും കൈവശമുണ്ടെന്നുള്ളതാണ് പാക്കിസ്ഥാനെ ചൊടിപ്പിക്കുന്ന ഒരു കാര്യം. അതിനാല്‍ തന്നെ പ്രശ്നത്തില്‍ നിന്ന് എങ്ങിനെ തടിയൂരാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നത്. ഭാരതത്തിന് പിന്തുണ നല്‍കുകയും വേണം. അതേസമയം പാക്കിസ്ഥാനെ കൈവെടിയാനും കഴിയില്ലെന്ന നയമാണ് അമേരിക്ക കൈക്കൊണ്ടിട്ടുള്ളത്. ഭാരതത്തോടുള്ള മൃദുസമീപനം തന്നെയാണ് അമേരിക്ക പാക്കിസ്ഥാനോടും പ്രകടിപ്പിക്കുന്നത്. പക്ഷെ ഭീകരതക്കെതിരെ ഭാരതം ശക്തമായ നിലപാടെടുക്കുമ്പോള്‍ അമേരിക്കക്ക് വ്യക്തമായി അറിയുകയും ചെയ്യാം. ഭീകരവാദികളുടെ ഒളിത്താവളം പാക്കിസ്ഥാന് തന്നെയാണെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്. എന്നാലും ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ കഴിയുന്നതും പിണക്കാതെ കൊണ്ടുപോകാനാണ് അമേരിക്ക നോക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ നയത്തെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഭീകരവിരുദ്ധപോരാട്ടത്തില്‍ ഇരുകൂട്ടരും സഹകരിച്ച് പോകുമെന്ന് അമേരിക്കയും ഭാരതവും വ്യക്തമാക്കിയിട്ടുള്ളത് ആശ്വാസം പകരുന്ന കാര്യമാണ്.
പരസ്പരം സഹകരണത്തിലൂടെ രണ്ട് രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം ഉണ്ടാക്കിയെടുക്കണമെന്ന് ഭരണാധികാരികള്‍ മനസിലാക്കിയതിന്റെ ചുവടുപിടിച്ചാണ് ഇത്തവണ ചില കാര്യങ്ങളില്‍ ഒപ്പിട്ടത്. എന്നാല്‍ അതില്‍ വല്ലപ്പോഴും അമേരിക്കയുടെ കെണിയില്‍ ഭാരതം അറിഞ്ഞോ അറിയാതെയോ പെടുകയാണ്. അറിയാതെ എന്നുപറയുന്നതില്‍ അര്‍ഥമില്ല. അമേരിക്കയുടെ താല്പര്യങ്ങള്ക്ക് വേണ്ടി ഭാരതത്തെ ബലികൊടുക്കണമെന്ന് പറയുന്നത് ഒരുകണക്കിന് കഴിവുകേടാണ്.
ഹ്രസ്വകാലജോലികള്‍ക്കായി അമേരിക്കയില്‍ എത്തുന്ന ഭാരത ഐടി പ്രൊഫഷണലുകള്‍ വന്‍തോതില്‍ സാമൂഹ്യസുരക്ഷാസേവന നികുതി അടക്കേണ്ടതായി വരുന്നു എന്നത് അടുത്തകാലത്തായി ഉയര്‍ന്ന പരാതിയാണ്. ഇക്കാര്യം ഭാരതം ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഹിലരി അതുസംബന്ധിച്ച് അനകൂലമായ ഒരു മറുപടിയും നല്‍കിയിട്ടില്ല. ഈ നികുതി ഒഴിവാക്കിയാല്‍ കോടിക്കണക്കിന് ഡോളറിന്റെ നേട്ടമാണുണ്ടാകുകയെന്ന് ഭാരതം പറഞ്ഞു. പക്ഷെ ഹിലരി മൗനം പാലിക്കുകയാണ് ചെയ്തത്. ഇതില്‍ നിന്നും മനസിലാക്കേണ്ടത് അതിനവര്‍ താല്‍പര്യപ്പെടുന്നില്ലെന്നതാണ്.
ഇതുകൂടാതെ ഐടി അനുബന്ധവ്യവസായങ്ങള്‍ക്ക് അമേരിക്കയില്‍ ഉണ്ടാകേണ്ട പ്രവര്‍ത്തന സാഹചര്യങ്ങളെക്കുറിച്ചും ഉഭയകക്ഷി ചര്‍ച്ചയില്‍ വിശദീകരിക്കുകയുണ്ടായി. അതിന് അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്, ചൈന എന്നിങ്ങിനെ ലോകത്തെ പ്രബലരാഷ്ട്രങ്ങളുടെ ഭരണാധികാരികളും ഉന്നതരായ നയതന്ത്രജ്ഞരും തുടര്‍ച്ചയായി ഭാരതസന്ദര്‍ശനം നടത്തുന്നതിന്റെ ഗൗരവം സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഭാരതത്തിന്റെ ശക്തികൊണ്ട് മാത്രമല്ല, ലോകത്തിന്റെ വന്‍കിട രാഷ്ട്രങ്ങളിലൊന്നായി ഭാരതം ഉയര്‍ന്നുവരികയാണെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. വന്‍കിട സാമ്പത്തിക ശക്തികളില്‍ ഒരു രാജ്യമായി ഭാരതം വളര്‍ന്നുവരികയാണ്. അതേസമയം അതിനെ തകര്‍ക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുമുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുഭാഗത്ത് പിടിമുറുക്കുകയും മറുഭാഗത്ത് അയയുകയും ചെയ്യുന്നു എന്നതാണ് ഗൗരവത്തില്‍ കാണേണ്ടത്.
സൈനികേതര ആവശ്യത്തിനുള്ള ആണവനിലയങ്ങള്‍ കൂടുതലായി ഇവിടെ സ്ഥാപിക്കാനുള്ള സഹായം അമേരിക്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക ഉല്പാദിപ്പിക്കുന്ന യുദ്ധോപകരണങ്ങളില്‍ നല്ലൊരുശതമാനം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളാണ് ഭാരതവും പാക്കിസ്ഥാനും. അതായത് അവര്‍ ഉല്പാദിപ്പിക്കുന്നതിന്റെ വിപണിയായി ഈ രാജ്യങ്ങള്‍ മാറിയിരിക്കുകയാണ്. അവരുടെ സാധനങ്ങള്‍ വിറ്റഴിക്കുമ്പോള്‍ അതില്‍ നിന്ന് നമുക്ക് എന്തുനേട്ടമുണ്ടാക്കാന്‍ കഴിയുന്നെന്നും സര്‍ക്കാര്‍ ചിന്തിക്കേണ്ടതുണ്ട്. അമേരിക്ക പറയുന്നതനുസരിച്ച് താളം തുള്ളുകയല്ല വേണ്ടത്. ഭാരതത്തിന്റെ നിലപാടുകള്‍ കൂടുതല്‍ ശക്തമാക്കുകയാണ് വേണ്ടത്. അവരോടുള്ള സൗഹൃദം തുടരുമ്പോള്‍ തന്നെ പരമാവധി നേട്ടങ്ങള്‍ ഉണ്ടാക്കുവാനാണ് ശ്രമിക്കേണ്ടത്.
ഭാരതത്തെക്കുറിച്ച് മനസിലാക്കി ഇവിടുത്തെ വിളകൊയ്യാന്‍ വരുമ്പോള്‍ നമ്മുടെ ലക്ഷ്യം നേടുകയാണ് വേണ്ടത്. അതിനുള്ള ആര്‍ജവം യുപിഎ സര്‍ക്കാര്‍ കാണിക്കണം. അല്ലാതെ ഭാരതം അനുഭവിച്ചിരുന്ന ആണവഅയിത്തം ഇല്ലാതെയായി എന്നല്ല പറയേണ്ടത്. കരാറുകള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ അതിന്റെ പ്രയോജനം ലഭിക്കണം. ദീര്‍ഘകാലതാല്‍പര്യത്തോടെയായിരിക്കണം ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: