ലോകത്തെ ശക്തരില്‍ പതിമൂന്നാമന്‍, സ്വാധീനിക്കുന്ന നൂറ് വ്യക്തികളിലൊരുവന്‍, 117-ാമത്തെ ധനികന്, 129 പത്രങ്ങളുടെ ഉടമ, അതാണ് റൂപര്‍ട്ട് മര്‍ഡോക്ക്. ഓസ്ട്രേലിയയില്‍ 1931-ല്‍ ജനിച്ച മര്‍ഡോക്കിന്റെ അച്ഛന് കേയിത് പത്രഉടമയായിരുന്നു. സ്കൂള്‍ മാസികയുടെ സഹപത്രാധിപരായി കൊച്ച് റൂപര്‍ട്ട് മാധ്യമലോകത്തേക്ക് പിച്ചവച്ചു. പിന്നെ ധനതത്ത്വശാസ്ത്രവും രാഷ്ട്രീയവും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന മര്‍ഡോക്കിന്റെ പിന്തുണ അക്കാലത്ത് ലേബര്‍ പാര്‍ട്ടിക്കായിരുന്നു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 21-ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് നാട്ടിലെത്തി കുടുംബ ബിസിനസ് തുടര്‍ന്നു. ന്യൂസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി യുവാവായ മര്‍ഡോക്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചു.
“അഡ്ലയ്ഡ് ന്യൂസില്‍” ജോലി ചെയ്യുമ്പോഴാണ് ജീവിതത്തിലാദ്യമായി ഒരു വ്യാവസായിക പ്രതിസന്ധി അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. “അഡ്ലയ്ഡ് അഡ്വര്‍ടൈസര്‍” എന്ന പത്രം മര്‍ഡോക്കിന്റെ അമ്മയ്ക്ക് പത്രം തങ്ങള്‍ക്ക് വിറ്റില്ലെങ്കില്‍ അതിനെ രംഗത്തുനിന്നുതന്നെ ഒഴിവാക്കുമെന്ന ഭീഷണിയുമായി ഒരു കത്തയച്ചു. മര്‍ഡോക്ക് ആ കത്ത് തങ്ങളുടെ പത്രത്തിന്റെ മുന്‍ പേജില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അതിനെ നേരിട്ടത്. എതിരാളിയെ അവന്റെ ആയുധംകൊണ്ടുതന്നെ കീഴ്പ്പെടുത്തുന്ന വിദ്യ മര്‍ഡോക്ക് കരഗതമാക്കിയത് ഈ അനുഭവത്തില്‍നിന്നാണ്. നല്ല എഡിറ്റര്‍മാരും വിശ്വസ്തരായ അനുവാചകരുമുണ്ടെങ്കില് തങ്ങളേക്കാള്‍ വലിയ പ്രതിയോഗിയെ നേരിടാമെന്ന പ്രായോഗിക പത്രവ്യവസായത്തിന്റെ പാഠങ്ങളാണ് ഇത് മര്‍ഡോക്കിന് സമ്മാനിച്ചത്.
ഓസ്ട്രേലിയയില്‍ ടെലിഫോണ്‍ലൈനുകള്‍ പോലും വിരളമായിരുന്ന കാലത്താണ് ഒരു പത്രം തുടങ്ങണമെന്ന് മര്‍ഡോക്കിന് ആഗ്രഹമുദിക്കുന്നത്. ഇത് മണത്തറിഞ്ഞ “കാന്‍ബറ ടൈംസ്” തങ്ങളുടെ പത്രം ബ്രോഡ് ഷീറ്റ് ആക്കി. ഇതിലൂടെ വായനക്കാരെ സ്വാധീനിക്കാമെന്നും പരസ്യം കൂടുതല്‍ ലഭിക്കുമെന്നും അവര്‍ കരുതി. മര്‍ഡോക്ക് ആകട്ടെ “ദ ഓസ്ട്രേലിയന്‍” എന്ന ദേശീയ ദിനപത്രം ആരംഭിച്ച് വെല്ലുവിളിയെ അതിജീവിച്ചു. എതിരാളിയുടെ പ്രതീക്ഷക്കപ്പുറം വളര്‍ന്ന് അവനെ അത്ഭുതപ്പെടുത്തുന്ന വിദ്യ മര്‍ഡോക്ക് ജീവിതത്തില്‍ ഉടനീളം പ്രദര്‍ശിപ്പിച്ചു.
തന്റെ ബിസിനസിന് രാഷ്ട്രീയ സ്വാധീനം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ മര്‍ഡോക്ക് ഓസ്ട്രേലിയന്‍ നാഷണല്‍ പാര്‍ട്ടിയിലെ ജോണ്‍ മക്കിവനെ പിന്തുണച്ചു. ഓരോ ദിവസത്തെ പത്രത്തിലൂടെയും കൂട്ടുകക്ഷി മന്ത്രിസഭക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ടു. ഓസ്ട്രേലിയന്‍ രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ പുതിയ പത്രത്തിന്റെ പ്രചാരം ജനങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കുക, തന്റെ ചങ്ങാത്തം അനുപേക്ഷണീയമാണെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്തുക, അവരില്‍ തന്റെ വ്യാപാര വികസനത്തിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുക. ഈ ത്രിമുഖതന്ത്രം 1964 മുതല്‍ ജീവിതത്തിലുടനീളം മര്‍ഡോക്ക് സ്വായത്തമാക്കിയതായി കാണാം. ജോണ്മക്കിവനുശേഷം നാഷണല്‍ പാര്‍ട്ടിക്ക് പകരം അവസരവാദപരമായി ലേബര്‍ പാര്‍ട്ടിയിലെ ഗൗ വിറ്റ്ലാമിനെ പിന്തുണച്ച് വിജയിപ്പിച്ചു. പിന്നീട് ഓസ്ട്രേലിയ എന്ന കൊച്ചുരാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് സ്വാഭാവികമായും താല്‍പ്പര്യം കുറഞ്ഞു.
1968-ല്‍ “ന്യൂസ് ഓഫ് ദ വേള്‍ഡ്” പത്രവുമായി മര്‍ഡോക്ക് ബ്രിട്ടനില്‍ പ്രവര്‍ത്തനം തുടങ്ങി. പതിവുപോലെ വ്യാപാര വികസനത്തിനായി രാഷ്ട്രീയ സൗഹൃദം വിപുലമാക്കി. 1980 മുതല്‍ 1990 വരെ കണ്‍സര്‍വേറ്റീവായ മാര്‍ഗ്രറ്റ് താച്ചറുമായി ഉറ്റബന്ധം പുലര്‍ത്തി. അവരെ സ്വാതന്ത്ര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായി ചിത്രീകരിച്ച് തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്താന്‍ ശ്രമം തുടര്‍ന്നു. ഈ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രസ്സുകള്‍ ആധുനികവല്ക്കരിക്കാന് മര്‍ഡോക്ക് ശ്രമിച്ചു. ബ്രിട്ടീഷ് പത്രങ്ങളെ ആധുനികതയെ എതിര്‍ക്കുന്ന യൂണിയനുകള്‍ ഭരിക്കുന്ന സ്ഥലമായാണ് മര്‍ഡോക്ക് വിശേഷിപ്പിക്കുന്നത്. ഇതിനായി മാപ്പിംഗില്‍ സ്ഥാപിച്ച പ്രസ്സുകള്‍ കനത്ത എതിര്‍പ്പുളവാക്കി. നവീകരണത്തിനെതിരെ സമരം ചെയ്ത 6000 ജോലിക്കാരെ മാനേജ്മെന്റ് പിരിച്ചുവിട്ടു. ഇത് താച്ചര്‍ ഭരണം അവസാനിക്കാന്‍ ഒരു കാരണമായി അറിയപ്പെടുന്നു. താച്ചര്‍ യുഗം കഴിഞ്ഞ ഉടന്‍ തന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മര്‍ഡോക്ക് കൂറുമാറി ലേബര്‍ പാര്‍ട്ടിയിലെ ടോണി ബ്ലെയറിന്റെ കൂടെയായി. ഈ കൂട്ടുകെട്ടാണ് ബ്രിട്ടന്റെ ദേശീയ നയങ്ങള്‍ തീരുമാനിക്കുന്നതില്‍പ്പോലും നിര്‍ണായകമായ പങ്ക് വഹിച്ചത്. പിന്നീട് അധികാരത്തില്‍ വന്ന കണ്‍സര്‍വേറ്റീവായ ഡേവിഡ് കാമറൂണിനെയാണ് പത്രം പിന്തുണച്ചത്. അവസരവാദവും ഭരണത്തില്‍ വരാന്‍ സാധ്യതയുള്ളവരുടെ ചങ്ങാത്തവുംകൊണ്ട് തന്റെ സാമ്രാജ്യം മര്‍ഡോക്ക് വികസിപ്പിച്ചു.
ടെലിവിഷന്‍ കേന്ദ്രങ്ങള്‍ അമേരിക്കക്കാര്‍ക്ക് മാത്രം സ്വായത്തമാക്കാമെന്ന നിയമം പ്രാബല്യത്തിലുള്ളതിനാല്‍ 1985 മുതല്‍ മര്‍ഡോക്ക് അമേരിക്കന്‍ പൗരനായി. തന്റെ ഓസ്ട്രേലിയന്‍ പൗരത്വം അവസാനിപ്പിക്കുകയും ചെയ്തു. അമേരിക്കയിലും 2006 ല്‍ സെനറ്റര്‍ ഹിലാരി ക്ലിന്റനുവേണ്ടി മര്‍ഡോക്ക് പണപ്പിരിവ് നടത്തി.
മര്‍ഡോക്കിന്റെ മാധ്യമപ്രവര്‍ത്തനം നാല് ഘടകങ്ങളെ ആശ്രയിച്ചാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിപണനതന്ത്രം, പൊതു വിഷയങ്ങളില്‍ അഭിപ്രായഐക്യം, ആഗോള എഡിറ്റോറിയല്‍ മീറ്റിംഗുകള്‍, മറ്റ് മാധ്യമങ്ങളോട് ശത്രുതയോടുള്ള സമീപനം എന്നിവയാണവ.
ഇരുന്നൂറോളം പത്രങ്ങള്‍, ടെലിവിഷന്‍-റേഡിയോ കമ്പനികള്‍, നെറ്റ്വര്ക്കുകള് തുടങ്ങി മാധ്യമലോകത്തെ ഈ അതികായന് ജനാധിപത്യത്തില്‍ പത്രങ്ങള്‍ക്ക് അവയുടെ സ്ഥാനവും കടമയുമുണ്ട് എന്ന സങ്കല്‍പ്പത്തില്‍നിന്ന് പത്രങ്ങളുടെ പ്രചാരവും, ഭരണകൂടത്തില്‍ അവയെ ആധാരമാക്കി നടത്തുന്ന വിലപേശലുകളിലേക്കും അനുവാചകരെ കണ്ണുകെട്ടി നടത്തുന്നു. ഓസ്ട്രേലിയയിലായാലും ഇംഗ്ലണ്ടിലായാലും അമേരിക്കയിലായാലും രാഷ്ട്രീയ രംഗത്തുനിന്ന് മാറിനിന്ന് നടപടികളെ മാത്രം അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുകയെന്ന സാമാന്യ, സ്വതന്ത്ര പത്രപ്രവര്‍ത്തന നിയമത്തിന് വിരുദ്ധമായി മര്‍ഡോക്ക് രാഷ്ട്രീയ സമുദ്രത്തില്‍ കൂപ്പുകുത്തി തന്റെ വ്യാപാരത്തിനാവശ്യമായ മുത്തും പവിഴവും കൈക്കലാക്കി നമ്മെ അമ്പരപ്പിക്കുന്നു.
വാര്‍ത്ത പവിത്രമാണ് എന്ന സങ്കല്‍പ്പത്തില്‍നിന്നും, വാര്‍ത്ത വായനക്കാരന് ഇക്കിളി പകരണം എന്ന മര്‍ഡോക്കിയന്‍ ചിന്തയുടെ പരിണതഫലമാണ് “ന്യൂസ് ഓഫ് ദ വേള്‍ഡി”ന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം. മറ്റേതൊരു വ്യവസായത്തേക്കാളും ലാഭം കൊയ്യുന്ന ബിസിനസാണ് മാധ്യമങ്ങളുടേതെന്ന് മര്‍ഡോക്കിനൊപ്പം നമുക്കും തലകുലുക്കി സമ്മതിക്കാം.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: