എടോ മുന്നൂറ്റിപ്പന്ത്രണ്ടേ, ആ പരാതിയെക്കുറിച്ച് ഒന്നന്വേഷിച്ചുവാ എന്ന് സ്റ്റേഷനിലെ ഏമാന് പറയാറില്ലേ? മേപ്പടി 312ന് നല്ല സ്വയമ്പന്‍ പേരുണ്ടെങ്കിലും വിളിപ്പേര് നമ്പരില്‍ ഒതുങ്ങി നില്ക്കുന്നു. അതിലൊരു പ്രത്യേകസുഖമുണ്ടെന്നും ഇല്ലെന്നും പക്ഷമുണ്ട്.എന്തായാലും സാദാ മനുഷ്യന്മാരെ ആരും അങ്ങനെ ഇതുവരെ വിളിച്ചുതുടങ്ങിയിട്ടില്ല.(പോലീസുകാര്‍ മനുഷ്യഗണത്തില്പ്പെട്ടവരല്ല എന്നു വിവക്ഷയില്ലേ) എന്നാല്‍ അധികം വൈകാതെ രാമന്, കൃഷ്ണന്, യൂസഫ്, മറിയാമ്മ, ആയിശ, സ്വരാവര്‍സിങ് ഇത്യാദി പേരുകളില്‍ മനുഷ്യന്മാര് അറിയപ്പെടണമെന്നില്ല.
എല്ലാവരെയും നമ്പരില്‍ ഒതുക്കി നിര്‍ത്തുന്ന മനോഹരവിദ്യ നമ്മുടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നു. ആയതിന് ആധാര്‍ എന്നാണ് നാമംനല്കിയിരിക്കുന്നത്. തികച്ചും ശരിയായ പേരുതന്നെ. ആധാരം വസ്തുവിന്റെ അടിസ്ഥാന രേഖയല്ലേ? മനുഷ്യന് എന്ന സജീവ വസ്തുവിനും ഇതുപോലുള്ള ഒരു രേഖ എന്തുകൊണ്ട് നല്കിക്കൂടാ? അതുകൊണ്ടാണ് പന്ത്രണ്ട് അക്കങ്ങളില്‍ ഒതുങ്ങുന്ന സംഖ്യവഴി ഓരോ അപ്പാവിയേയും തളച്ചിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അങ്ങ് മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി മേപ്പടി സംഖ്യാകാര്‍ഡ് നല്കി പദ്ധതി ഉദ്ഘാടിച്ചിട്ടിപ്പോള് മാസം ഒമ്പതാകുന്നു. പ്രബുദ്ധകേരളത്തിലും ആയത് തുടങ്ങാന്‍ പോവുകയാണത്രെ. വിവരസാങ്കേതികവിദ്യയുടെ മറുകര കണ്ടുവെന്ന് സര്‍ക്കാര്‍ ഒത്താശക്കാര്‍ പാടിപ്പുകഴ്ത്തുന്ന നന്ദന് നിലേകനി എന്ന മഹിതാശയനാണ് മേപ്പടി കാര്‍ഡ് കച്ചവടത്തിന്റെ മൂത്താശാന്‍.
ക്യാബിനറ്റ് മന്ത്രിയേക്കാള്‍ പദവിയും പത്രാസും നല്കി ടിയാനെ വെച്ചിരിക്കുന്ന വിദ്വാന്മാരിപ്പോള് പെരുത്ത് സന്തോഷത്തിലാണത്രേ. രാജ്യത്തെ ഏതൊരു പൗരന്റെയും യഥാതഥ വിവരങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലെ ചില്ലുകൂട്ടിലിരുന്നുകൊണ്ട് സ്വായത്തമാക്കാം. രുചിക്കാത്ത കാര്യങ്ങള്‍ കണ്ടാല്‍ വേണ്ട മസാലകള്‍ ചേര്‍ത്ത് ജോറാക്കാം. വിരലടയാളം, കൃഷ്ണമണിയുടെ ഛായ തുടങ്ങിയവയൊക്കെ നിഗൂഢമായി കാര്‍ഡില്‍ പതിപ്പിച്ചിരിക്കും. അങ്ങനെ അക്കങ്ങളുടെ മഹാരാജ്യത്ത് സാദാപേരുകള്ക്കൊന്നും ഒരു പ്രസക്തിയുമുണ്ടാവില്ല. ഒരുപക്ഷേ, ഇക്കാര്യം നടന്നേക്കും എന്നു കരുതിയാവും വിശ്വപ്രസിദ്ധ നാടകകൃത്ത് ഒരുപേരില്‍ എന്തിരിക്കുന്നു എന്ന് പണ്ടേ ചോദിച്ചത്.
ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് എന്നു വിശ്വസിച്ച് എല്ലാം കണക്കിന്റെ വഴിയിലേക്ക് തള്ളി നീക്കുന്നവരെ സംബന്ധിച്ചിടത്തോളം ആഹ്ലാദദായകമായ സംഭവമത്രേ ഇത്. കോടികള്‍ ഇതിനായി നീക്കിവെച്ചിരിക്കുന്ന ഭരണകൂടവും പറയുന്നത് ഇതൊരു അനിതരസാധാരണമായ പദ്ധതിയാണെന്നാണ്. എന്നാല്‍ മേപ്പടി ആധാര്‍ കാര്‍ഡും തദനുബന്ധ സംഗതികളും ഒരു മിത്തിന്റെ പുറംതോടുപോലെയാണെന്ന് വിവരമുള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിലൊരു വിശകലനമാണ് ദ ഹിന്ദു (ജൂലായ് 18) പ്രസിദ്ധീകരിച്ച ആധാര്‍: ഓണ്‍ എ പ്ലാറ്റ് ഫോം ഓഫ് മിത്സ് എന്ന ലേഖനം.
മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അസോഷ്യേറ്റ് പ്രൊഫസറായ ആര്.രാംകുമാറാണ് മേപ്പടി കാര്‍ഡിന്റെ ഉള്ളുകള്ളികളിലേക്ക് വിരല്‍ചൂണ്ടുന്നത്. ബ്രിട്ടണില്‍ നടത്തി പരാജയപ്പെട്ട പദ്ധതിയുടെ വികൃതാനുകരണവും മിത്തുകളുടെ നിലപാടു തറയില്‍ നിന്നുള്ള അങ്കം വെട്ടലുമാണിതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ മിത്തുകളുടെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരുന്ന തരത്തില്‍ വ്യാപകമായ പ്രചാരണം ആവശ്യമാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ആധാര്‍ പദ്ധതിയിലെ ഐഡി കാര്‍ഡുകളുടെ വിതരണം നടത്തിക്കൊണ്ട് ടോണിബ്ലെയര്‍, ഇത് സ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല; പുതുലോകത്തിന്റെ കൂടി കാര്യമാണ് എന്ന് 2004ല്‍ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി 2010 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ കാര്‍ഡ് വിതരണം ചെയ്ത് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ആധാര്‍ നവീനഇന്ത്യയുടെ ഒരു ബിംബാത്മകസംഭവമാണ്.
എന്നാല്‍ ടോണിബ്ലെയറിന് ഈ പദ്ധതി രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ലേബര്‍ കക്ഷിയുടെ പതനം അതിന് ആക്കം കൂട്ടുകയും ചെയ്തു. പണ്ഡിതന്മാരും നിരീക്ഷകരും വിദഗ്ധരും ഇത്തരമൊരു കാര്‍ഡിന്റെ സാധുതയെ ചോദ്യം ചെയ്യുകയും അപഹാസ്യത തുറന്നുകാട്ടുകയും ചെയ്തു. ഫലം മേപ്പടി കാര്‍ഡ് പദ്ധതി ഏതോ കടലില്‍ ഒടുങ്ങി. ഇതാ ഇന്ത്യയില്‍ കോടികള്‍ ചെലവിട്ട് നടപ്പാക്കാന്‍ പോകുന്ന പദ്ധതിക്ക് എന്തുസംഭവിക്കുമെന്ന് കണ്ടറിയാം. കാര്‍ഡിന്റെ ഒത്താശക്കാര്‍ക്ക് കരുത്തോടെ ചൂണ്ടിക്കാട്ടാന്‍ ഒരു കാരണമുണ്ട്. തുടരെ തുടരെ ബോംബുസ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ പ്രതികളെ പെട്ടെന്ന് കണ്ടെത്തിക്കൂടേ ? കാര്‍ഡും വാങ്ങി നെഞ്ചുവിരിച്ച് പൊട്ടാസ് പൊട്ടിക്കാന്‍ മന്മോഹനന്റെ പീക്കിരിപിള്ളേരല്ലാതെ മറ്റാരുണ്ടാവും ?
ബിപിഎല്‍ സൗഭാഗ്യത്തില്‍ പെട്ട അപ്പാവികളാണെങ്കില് ഒരു സന്തോഷവാര്‍ത്തയുണ്ട്. മുന്നേ സൂചിപ്പിച്ച ആധാര്‍കാര്‍ഡ് വാങ്ങാന്‍ വെറുതെ രജിസ്റ്റര്‍ ചെയ്താല്‍ മതി. രൂപ 150 കയ്യില്‍കിട്ടും. അതെന്തിനാണെന്ന് ചോദിച്ചാല്‍, പണ്ട് നാട്ടുമ്പുറത്ത് കോഴിയെ കറിവെക്കാന്‍ കൊല്ലുന്നതിനുമുമ്പ് അതിന് ഇത്തിരി അരിമണിയും വെള്ളവും നല്‍കാറുണ്ട്. തിന്നുന്നതിനുമുമ്പുതന്നെ പാപം ഒഴിവാക്കാനുള്ള ഒടിവിദ്യ. അതിന്റെയൊരു പരിഷ്കൃതരൂപമായിരിക്കും ഇത്. വര്‍ഷത്തില്‍ നാലു സിലിണ്ടര്ഗ്യാസ് കൊണ്ട് പാചകം മുഴുവന്‍ തീര്ത്തുകൊള്ളണമെന്ന സുഗ്രീവാജ്ഞ പ്രാബല്യത്തിലാവാന് പോവുകയാണല്ലോ. മേപ്പടി സിലിണ്ടറില്‍ കൂടുതല്‍ വല്ലതരത്തിലും സബ്സിഡിയായി ഒപ്പിച്ചെടുക്കുന്നുണ്ടോ എന്നറിയാനും മുന്നേ സൂചിപ്പിച്ച കാര്‍ഡ് പ്രയോജനം ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്തെ ഓരോ സ്പന്ദനവും (തല്ക്കാലം ഭൂഗോളം വിടുക) ഇന്ദ്രപ്രസ്ഥത്തിലെ ഒടേതമ്പുരാക്കന്മാര്ക്ക് കണ്ണു മിഴിച്ചിരുന്ന് കാണാം. മധ്യവര്‍ത്തികളില്ല; ബിനാമികളില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇക്കാര്യങ്ങള്‍ക്കായി ഒട്ടേറെ ശിങ്കിടികളെ വെക്കേണ്ടിവന്നിരുന്നു. അതൊക്കെ ഭാരിച്ച പണംപോക്ക് പണിയാണെന്ന് ഇന്ദിരാജിക്ക് അവസാനനിമിഷമാണ് മനസ്സിലായത്. മരുമകള്‍ ആരാമോള്? ആയതിനാല്‍ പൗരന്മാരേ ജാഗ്രതൈ !
എന്താണെന്നറിയില്ല, മീഡിയാ സ്കാന്കാരന് (മാധ്യമംവാരിക, ജൂലായ് 25) വായനക്കാരോട് വല്ലാത്ത സ്നേഹമാണ്. ടിയാന് കാണുന്നതോ കാണണമെന്ന് നിര്‍ദ്ദേശിക്കുന്നതോ ആയ പത്രങ്ങളൊന്നും തന്നെ വായനക്കാര്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നില്ലത്രേ. എന്ത് കഷ്ടമാണ്. മൂന്നരയും നാലരയും ഉറുപ്പിക കൊടുത്ത് മേപ്പടി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വേണ്ടതൊന്നും അതിലില്ല. എന്നാല്‍ വിദ്വാന്മാര് പത്രാധിപന്മാര്ക്കയക്കുന്ന പ്രേമലേഖനങ്ങളെങ്കിലും നന്നായൊന്ന് കൊടുത്തുകൂടേ എന്നാണ് അശ്റഫിന്റെ ചോദ്യം. ഇത്തവണ വായനക്കാര്‍ക്കും പറയാനുണ്ട് എന്ന കുറിപ്പിലൂടെയാണ് വായനക്കാരുടെ വക്കാലത്തുമായി പ്രൊഫസര്‍ രംഗത്തുവരുന്നത്. ഇദ്ദേഹം കാണുന്നതുപോലെയും മനസ്സിലാക്കുന്നതുപോലെയും മാത്രമേ എന്തിനെയും സമീപിക്കാവൂ എന്നാണ് ചിട്ട. കാരണം മൂപ്പര് സത്യമേ കാണൂ, അതേ പറയൂ, അതിലേ ജീവിക്കൂ. ഇത്രയും കൃതാര്ഥാനിര്ഭരമായ നിലപാടുള്ള പ്രൊഫസറെ പ്രസിദ്ധ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എന്‍.എല്‍.ബാലകൃഷ്ണന് അത്ര പിടുത്തമില്ല.
ബാലകൃഷ്ണന്റെ, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (ജൂലായ് 24) ആ ഫോട്ടോയ്ക്ക് പിന്നില്‍ എന്ന കുറിപ്പില്‍ യാശീന്‍ അശ്റഫ് കണ്ട സത്യത്തെ നുള്ളിപ്പൊട്ടിക്കുന്നു. മാധ്യമം വാരികയില്‍ എന്‍.എല്‍.ബാലകൃഷ്ണനും അരവിന്ദന്റെ അനുജന് ഗോപനും നടന് കൃഷ്ണന്‍കുട്ടിനായരും ഉള്ള ഒരു ചിത്രം അച്ചടിച്ചുവന്നു. കൃഷ്ണന്‍കുട്ടിനായര്‍ക്ക് ഒരു കുപ്പിയില്‍ നിന്ന് വായിലേക്ക് എന്തോ ഒഴിച്ചുകൊടുക്കുകയാണ് ബാലകൃഷ്ണന്. കണ്ടപാടേ യാശീന്‍ മാധ്യമത്തില്‍ കാച്ചി. വായില്‍ മദ്യം ഒഴിച്ചുകൊടുത്ത് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണിതെന്ന് ! അത് സൂചിപ്പിച്ചുകൊണ്ട് ബാലകൃഷ്ണന് ഇങ്ങനെ എഴുതുന്നു: കുപ്പിയിലെ എല്ലാ ദ്രാവകവും മദ്യമാണെന്ന് കരുതുന്നത് ഒരു രോഗമാണ്. അത് മുന്വിധികള്കൊണ്ടുണ്ടാകുന്ന രോഗമാണ്. മാത്രവുമല്ല മദ്യം കഴിക്കുന്നത് ഇങ്ങനെയൊന്നുമല്ല. ഇങ്ങനെയൊക്കെ ആരെങ്കിലും മദ്യം കഴിക്കുമെന്ന് സാമാന്യബുദ്ധികള്‍ക്ക് തോന്നുകയുമില്ല. കോഴിക്കോട് നഗരത്തിലേക്കുള്ള യാത്രക്കിടയില്‍ ഏതെങ്കിലും ബാറില്പോയി ഇത്തിരിനേരം നില്‍ക്കുകയോ ഭേദപ്പെട്ടതൊന്നുമല്ലാത്ത കുടിയനോട് കാര്യം തിരക്കുകയോ ചെയ്താല്‍ അശ്റഫേ അബദ്ധം വരില്ല. പലപല അസുഖങ്ങളുള്ള കൃഷ്ണന്‍കുട്ടിനായര്‍ക്ക് ഷൂട്ടിങ് വേളകളില്‍ കൃത്യമായി അരിഷ്ടവും മരുന്നും നല്‍കിയിരുന്നത് ബാലകൃഷ്ണനായിരുന്നു. അത്തരമൊരു രംഗത്തിന്റെ ചിത്രത്തിലേക്കാണ് അശ്റഫ് ചളിവാരിയെറിഞ്ഞിരിക്കുന്നത്. അറിയുന്നതല്ലേ ചെയ്യാനാവൂ. അല്ലേ?
തൊട്ടുകൂട്ടാന്‍
നിന്റെ ഹൃദയതീരത്തൊരു
കുടിലുകെട്ടികുടിയിരിക്കാന്
ചിരട്ടയില്‍ കഞ്ഞിയും
കറിയും വയ്ക്കുന്ന
ബാല്യത്തിലേയ്ക്ക് നിന്റെ
കൈപിടിച്ച് നടക്കാന്‍
ജിജി കെ.ഫിലിപ്പ്
കവിത: തോന്നാറുണ്ട്
കേരളസമീക്ഷ മാസിക, കോട്ടയം (ജൂലായ്)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: