തുംഗ-ഭദ്ര നദികളുടെ ഉദ്ഭവസ്ഥാനമായ കര്‍ണാടകയിലെ ചിക്മംഗ്ലൂരില് ജനിച്ച ജയറാം രമേശ് ഹരിതാഭമായ പ്രകൃതിയെ അതിന്റെ എല്ലാ മനോഹാരിതകളോടും കൂടി അന്നേ മനസ്സില്‍ നിറച്ചിരിക്കാം.
വ്യാവസായികവിപ്ലവം തുടങ്ങി ഏറെ കഴിഞ്ഞിട്ടും യന്ത്രങ്ങളുടെ കാലം കഴിഞ്ഞിരുന്നില്ല. എന്നാല്‍ സംഗതി നന്നായി പഠിക്കണമെന്നായി ജയറാമിന്റെ മോഹം. മുംബൈയിലെ ഐഐടി തരക്കേടില്ലെന്നു കേട്ടുകേഴ്വി ഉണ്ടായിരുന്നതിനാല്‍ 1975ല്‍ അവിടെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നു. വിദേശത്താകുമ്പോള്‍ പഠിപ്പും സ്ഥലംകാണലും ഒന്നിച്ചുനടക്കുമെന്നു മനസ്സിലാക്കി 1977ല്‍ അമേരിക്കയിലെ മെല്ലോണ്‍ സര്‍വകലാശാലയില്‍ നിന്ന് മാനേജ്മെന്റിലും ബിരുദമെടുത്തു പിന്നെ ഒരു വര്‍ഷം എംഐടിയില്‍ സാമ്പത്തിക ശാസ്ത്രം. സാങ്കേതികനയം മുതലായവ അഭ്യസിച്ചു.
ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടന്‍ ധനകാര്യമന്ത്രിയുടെ ഉപദേഷ്ടാവായി . 1992-94 വരെ ആസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷന്റെ ഉപദേഷ്ടാവ്, 1991 പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഇതിനൊക്കെപുറമേ പ്ലാനിങ്ങ് കമ്മീഷന്, വ്യവസായമന്ത്രാലയം, മറ്റുസര്‍ക്കാര്‍ വകുപ്പുകള്‍ ഇവയിലും പ്രവര്‍ത്തിച്ചു. 2000 മുതല്‍ 2002 വരെ കര്‍ണാടക സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍, 2004ല്‍ ആന്ധ്രപ്രദേശില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ വ്യസായവകുപ്പില്‍ സഹമന്ത്രി. 2009 മെയ് 28 മുതല്‍ വനം പരിസ്ഥിതി മന്ത്രി.
ജയറാം രമേഷ് എ.രാജയില്‍ നിന്ന് ചുമതല ഏറ്റെടുക്കുന്നവരെ മന്ത്രാലയം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനത്തില്‍ ഓജസ്സും സുതാര്യതയും സൃഷ്ടിച്ച് അതിനെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനും ജയറാം ശ്രമിച്ചു. എന്തിന് സുതാര്യതയുടെ പ്രതീകമെന്നോണം ഓഫീസ് പോലും ചില്ലിട്ടു. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും. പഠിക്കാനും തന്മയത്വത്തോടെ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഇന്ത്യയിലെ വനമേഖല 23 ശതമാനത്തില്‍നിന്ന് 33 ശതമാനമാക്കുക, ഗംഗ, യമുന തുടങ്ങിയ നദികളെ മാലിന്യ വിമുക്തമാക്കുക പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മഴയെ ആശ്രയിച്ചാണെന്നും അതുകൊണ്ടുതന്നെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും രാജ്യത്തെ ബാധിക്കുമെന്നും കൈത്തുമ്പിലെ കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു. ഹിമാനികള്‍ 2035ഓടെ അപ്രത്യക്ഷമാകുമെന്നാണ് യുഎന്‍ കണക്കുകള്‍ എന്നാല്‍ 400 വര്‍ഷം കൊണ്ടേ അതു സംഭവിക്കു എന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തിലിന്റെ പക്ഷത്താണ് ജയറാം രമേഷ്. കാലാവസ്ഥമാറ്റം പോലും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ സ്വദേശിശാസ്ത്രവും അതിന്റെ നിരീക്ഷണങ്ങളും രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ, നേപ്പാള്‍, ചൈന എന്നീ മൂന്ന് രാജ്യങ്ങളുടെ സംയുക്ത സംപംഭമായി കൈലാസത്തയും ഹിമാനികളേയും സംരക്ഷിക്കാനുള്ള പദ്ധതിക്ക് മന്ത്രാലയം രൂപം കൊടുത്തതും ദീര്‍ഘദൃഷ്ടിയുടെയും വിവേകത്തിന്റെയും ലക്ഷണമാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം അതിരപ്പിള്ളി, പൂയംകുട്ടി, ഇടക്കൊച്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇവ പരിസ്ഥിതിയുടെ പേരില്‍ നഷ്ടമാവുകയാണ്. വിവാദങ്ങള്‍ ജയറാമിനൊപ്പമായിരുന്നു. ഐഐടി അദ്ധ്യാപകര്‍ക്ക് ലോകനിലവാരമില്ലെന്നും ഇന്ത്യന്‍ നഗരങ്ങള്‍ക്ക് ശുചിത്വമില്ലായ്മക്ക് നോബല്‍ സമ്മാനം ലഭിക്കുമെന്നും ബിരുദദാനചടങ്ങിന്റെ വസ്ത്രങ്ങള്‍ അപരിഷ്കൃതമായ കോളേണിയല്‍ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്നവെന്നും ജയറാം തുറന്നടിച്ചു.
2010 ഡിസംബറില്‍ ലോക്സഭാ അദ്ധ്യക്ഷനും രാജ്യസഭാസ്പീക്കര്‍ക്കും എംപിമാര്‍ തന്നെയും ഉദ്യോഗസ്ഥരേയും സമീപിച്ച് പദ്ധതികള്‍ക്കായി ശുപാര്‍ശചെയ്യുന്നുവെന്ന് ഇപ്പോള്‍ കത്തെഴുതി. തടയാന്‍ ശ്രമിച്ചതെങ്കിലും ഇതില്‍ പൂര്‍ണമായി വിജയിച്ചില്ല. അറിവും കാര്യശേഷിയും ഉണ്ടായിട്ടും ജയറാം പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല. കല്‍ക്കരി മന്ത്രാലയവുമായി വനഭൂമിയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളും ഉണ്ടായി.
കൊറിയന്‍ സഹായമുള്ള ഒറിസയിലെ പോസ്കോ കമ്പനിക്ക് അനുമതികൊടുക്കാന്‍, 400 ഏക്കര്‍ കണ്ടല്‍ കാട് നശിക്കുന്ന മുംബൈയിലെ പുതിയ വിമാനത്താവളം 35 കല്പനകളോടെ നടപ്പാക്കുന്നത്, രത്നഗിരിയിലെ ആണവനിലയം സംസ്ഥാനസര്‍ക്കാര്‍ പൂട്ടട്ടെ എന്നനിലപാട് മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഇടപെട്ടതിനാല്‍ തുടരുന്ന മഹേശ്വര് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്, ആന്ധ്രയിലെ പോളവാരത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍മാത്രം നടപടിയെടുത്തത്. ഉത്തരഖണ്ഡിലെ ലോഹരിനാഥ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് കോടികള്‍ മുടക്കിയശേഷവും പ്രധാനമന്ത്രി ഉപേക്ഷിക്കുന്നത്. ഒറിസയിലെ വേദാന്ത ബോക്സൈറ്റ് ഖാനി ആദിവാസികളുടെയും മറ്റും എതിര്‍പ്പിനെതുടര്‍ന്ന് ഉപേക്ഷിച്ചത്. ഇങ്ങനെ എതിരാളികള്‍ക്ക് ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണങ്ങള്‍ ഏറെയാണ്.
ആഗസ്റ്റ് 2009 മുതല്‍ ജൂലൈ 2010വരെ 769 പ്രൊജക്ടുകളാണ് ജയറാമിന് മുന്നിലെത്തിയത്. അതില്‍ 535 എണ്ണം അനുവദിക്കപ്പെട്ടപ്പോള്‍ 6 എണ്ണം തള്ളി ബാക്കിയുള്ളവ പരിഗണനയിലാണ്.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം തന്റെ പാരിസ്ഥിതിക സ്വപ്നങ്ങളില്‍ മായം ചേര്‍ക്കാന്‍ നിര്‍ബന്ധിതനായ ജയറാം പരിസ്ഥിതി നിയമങ്ങളെ മറികടക്കാന്‍ നിര്‍ബന്ധിതനാവുകയും ഗ്രാമവികസന വകുപ്പിലേക്ക് മാറ്റപ്പെടുകയും ചെയ്തു. വികസനവും പാരിസ്തിഥിക സംരക്ഷണവും ഒന്നിച്ച് കൊണ്ടുപോകാന്‍ സര്‍ക്കാരിനുകഴിയുന്നില്ലെന്നതാണ് വേദനിപ്പിക്കുന്ന പരമാര്‍ത്ഥം.
മാടപ്പാടന്‍ –
പ്രതികരിക്കാൻ ഇവിടെ എഴുതുക: