ഖാര്‍തൂം: ലോകഭൂപടത്തില്‍ പുതിയൊരു രാജ്യംകൂടി പിറവിയെടുത്തു. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങള്‍ക്കൊടുവില്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ സുഡാന് ഔപചാരികമായി രണ്ടാകുന്നതോടെ ലോകത്തിലെ 193-ാമത് രാജ്യമായി ദക്ഷിണ സുഡാന് കഴിഞ്ഞ ദിവസം പിറവിയെടുത്തു. ജൂബയാണ് പുതിയ രാജ്യത്തിന്റെ തലസ്ഥാനം.
ശനിയാഴ്ച ജൂബയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ സുഡാന് പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍, യുഎന്‍ പ്രസിഡന്റ് ബാന്‍ കി മൂണ്‍, ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തുടങ്ങിയ ലോകനേതാക്കള്‍ പങ്കെടുത്തു. ഡല്വ്കിര് ആണ് ദക്ഷിണ സുഡാന്റെ പ്രഥമ പ്രസിഡന്റ്. കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണ സുഡാനില്‍ നടന്ന ഹിതപരിശോധനയില്‍ 99 ശതമാനം പേരും പുതിയ രാഷ്ട്രനിര്‍മാണത്തെ അനുകൂലിച്ചതോടെയാണ് രാജ്യം രൂപീകരിക്കാന്‍ തീരുമാനമായത്. 1983-2005 കാലയളവില്‍ നടന്ന സുഡാനിലെ രണ്ടാമത്തേതും ഒടുവിലത്തേതുമായ ആഭ്യന്തരയുദ്ധത്തില്‍ തന്നെയായി 20 ലക്ഷം പേരോളം കൊല്ലപ്പെട്ടതായാണ് കണക്ക്. യുദ്ധക്കെടുതികള്മൂലം കടുത്ത അരക്ഷിതാവസ്ഥക്ക് വിധേയരായ 99 ശതമാനം സുഡാന്‍കാരും സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ടുചെയ്യുകയായിരുന്നു.
ഉത്തര സുഡാന് മുസ്ലീം ഭൂരിപക്ഷമായ രാജ്യമാണെങ്കിലും ദക്ഷിണ സുഡാനില്‍ ക്രിസ്ത്യാനികളടക്കമുള്ള തദ്ദേശീയ വംശജര്‍ക്കാണ് മേല്‍ക്കോയ്മയുള്ളത്. ഖര്‍തൂം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി പുതിയൊരു രാജ്യം വേണമെന്നുള്ള ദക്ഷിണ സുഡാന് നിവാസികളുടെ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാന് എന്നാണ് പുതിയ രാജ്യത്തിന്റെ ഔദ്യോഗിക നാമം.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ജൂബയിലെ തെരുവുകളില്‍ വന്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. രാജ്യത്തിനായി പോരാടിയ ധീരന്മാര് തങ്ങളോടൊപ്പമില്ലാത്തതാണ് ഏറ്റവും വലിയ ദുഃഖമെന്ന് സുഡാനില്‍ നിന്നും ദക്ഷിണ സുഡാനിലേക്ക് ചേക്കേറിയ മുന്‍മന്ത്രി കോള്‍ അലന് പറഞ്ഞു. കൗമാരക്കാരടക്കമുള്ളവര്‍ ആഭ്യന്തരയുദ്ധകാലത്ത് ദക്ഷിണ സുഡാന് സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
സാമ്പത്തികകാര്യങ്ങളില്‍ പിന്നോക്കമാണെങ്കിലും ദക്ഷിണ സുഡാന്റെ ഭൂമി പ്രകൃതിനിക്ഷേപങ്ങളാല്‍ സമ്പന്നമാണ്. പെട്രോളിയവും പ്രകൃതിവാതകത്തിനാവശ്യമായ ധാതുനിക്ഷേപവും രാജ്യത്ത് സുലഭമാണ്. ഇന്ത്യയും ചൈനയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ ദക്ഷിണ സുഡാന്റെ സൗഹൃദം പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ആഭ്യന്തരകലാപങ്ങളെത്തുടര്ന്നുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുക എന്നതാണ് ദക്ഷിണ സുഡാന് നേരിടുന്ന പ്രധാന വെല്ലുവിളി. യുദ്ധങ്ങളെത്തുടര്‍ന്ന് 40 ലക്ഷത്തോളം പേര് പലായനംചെയ്തിട്ടുണ്ട്. ഉയര്‍ന്ന ശിശുമരണം, നിരക്ഷരത എന്നീ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: