“പാലിച്ചു വാഗ്ദാനമെല്ലാം
വാഗ്ദത്ത ഭൂമിയലിലേക്കാണ് യാത്ര”
എന്ന കവി ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ ഉദ്ധരിച്ച് അവസാനിച്ച ധനമന്ത്രി കെ.എം. മാണിയുടെ ഒന്‍പതാമത് ബജറ്റ് 350 കോടിയുടെ കമ്മി ബജറ്റാണ്. റവന്യൂ വരുമാനം 39428 കോടി രൂപയും റവന്യൂചെലവ് 44961 കോടിയുമാണ്. “വാഗ്ദത്ത ഭൂമി”യിലെത്താതിരുന്ന മുന്‍ധനമന്ത്രി തോമസ് ഐസക്കിന്റെ ഇടക്കാല ബജറ്റിന്റെ അടിസ്ഥാനത്തില്‍ത്തന്നെ കെട്ടിപ്പടുത്ത സൗധമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ ഒന്‍പത് മാസത്തേക്കുള്ള ബജറ്റ്. അടിസ്ഥാന വികസനത്തിന് സേവനം നല്‍കുന്നതും പാര്ശ്വവല്കൃത സമൂഹത്തിന് സേവനം നല്‍കുന്നതുമായ ബജറ്റാണിത്. നികുതിപിരിവ് സാധ്യത കുറവായിരിക്കെ നൂതന ധനസംഭരണ മാര്‍ഗങ്ങളാണ് ധനമന്ത്രി തേടിയിരിക്കുന്നത്. സംസ്ഥാനം കടക്കെണിയിലാണെന്നും 2010-11 സാമ്പത്തികവര്‍ഷത്തെ ആഭ്യന്തര കടം 88887 കോടി രൂപയാണെന്നും ആസ്തിയുടെ രണ്ടിരട്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് മലപ്പുറം-കോട്ടയം കേന്ദ്രീകൃതമാണെന്ന ആരോപണം യുഡിഎഫില്‍നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു. കാര്‍ഷികമേഖലയെ അവഗണിച്ചെന്നും കര്‍ഷകനേതാവായ മന്ത്രി നെല്‍കൃഷിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പക്ഷെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നയത്തില്‍നിന്ന് വിഭിന്നമായി സാമൂഹ്യക്ഷേമരംഗത്തിന് ഊന്നല്‍ നല്കുന്ന ബജറ്റില്‍ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മാസം 300 രൂപ പെന്ഷന് നല്‍കാനുള്ള നിര്‍ദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. വ്യാപാരസമൂഹം ബജറ്റില്‍ തൃപ്തരാണ്. “എമെര്‍ജിംഗ് കേരള” എന്ന പേരില്‍ നിക്ഷേപസംഗമം നടത്തുമെന്നും കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി വളര്‍ത്തുമെന്നും പറഞ്ഞ ധനമന്ത്രി 500 കോടി രൂപ മുതല്‍മുടക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്വയംസംരംഭക പദ്ധതി നടപ്പാക്കുമെന്നും ഇതിനായി കെഎഫ്സി പലിശരഹിത വായ്പ നല്‍കുമെന്നും വാഗ്ദാനംചെയ്യുന്നു.
കെഎസ്ആര്‍ടിസിക്ക് നൂറ് കോടി, മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനനിര്‍മാണ പദ്ധതി, ചെറു നഗരങ്ങളില്‍ ഐടി പാര്‍ക്കുകള്‍ മുതലായവയും ബജറ്റ് പ്രഖ്യാപനങ്ങളാണ്. റോഡ് വികസനത്തിന് 1000 കോടി, റോഡ്-പാലം വികസനത്തിന് 200 കോടി, പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി എന്നിവ ബജറ്റ് പ്രഖ്യാപനങ്ങളാണ്. ഇപ്പോള്‍ത്തന്നെ വാഹനസാന്ദ്രത ഏറ്റവും കൂടിയ, തീരെ വീതി കുറഞ്ഞ കേരളത്തിലെ റോഡുകളില്‍ 1000 പുതിയ ബസ്സുകള്‍ ഇറക്കുമെന്നത് മറ്റൊരു വാഗ്ദാനമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തോമസ് ഐസക്ക് റോഡ് വികസനത്തിന് പ്രഖ്യാപിച്ചിരുന്നത് 40,000 കോടി രൂപയായിരുന്നു. ഇതുവരെ സ്ഥാപിച്ചിട്ടില്ലാത്ത ഇസ്ലാമിക് ബാങ്ക് സഹായം പ്രതീക്ഷിച്ചായിരുന്നു വാഗ്ദാനം. നികുതിയേതര-നികുതിനിര്‍ണയ വിഭവസമാഹരണം ലക്ഷ്യമിടുന്ന ബജറ്റ് ആഡബരക്കാറുകള്ക്ക് സെസ്, 4000 സ്ക്വയര്‍ ഫീറ്റ് ഉള്ള വീടുകള്‍ക്ക് സെസ്, വിദേശമദ്യ വിലവര്‍ധന, പാന്‍പരാഗിനും ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ക്കും വിലകൂട്ടല്‍ മുതലായവ സ്വാഗതം ചെയ്യപ്പെടുന്നു. പാന്‍പരാഗ് ലഹരി ഉല്‍പ്പന്ന ഉപഭോഗ നിയന്ത്രണമാണ് ലക്ഷ്യമിടുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ നഷ്ടം നികത്തുന്നതിന് അനുവദിച്ച അഞ്ച് ശതമാനം സര്‍ച്ചാര്‍ജ് പിന്‍വലിക്കും. സ്വര്‍ണം കോമ്പൗണ്ടിംഗ് നികുതി പ്രകാരം വാര്‍ഷിക വിറ്റുവരവിന്റെ 125 ശതമാനം നികുതി അടക്കുക വഴി 15 കോടി സമാഹരിക്കാനും ലക്ഷ്യമിടുന്നു.
ഒരു രൂപക്ക് ഒരു കിലോ അരി ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് 20 ലക്ഷം കുടുംബങ്ങള്‍ക്കാണ്. സംസ്ഥാനകണക്ക് 30 ലക്ഷം കുടുംബങ്ങളാണെന്നിരിക്കെ ബജറ്റില്‍ കൊള്ളിക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ കേന്ദ്ര കണക്കനുസരിച്ചുള്ളതാണ് എന്നതും വിമര്‍ശന വിധേയമാകുന്നു. കേരളത്തിന് നാല് മെഡിക്കല്‍ കോളേജുകള്‍കൂടി അനുവദിക്കുന്ന പ്രഖ്യാപനം സ്വാശ്രയ കോളേജിന്റെ പേരില്‍ വിലപേശല്‍ നടത്തുന്നവര്‍ക്ക് തിരിച്ചടിയാകും. കൊച്ചി മെട്രോക്കും സ്മാര്‍ട്ട് സിറ്റിക്കും വകയിരുത്തുക വഴി സംസ്ഥാനത്തിന് നല്ല വരുമാനം നല്കുന്ന കൊച്ചിക്ക് പ്രോത്സാഹനമായി. വിഴിഞ്ഞം പദ്ധതിക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിനും മുല്ലപ്പെരിയാര്‍ അതോറിറ്റിക്കും വകയിരുത്തിയതോടൊപ്പം തീരദേശ വികസനത്തിനും ബജറ്റ് ഊന്നല്‍ നല്കുന്നു. പക്ഷെ പാലക്കാടിന് പരിഗണന ലഭിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നു. സാഫല്യം പദ്ധതി പ്രകാരം 10,000 പേര്‍ക്ക് വീട്, 52 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനകരമായ രണ്ട് ലക്ഷം രൂപയുടെ രാജീവ് ആരോഗ്യശ്രീ, ഹൈസ്കൂള്‍വരെ സൗജന്യ ഉച്ചഭക്ഷണം, കെഎസ്എഫ്ഇയില്‍നിന്ന് വിദ്യാഭ്യാസ വായ്പ മുതലായവക്കു പുറമെ ഏറ്റവും സ്വാഗതാര്‍ഹമായത് കേരള സംസ്ഥാന ലോട്ടറി ഏഴ് ദിവസവും നറുക്കെടുപ്പ് പ്രഖ്യാപിച്ച് കിട്ടുന്ന വരുമാനം കാന്‍സര്‍ രോഗികള്‍ക്കും മറ്റും സഹായധനം നല്കാന് ഉപയോഗിക്കും എന്ന പ്രഖ്യാപനമാണ്.
ബജറ്റ് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മേഖലാപരമായ വിവേചനം പ്രകടമായ ബജറ്റ് എന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഇത് ആവര്‍ത്തനവിരസമായ ബജറ്റാണെന്നും കോട്ടയം കേന്ദ്രീകരിച്ചതാണെന്നും ആക്ഷേപിച്ചു. പ്രദേശങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സന്തുലനം ഇത് തകര്‍ക്കുമെന്നും തോട്ടങ്ങളുടെ അഞ്ച് ശതമാനം വിനോദസഞ്ചാര വികസനത്തിന് നല്‍കുന്നത് ദുരുപയോഗപ്പെടാമെന്നും ആശങ്കയുയര്‍ന്നു. നൂറ് ദിവസ കര്‍മപരിപാടിയില്‍ പറഞ്ഞ ധവളപത്രമിറക്കാതെയുള്ള ബജറ്റ് അവതരണവും വിമര്‍ശിക്കപ്പെട്ടു. സ്വന്തം മുന്നണിയെ തൃപ്തിപ്പെടുത്താന്‍ ലക്ഷ്യംവെച്ച ബജറ്റ് അംഗന്‍വാടി ജീവനക്കാരെപ്പോലും അവഗണിച്ച് സാമൂഹ്യക്ഷേമ പദ്ധതിക്കുള്ള ഊന്നല്‍ നശിപ്പിച്ചുവെന്നും പരമ്പരാഗത തൊഴില്‍മേഖലകളെ അവഗണിച്ചുവെന്നും കയര്‍, കശുവണ്ടി മേഖലപോലുള്ള അസംഘടിത മേഖലയെ അവഗണിച്ചതിലെല്ലാമുള്ള അതൃപ്തി പ്രകടിപ്പിക്കപ്പെട്ടു.
ക്ഷേത്രപുനരുദ്ധാരണത്തിന് അഞ്ച് കോടി, എറണാകുളം-ശബരിമല സംസ്ഥാനപാതക്ക് 2 കോടി, സീറോ വേയ്സ്റ്റ് ശബരിമല പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ച് കോടി, എരുമേലി ടൗണ്‍ഷിപ്പിന് രണ്ട് കോടി, ശിവഗിരി-പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി മുതലായവയും സ്വാഗതാര്‍ഹമായ ബജറ്റ് പ്രഖ്യാപനങ്ങളാണ്. ആശങ്കയുളവാക്കുന്ന വസ്തുതകളും ബജറ്റ് അവതരണ വേളയില്‍ വെളിപ്പെടുത്തുകയുണ്ടായി. സംസ്ഥാന കടബാധ്യത 93 ശതമാനം വര്‍ധിച്ച് 88857 കോടി രൂപയായി 2011-12 ല്‍ ഉയരും. സാമ്പത്തിക ബാധ്യതക്ക് മുന്‍ സര്‍ക്കാര്‍ തുക വകയിരുത്തിയില്ല. ശമ്പള-പെന്ഷന് കുടിശികതന്നെ 800 കോടി രൂപയാണെന്നും ഉടന്‍ കൊടുത്തുതീര്‍ക്കേണ്ട ബാധ്യത 2154 കോടിയാണെന്നുമാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: