കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. മെഡിക്കല്‍ പിജി പ്രവേശനത്തിന് ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മറ്റി നിശ്ചയിച്ച ഫീസ് അംഗീകരിക്കുകയില്ലെന്ന് കൗണ്‍സില്‍ പ്രതിനിധി ജോര്‍ജ് പോള്‍ പറഞ്ഞു. നാലുലക്ഷം മുതല്‍ 16 ലക്ഷം വരെ വിവിധ കോഴ്സുകള്‍ക്ക് ഫീസ് ഈടാക്കും. സര്‍ക്കാരിനോ മുഹമ്മദ് കമ്മറ്റിക്കോ ഫീസ് നിശ്ചയിക്കാനുള്ള അധികാരമില്ല. രണ്ടരലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വാര്‍ഷിക ഫീസ് ഈടാക്കാനാണ് മുഹമ്മദ് കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ നാല് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെയും ക്ലിനിക്കല്‍ വിഭാഗത്തില്‍ 12 ലക്ഷം മുതല്‍ 16 ലക്ഷം വരെയും ഫീസ് ഈടാക്കാണ്ട്വരുമെന്നാണ് കൗണ്‍സില്‍ നിലപാട്. നിലവിലുള്ള ഫീസ് സര്‍ക്കാര്‍ നിശ്ചയിച്ച് പി.എ. മുഹമ്മദ് കമ്മറ്റിയെക്കൊണ്ട് അംഗീകരിപ്പിച്ചതാണെന്ന് ജോര്‍ജ് പോള്‍ ആരോപിച്ചു.
അതേസമയം, ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് മെഡിക്കല്‍ കോളേജുകളില്‍ പിജി കോഴ്സുകളിലേക്ക് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും 23 പേര്‍ക്ക് പ്രവേശനം നല്കി. പുഷ്പഗിരി-5, അമല-8, ജൂബിലി-7, കോലഞ്ചേരി-3 എന്നിങ്ങനെയാണ് പ്രവേശനം നല്‍കിയത്. ഈ നാല് കോളേജുകളിലുമായി 56 സീറ്റുകളാണുള്ളത്. 50:50 അനുപാതം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും അഞ്ച് പേര്‍ക്ക് കൂടി പ്രവേശനം നല്‍കേണ്ടിവരും. ഇന്റര്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജുകളില്‍ മുമ്പ് മാനേജ്മെന്റ് നേരിട്ട് പ്രവേശനം നല്കിയ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടായിരിക്കും പുതിയതായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രതിനിധി ജോര്‍ജ് പോള്‍ അറിയിച്ചു.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: