വാത്സല്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം? അത് പറയേണ്ടതല്ല, അനുഭവിക്കേണ്ടത് എന്നത്രേ പറയാനുള്ളത്. സ്നേഹവും സാന്ത്വനവും കരുതിവെപ്പും ഒക്കെ ചേര്‍ന്ന ഒരു വികാരമാണ് വാത്സല്യം. അതുതന്നെ രണ്ടുവിധമുണ്ട്. സ്വാര്‍ഥകേന്ദ്രീകൃതമായതും അല്ലാത്തതും. സ്വാര്‍ഥത എന്നത് കൊണ്ട് മോശമായതാണ് എന്ന് ധരിക്കേണ്ടതില്ല. കുടുംബപരമായ കെട്ടുറപ്പിന്റെയും മുന്നോട്ടുള്ള പോക്കിന്റെയും ഉള്‍പ്രേരണയായും ആയത് വര്‍ത്തിക്കാം. എന്നാല്‍ സമൂഹത്തിനുനേരെയുള്ള വികാരമായി അത് മുന്നേറുമ്പോഴാണ് ലോകാസമസ്താസുഖിനോഭവന്തു എന്ന ആപ്തവാക്യത്തിന്റെ ഉള്‍പ്പൊരുള്‍ അറിയാനാവുന്നത്. മഹാത്മാഗാന്ധിയെന്ന പ്രഭാപൂരിതമായ വ്യക്തിത്വം അത്കണ്ടറിഞ്ഞുവെങ്കില്‍ ഇതാ ഇവിടെ മറ്റൊരുവ്യക്തി അത് വേറൊരുരീതിയില്‍ അനുഭവിപ്പിച്ചുതരുന്നു.
വിപ്ലവപ്പാര്‍ട്ടി നേതാവിന്റെ ഭാഷയില്‍ സിന്‍ഡിക്കേറ്റ് മാധ്യമങ്ങള്‍ അടച്ചാക്ഷേപി(ക്കുന്ന)ച്ച ഒരു സന്ന്യാസിനിയാണ് വാത്സല്യത്തിന്റെ വഴിയിലൂടെ കാരുണ്യത്തിനും അതുവഴി സമൂഹസേവയ്ക്കും മറ്റൊരു അര്‍ഥം കണ്ടെത്തുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഭാരതത്തിന്റെ അസ്മിതയും അതുതന്നെ.
സാധ്വിഋതംബര മെയ്ക്സ് ഹര് ഓണ്‍ വേള്‍ഡ് എന്ന പേരില്‍ തരുണ്‍ നംഗ്യ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിന്റെ (ജൂണ്‍ 19) ഞായറാഴ്ചപ്പതിപ്പില്‍ എഴുതിയ കാരുണ്യം തുളുമ്പുന്ന ഫീച്ചറിലാണ് ഋതംബരയുടെ വേറിട്ട ഒരു വഴി നാം കാണുന്നത്. ഭൗതികസാഹചര്യം മാത്രം പോര ഒരു മനുഷ്യന്റെ വളര്‍ച്ചക്കെന്ന് ഉറപ്പുള്ള ഈ സന്ന്യാസിനി വൈകാരിക പിന്തുണയും വേണമെന്ന് ശഠിക്കുന്നു. ഇവിടെയും ഒരു പ്രത്യേകതയുണ്ട്. സാധാരണ മനുഷ്യരുടെ കാര്യത്തിലുള്ള കാഴ്ചപ്പാടല്ല അത്.
ജീവിതത്തിന്റെ പെരുവഴിയിലേക്ക് വലിച്ചെറിയപ്പെട്ടവരും ദൗര്‍ഭാഗ്യവശാല്‍ അങ്ങനെ ആയിത്തീര്‍ന്നവരുമായ മനുഷ്യരെക്കുറിച്ചാണ് ഋതംബര പറയുന്നത്. അനാഥമാക്കപ്പെട്ട മനുഷ്യജന്മങ്ങളുടെ സര്‍വതോമുഖമായ വളര്‍ച്ചയാണ് ഈ സന്ന്യാസിനി ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് അനാഥരാക്കപ്പെട്ട അവര്‍ക്ക് ഭൗതിക സാഹചര്യം മാത്രം ഒരുക്കിക്കൊടുത്താല്‍ പോര എന്നവര്‍ പറയുന്നത്. അത്തരമൊരു കാഴ്ചപ്പാടിന്റെ പച്ചപ്പിലാണ് യുപിയിലെ വൃന്ദാവനത്തില്‍ അവര്‍ വാത്സല്യഗ്രാമം എന്ന ആശ്രമം കെട്ടിപ്പടുത്തിരിക്കുന്നത്. സനാഥരായവരുടെ വാത്സല്യം ഒതുക്കപ്പെട്ട ഒരു വികാരമാണെങ്കില്‍ അനാഥരായവര്‍ക്കു കിട്ടുന്ന വാത്സല്യത്തിന് കടലോളം ആഴമുണ്ട്, കുന്നോളം ഉയരമുണ്ട്, ആകാശത്തോളം വിശാലതയുണ്ട്. 54 കാരിയായ ഈ കാവിവസ്ത്രധാരിയെ സിന്‍ഡിക്കേറ്റ് മാധ്യമങ്ങള്‍ക്ക് എന്നും അവഗണനയുടെയും ആക്ഷേപത്തിന്റെയും മരുഭൂമിയിലേക്ക് തൊഴിച്ചെറിഞ്ഞ പാരമ്പര്യമേയുള്ളു എന്ന് ഇവിടെ ഓര്‍ക്കണം.
അനാഥരായ കുട്ടികള്‍ക്ക് എല്ലാവിധ ഭൗതികസാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത് വൈകാരികാനുഭൂതിയും നല്‍കുന്നതിലൂടെ ഈ സന്ന്യാസിനി കാണിച്ചുതരുന്ന സംസ്കാരത്തിന്റെ പ്രോജ്വല വഴികളെക്കുറിച്ചാണ് ഫീച്ചറില്‍ അതിമനോഹരമായി വിവരിക്കുന്നത്. തുടക്കം നോക്കുക: (മൊഴിമാറ്റത്തില്‍ വന്നുപോയേക്കാവുന്ന വൈകാരിക പിശകുകള്‍ക്ക് ക്ഷമചോദിക്കുന്നു) വൃന്ദാവനത്തിലെ വാത്സല്യഗ്രാമം. ജൂണ്‍ 10ലെ രാത്രിയുടെ അവസാനയാമം. ആശ്രമത്തിലെ മുഖകവാടത്തിലെ തൊട്ടിലില്‍ രണ്ട് പെണ്‍ചോരക്കുഞ്ഞുങ്ങള്‍. നിമിഷങ്ങള്‍ക്കകം അവര്‍ സുരക്ഷിതകരങ്ങളില്‍. അവര്‍ക്കിപ്പോള്‍ ഒരു വീടുണ്ട്, അമ്മയുണ്ട്, ആന്റിയുണ്ട്, മുത്തശ്ശിയുണ്ട്- അവരാണ് സാധ്വി ഋതംബര. അനാഥജന്മങ്ങള്‍ക്കുവേണ്ടി ഉയിര് ഉഴിഞ്ഞുവെച്ചിരിക്കുന്ന ഋതംബരയെ മാധ്യമങ്ങള്‍ എങ്ങനെയൊക്കെ കൊത്തിപ്പറിച്ചാലും സമൂഹം അവരെ തങ്ങളുടെ രക്ഷകയായി കാണുന്നുവെന്ന് തരുണ്‍നംഗ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. ഇപ്പോള്‍ 30ഓളം കുടുംബങ്ങളാണ് വാത്സല്യഗ്രാമത്തിലുള്ളത് ഇവിടെയെത്തുന്ന ഓരോകുട്ടിക്കും വൈകാരികമായി അമ്മയെയും ബന്ധുക്കളെയും കിട്ടുന്നു എന്നതത്രേ പ്രത്യേകത. ഗോശാല, സ്കൂള്‍, പരിശീലനത്തിനുള്ള സ്ഥലം എന്നുവേണ്ട സര്‍ക്കാരിന് വിഭാവനം ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയുണ്ടെന്ന് ഫീച്ചറില്‍ വിശദീകരിക്കുന്നു.
2003ല്‍ ന്യൂദല്‍ഹിയിലെ ജ്വാലാനഗറില്‍ സ്ത്രീകള്‍ക്ക് സാങ്കേതിക പരിശീലനത്തിനുള്ള ഒരു സംവിധാനം ആരംഭിക്കുന്നതു മുതലാണ് ഋതംബരയുടെ സാമൂഹികസേവനചിറകുകള്‍ മുളച്ചത്. പിന്നീടത് ശക്തിപ്രാപിച്ച് ആരും എന്തിനും സഹായത്തിനെത്തുന്ന രീതിയിലേക്ക് വളര്‍ന്ന് വാത്സല്യഗ്രാമമായി. അന്ന് പണത്തിന് ഞെരുങ്ങിയെങ്കില്‍ നോക്കൂ ഇന്നത്തെ അവസ്ഥ നിങ്ങള്‍ കണ്ടോ എന്ന് ഋതംബര ലേഖകനോട് ചോദിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഫീച്ചര്‍ അവസാനിപ്പിക്കുന്നത്. അമ്മയുടെ മടിയില്‍ കിടന്ന് സ്വാസ്ഥ്യം കൊള്ളുന്ന ഒരനുഭൂതി അഭിവ്യഞ്ജിപ്പിക്കാന്‍ ഫീച്ചറിനു കഴിയുന്നു എന്നത് എത്ര ആഹ്ലാദകരം! കൂടുതല്‍ ഋതംബരമാര്‍ ഉണ്ടായിവരട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം.
മഖ്ബൂല്‍ഫിദാഹുസൈനോട് ഭാരതീയര്‍ എന്തോതെറ്റുചെയ്തു എന്നാണ് മാധ്യമ (ജൂണ്‍ 27)ത്തിലെ വിജു വി. നായരും അവരുടെ മുഖപ്രസംഗകാരനും മലയാള (ജൂണ്‍ 24)ത്തില്‍ കെ.ഹരിദാസും ദേശാഭിമാനി (ജൂണ്‍ 26)യില്‍ കെ.പി.മോഹനന് പത്രാധിപരും പി.ഗോവിന്ദപ്പിള്ളയും കെ.എം.നരേന്ദ്രനും എം.മുകുന്ദനും, പി.പി.ഷാനവാസും മാതൃഭൂമി (ജൂണ്‍ 26)യില്‍ പാര്‍ഥിവ്ഷായും ആനന്ദ പട്വര്‍ധനും കെ.ആര് വിനയനും മറ്റും മറ്റും ഘോഷിക്കുന്നത്. മേപ്പടി വിദ്വാന്മാര് പറയുന്നതെന്തന്നാല്‍ കലാകാരന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. മൂപ്പര് എന്തും വരയ്ക്കും. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അയാളുടെ കണ്ണ്‍ക്യാമറയിലൂടെ മാത്രമേ നമ്മളും കാണാന്‍ പാടുള്ളു എന്നത്രേ. സ്വന്തം മത-വൈകാരിക- സ്നേഹചിത്രങ്ങളെ അതിന്റെ സ്വത്വാത്മകതനിമയോടെ കോറിയിടുന്ന മഖ്ബൂല്‍ഫിദാഹുസൈന്‍തന്നെ വിശ്വാസികളുടെ ഹൃദയത്തിലേക്ക് കൂരമ്പ് തറച്ചുകയറ്റുന്ന ചിത്രങ്ങളും വരയ്ക്കുന്നു എന്ന സത്യം കാണാതെ ഇവരൊക്കെ രാഷ്ട്രീയക്കാരന്റെ മ്ലേച്ഛതയുടെ പുറമ്പോക്കില്‍ അലയുകയാണ്. ഒരാളുടെ വിശ്വാസത്തെ കരുതിക്കൂട്ടി വ്രണപ്പെടുത്തുന്നിടത്ത് കല ആത്മഹത്യ ചെയ്യുകയാണ്. മേപ്പടി ഹുസൈനും അദ്ദേഹത്തിന് വേണ്ടി ചാവേറുകളായി രംഗത്തുള്ളവര്‍ക്കും എതിര്‍പ്പ് ഹൈന്ദവവിശ്വാസപ്രമാണങ്ങളോടാണ് എന്ന യാഥാര്‍ഥ്യം വികൃതമായി തന്നെ കിടപ്പുണ്ട്. ഏതു ഹുസൈന് ബ്രഷുപയോഗിച്ചാലും അതിന്റെ വൈകൃതം പോവുമെന്ന് തോന്നുന്നില്ല. ഒരേതൂവല്‍പക്ഷികളായതിനാല്‍ അതങ്ങനെ തന്നെ കിടക്കട്ടെ. സാര്‍ഥവാഹകസംഘത്തിന് യാത്ര തുടരാതെ വയ്യ. ഒന്നുണ്ട്, ഹുസൈന് വരച്ചത് തല്പരകക്ഷികള് വ്യാഖ്യാനിക്കുംപോലെ ഏഴൈപ്പാവങ്ങളും വ്യാഖ്യാനിക്കണമെന്ന് കല്‍പ്പിക്കരുത്. ഫാസിസത്തിന്റെ വഴിയിലേക്ക് ഉന്തിത്തള്ളിവിടരുത്, പ്ലീസ്.
കാവികണ്ടാല്‍ അലര്‍ജി തോന്നുന്നതിന് പ്രത്യേക ചികിത്സാവിധിയൊന്നും അഷ്ടാംഗഹൃദയത്തില്‍ ഇല്ലെന്ന് ഇതിനെക്കുറിച്ച് വിവരമുള്ള ചിലര്‍ പറയുന്നു. അഥവാ ഉണ്ടായിരുന്നെങ്കില്‍ ചികിത്സവേണമെന്നു പറഞ്ഞ് ആരും പോവുകയുമില്ല. ബാബാരാംദേവ് പേരുകേട്ട സന്ന്യാസിയൊന്നുമല്ലെങ്കിലും അദ്ദേഹം കാവിവസ്ത്രം ധരിക്കുകയും യോഗാഭ്യാസങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ആര്‍ക്കുവേണമെങ്കിലും അത് പഠിക്കുകയും ചെയ്യാം. നമ്മുടെ വെങ്കിടേഷ് രാമകൃഷ്ണന് എന്ന മഹിതാശയന് ഇത്തരമൊരു ചികിത്സയുടെ ആവശ്യമുണ്ട്. പക്ഷേ, എവിടെകിട്ടാന്‍? ടിയാന് മാധ്യമം (ജൂണ്‍ 27) ആഴ്ചപ്പതിപ്പില്‍ ഒരു കൃതിരചിച്ചിട്ടുണ്ട്. പേര്: നെല്ലിപ്പലക തട്ടിയ രാഷ്ട്രീയം. ദ ഹിന്ദു/ ഫ്രണ്ട്ലൈന് എന്നിവകളുടെ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകന്‍ എന്നറിയുമ്പോള്‍ ഏത് മഷിയിലായിരിക്കും എഴുതുക എന്ന് വ്യക്തം. എന്‍.റാമിന്റെ പരീക്ഷണശാലയിലെ കൃത്യമായ പരീക്ഷണങ്ങള്‍ക്കു ശേഷം രാമകൃഷ്ണന് എത്തിച്ചേരുന്നത് ഇതാ ഇങ്ങനെയൊരു നിരീക്ഷണത്തിലാണ്. രാംദേവിന്റെ വാക്കുതെറ്റിക്കലും പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ സംഭവങ്ങളും യോഗ ഗുരുവിന്റെ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റിലേക്കും അയാളുടെ പ്രക്ഷോഭങ്ങളിലേക്കും എത്രമാത്രം ആഴത്തിലാണ് സംഘ്പരിവാറും ബിജെപിയും നുഴഞ്ഞുകയറിയിട്ടുള്ളത് എന്നതിന്റെ തെളിവാണ്. മേപ്പടി രാമകൃഷ്ണനും തല്പരകക്ഷികളും ഇന്ത്യാമഹാരാജ്യം മൊത്തം പാട്ടത്തിനെടുത്തുവെന്ന് വിവരമില്ലാത്ത പാവങ്ങള്‍ അറിഞ്ഞിരുന്നില്ല. ക്ഷമിച്ചോളീ….
തൊട്ടുകൂട്ടാന്‍
ചിലരവനെ പ്രാര്‍ഥിക്കുന്നാരാധിക്കുന്നു
മറ്റുചിലര്‍വില്‍ക്കുന്നുവരുമാനം നേടുന്നു
ആരാണവനെന്തിനാണവ-
നെവിടെയാണവനെന്നസന്ദേഹത്തിലും
ഞാനവനെയാരാധിക്കുന്നു
വിശ്വാസിയായതില്‍.
സുധികുഞ്ഞിക്കണ്ണന്‍
കവിത: വിശ്വാസി
യുഗദര്‍ശനം മാസിക, തളിപ്പറമ്പ് (ജൂണ്‍)
-കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: