കൊച്ചി: പാലക്കാട്ടെ പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒരു ഡിവൈഎസ്പിയും രണ്ട് എസ്ഐയും ഒരു കോണ്‍സ്റ്റബിളും ഒരു കരാറുകാരനുമടക്കം അഞ്ചുപേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന് എസ്ഐമാരായ പി.വി. രമേഷ്, ടി.എന്‍. ഉണ്ണിക്കൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍ എ.പി. ശ്യാമപ്രസാദ്, ഡിവൈഎസ്പി സി.കെ. രാമചന്ദ്രന്, കരാറുകാരനായ പാലക്കാട് കടവങ്കോട് ഐടിഐ ഹൗസിങ് കോളനിയിലെ ബിനു ഇട്ടൂപ്പ് എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍. പി.വി. രമേഷ്, ടി.എന്‍. ഉണ്ണിക്കൃഷ്ണന്, ശ്യാമപ്രസാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റമുള്ളത്. കുറ്റസമ്മതത്തിനായി അന്യായമായി തടങ്കലിലാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ എല്ലാ പ്രതികള്‍ക്കു മേലും ചുമത്തിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് അഞ്ചാം പ്രതി ബിനു ഇട്ടൂപ്പിന്റെ പേരിലുള്ളത്.
പ്രതികള്‍ നടത്തിയ അഞ്ചു മണിക്കൂറോളം നീണ്ട ക്രൂരമായ പീഡനത്തിനൊടുവിലാണ് സമ്പത്ത് കൊല്ലപ്പെട്ടതെന്ന് കുറ്റപത്രത്തിലുണ്ട്. മെയ് 17 മുതല്‍ പോലീസുകാരായ പ്രതികള്‍ സസ്പെന്‍ഷനിലാണ്. ഷീലയെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ രണ്ട് മൊബെയില്‍ ഫോണ്‍ മോഷ്ടിച്ചിരുന്നു. ഇതിലൊന്ന് കനകരാജ് ഉപയോഗിച്ചതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. തുടര്‍ന്ന് ദേശമംഗലത്തുവച്ച് കനകരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ കൗണ്ടര്പാളയത്തില്നിന്ന് മണികണ്ഠന്, സമ്പത്ത് എന്നിവരെ പിടികൂടിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല. കോയമ്പത്തൂരില്‍ കമ്മീഷണറുടെ ഓഫീസില്‍ പ്രതികളെ എത്തിച്ചപ്പോള്‍ പാലക്കാട് എസ്പി വിജയ് സാക്കറെയും ഉണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിലുണ്ട്. തുടര്‍ന്ന് ഐജി മുഹമ്മദ് യാസിന്, ഡിവൈഎസ്പി രാമചന്ദ്രന്, സിഐ വിപിന്‍ദാസ് എന്നിവര്‍ പല സമയങ്ങളിലായെത്തി. പിന്നീട് മുഹമ്മദ് യാസിന് ഷീലയുടെ അമ്മ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലേക്കു പോയി. തെളിവെടുപ്പിനുശേഷം മണികണ്ഠന്, സമ്പത്ത് എന്നിവരെ കുറ്റം സമ്മതിപ്പിക്കാനായി കേരളാ പോലീസിന് വിട്ടുകൊടുത്തു. കോയമ്പത്തൂരില്‍നിന്ന് പാലക്കാട്ടേക്കുള്ള യാത്രാമധ്യേ സിഐ വിപിന്‍ദാസ് ഹേമാംബിക നഗര്‍ സിഐയോട് പ്രതികളെ ചോദ്യം ചെയ്യാനായി രഹസ്യസങ്കേതം ഒരുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മലമ്പുഴ ഡാമിനടുത്തുള്ള റിവര്‍ സൈഡ് കോട്ടേജിലെ താഴത്തെ നിലയില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തു. അവിടെയെത്തിയാണ് സമ്പത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
നേരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഐപിഎസുകാരായ മുഹമ്മദ് യാസിന്, വിജയ് സാക്കറെ, സിഐ വിപിന്‍ ദാസ് എന്നിവരെ കുറ്റപത്രത്തില്‍ പ്രതികളാക്കിയിട്ടില്ല. കേസില്‍ നേരത്തെ എട്ടുപേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: