ലക്നൗ: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന തടവുകാരന് ജയില്‍മോചിതനായി. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നൂറ്റി എട്ടാം വയസില്‍ കഴിഞ്ഞ ദിവസം ബ്രിജ് ബിഹാരി ഗോരക്പ്പൂരിലെ ജയില്‍ നിന്നും മോചിതനായത്.
എണ്‍പത്തി നാലാം വയസ്സിലായിരുന്നു ബ്രിജ് ബിഹാരി ജയിലിലേക്ക് പോയത്. 1987 ജൂണ്‍ 15 ന് മഹാരാജ്ഗഞ്ചിലെ ജഗന്നാഥ് അമ്പലത്തില്‍ മുഖ്യ പുരോഹിതനെ കൊലപ്പെടുത്തിയ കേസിലാണ് ബിഹാരി ജയിലിലായത്.
ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബിഹാരിയെ ഒഴിവാക്കി രാമാനുജത്തെ ക്ഷേത്രത്തില്‍ മുഖ്യ പൂജാരിയായി നിയമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബിഹാരിയും പതിനഞ്ചുപേരും ചേര്‍ന്ന് രാമാനുജത്തെ വധിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മറ്റു മൂന്നുപേരും കൊല്ലപ്പെട്ടു.
പ്രായാധിക്യത്തെ തുടര്‍ന്നുണ്ടായ അസുഖങ്ങളെ തുടര്‍ന്ന് കുറേ ദിവസം മുമ്പ് ഗോരക്പ്പൂരിലെ ജില്ലാ ജയിലില്‍ ബിഹാരിയെ പ്രവേശിപ്പിച്ചിരുന്നു. മനുഷ്യത്വപരമായ കാരണങ്ങളായിരുന്നു ജയില്‍ മോചിതനാക്കിയത്. നാലുപേരുടെ കൊലപാതകത്തിനിടയാക്കിയ കേസില്‍ ജയിലിലായ ബിഹാരിക്കും മറ്റു പത്തുപേര്‍ക്കും അലഹബാദ് ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് 26 ന് ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍ ജാമ്യമെടുക്കേണ്ട മരുമകനും മറ്റു അടുത്ത ബന്ധുക്കളും ഇതേ കേസില്‍ ജയിലിലായതിനാല്‍ നീണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ജാമ്യത്തിനുള്ള തുക കെട്ടിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: