കൊച്ചി : ചേരാനല്ലൂരില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സംശയം.കാറോടിച്ച 17 കാരന്‍ ജഡ്ജിയുടെ മകനാണെന്നതിനാലും ഉന്നത സ്വാധീനം ഉളളതിനാലും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പറയുന്നു.
ജഡ്ജിയുടെ മകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.പൊലീസ് സ്റ്റേഷനില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ക്ഷുഭിതനായി സംസാരിച്ചു എന്നാണ് വിവരം. ഇടിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് മായ്ച്ചുകളയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി.
17 വയസുകാരന് വണ്ടി കൊടുത്തുവിടാന്‍ പാടുണ്ടോ എന്ന ചോദ്യത്തോട് അഹങ്കാരത്തോടെയാണ് ജഡ്ജി മറുപടി നല്‍കിയത്.ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ എന്തിന് വണ്ടി കൊടുത്തുവിട്ടു എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ചോദ്യം ചെയ്യണ്ട എന്ന് പറഞ്ഞ ജഡ്ജി ഞങ്ങളെ തല്ലാന്‍ എന്ന രീതിയില്‍ മുഷ്ടി ചുരുട്ടിയാണ് അടുത്തേക്ക് വന്നതെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ അനന്തരവള്‍ ജയലക്ഷ്മി പറഞ്ഞു.പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്കാണുളളത്.
മൂന്ന് മക്കളുടെ അച്ഛനാണ് മരിച്ചത്. ഒരു 48 കാരി വിധവയായി. കഷ്ടപ്പെട്ട് കുടുംബത്തിനായി ജീവിച്ച ആളാണ് പോയത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ എടുത്തത് പൊലീസ് തന്നെ ഡിലീറ്റ് ചെയ്യിപ്പിച്ചു എന്ന് മരിച്ച ജയബപാലകൃഷ്ണന്റെ സഹോദരന്‍ സെല്‍വരാജ് ആരോപിച്ചു. ദൃശ്യങ്ങള്‍ എടുക്കാന്‍ പാടില്ല എന്ന് ജഡ്ജിയും പറഞ്ഞു.
ലൈസന്‍സ് ഇല്ലാത്ത മകന് വാഹനമോടിക്കാന്‍ നല്‍കിയതില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.


















