തിരുവനന്തപുരം:കരമന പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തിയ നേമം സി ഐയോട് കളളം പറഞ്ഞ സി പി ഒയ്ക്ക് ‘പണി’ കിട്ടി. വെളളിയാഴ്ച മിന്നല്‍ പരിശോധനയ്ക്കെത്തിയ സി ഐ ശ്രീലാല്‍ ജി ഡി ഡ്യൂട്ടി ആര്‍ക്കെന്ന് ചോദിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സി പി ഒ അജി തനിക്കാണെന്ന് ആവകാശപ്പെട്ടു. പാറാവ് ഡ്യൂട്ടി ആര്ക്കെന്നാരാഞ്ഞപ്പോള് സമീപമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനെ ചൂണ്ടിക്കാട്ടി.
മുമ്പ് സി പി ഒ ആയിരുന്നതിനാല്‍ പൊലീസുകാരുടെ സകല ‘തരികിട’കളും അറിയുന്ന സി ഐ ഡ്യൂട്ടി രജിസ്റ്റര്‍ പരിശോധിച്ചു.അതില്‍ കണ്ടത് മറ്റ് രണ്ട് പേരുകള്‍. കളളം കയ്യോടെ പൊക്കിയ സി ഐ സി പി ഒ അജിക്കെതിരെ പൊലീസ് നടപടിയായ ഓര്‍ഡര്‍ലി മാര്‍ച്ചിനും ഉത്തരവിട്ടു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സി ഐ ശ്രീലാല്‍.
സി ഐ എത്തുമ്പോള്‍ ശരിക്കും ജി ഡി, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ സ്റ്റേഷനില്‍ എത്തി വസ്ത്രം മാറി യൂണിഫോം ധരിക്കുകയായിരുന്നു.ഇക്കാര്യം എസ് ഐ പറയാന്‍ തുടങ്ങുമ്പോഴേക്കുമാണ് സി പി ഒ അജി ചാടിക്കയറി തനിക്കാണ് ജി ഡി ഡ്യൂട്ടിയെന്ന് അവകാശപ്പെട്ടത്. സഹപ്രവര്‍ത്തകരെ സി ഐയുടെ ശകാരത്തില്‍ നിന്നും രക്ഷപ്പെടുത്തി ‘ ഓവര്‍സ് മാര്‍ട്ട്’ ആകാന്‍ ശ്രമിച്ചതാണെങ്കിലും ഫലത്തില്‍ ഈ പ്രവര്‍ത്തി സ്റ്റേഷനിലെ പൊലീസുകാരെ ആകെ കുഴപ്പത്തിലാക്കുന്നതായി.സി ഐയെ കബളിപ്പിക്കാന്‍ ശ്രമിച്ചത് ഗുരുതര വീഴ്ച ആണെന്നാണ് പൊലീസുകാരുടെ തന്നെ അടക്കം പറച്ചില്
കുടുങ്ങിയ സി പി ഒ പലവിധ ‘തരികിടകള്‍’ കൈവശമുളള ആളാണെന്ന് പൊലീസുകാര്‍ തന്നെ പറയുന്നുണ്ട്. സ്റ്റേഷനിലെ പൊലീസുകാരെ തമ്മിലടിപ്പിക്കുന്നതില്‍ ഇയാള്‍ വിരുതനാണത്രേ.കേസ് അന്വേഷണത്തിന് പോകുന്നുവെന്ന് കാട്ടി കരമനയിലും പരിസരങ്ങളിലുമുളള പെട്രോള്‍ പമ്പുകളില്‍ നിന്ന് സ്വന്തം ബൊലീറോ വാഹനത്തില്‍ സൗജന്യമായി ഡീസല്‍ നിറയ്ക്കുന്നത് ഇയാളുടെ പതിവ് രീതിയാണെന്നാണ് ആക്ഷേപം.
അനധികൃതമായി മണ്ണ് കയറ്റി പോകുന്ന ടിപ്പര്‍ ലോറികളില്‍ നിന്ന് വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടതിന് ഡ്രൈവര്‍മാര്‍ ഇയാളെ നാട്ടുകാര്‍ നോക്കി നില്‍ക്കെ അസഭ്യം വിളിച്ച സംഭവമുണ്ടായിട്ടുണ്ട്.
















