India

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചണ്ഡീഗഢ്: പഞ്ചാബിൽ അതിവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് റോഡരികിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം. അപകടത്തിൽ എട്ട് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിയേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ചോട്ടിയാൻ ഗ്രാമത്തിന് സമീപമുള്ള ജഖൽ റോഡിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.

സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 23 തൊഴിലുറപ്പ് തൊഴിലാളികളാണ് റോഡുപണിയുമായി ബന്ധപ്പെട്ട് അപകടം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റായ്ധ്രാന സ്വദേശിയായ പർഗത് സിങ് കല എന്നയാളാണ് കാർ ഓടിച്ചിരുന്നത്. അതേസമയം ഇയാൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.കർമ്മജീത് കൗർ, നിക്കി, സർബ്ജീത് കൗർ, രഞ്ജീത് കൗർ, കർമ്മജീത്, റാണി കൗർ എന്നീ ആറ് സ്ത്രീകളും ജീവൻ സിംഗ്, ദേശ് രാജ് എന്നീ രണ്ട് പുരുഷന്മാരുമാണ് സംഭവത്തിൽ മരണപ്പെട്ടത്.

കുറഞ്ഞത് 23 തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, അവരിൽ നാലോ അഞ്ചോ പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രദേശവാസികൾ പറയുന്നു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, ഡ്രൈവറെ പിടികൂടുന്നതിനായി പരിശോധനകൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Recent Posts