Samskriti

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

Published by
ജി.എം. മഹേഷ്‌

‘സിദ്ധി’ എന്നത് സാധാരണയായി നേട്ടം, പ്രാപ്തി, പൂർത്തീകരണം, ആത്മീയസാധനയുടെ ഫലം എന്നീ അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.
‘ദാത്രി’ – നൽകുന്നവൾ അതിനാൽ സിദ്ധിദാത്രി സിദ്ധി നൽകുന്ന ദേവി. സിദ്ധി എന്നത് ഒരു സാധനയുടെ പൂർണ്ണത കൂടിയാണ്.
വിത്ത് വൃക്ഷമായി വളരുന്നതിൽ ഒരു സിദ്ധിയുണ്ട്. പൂവ് സുഗന്ധമായി മാറുന്നതിൽ ഒരു സിദ്ധിയുണ്ട്. ജ്ഞാനം ജീവിതമായി മാറുന്നതിൽ ഒരു സിദ്ധിയുണ്ട്.
സാധന അനുഭവമായി മാറുന്നതിലും സിദ്ധിയുണ്ട്. അങ്ങനെ നോക്കുമ്പോൾ സിദ്ധിദാത്രി എന്നത് ശ്രമത്തെ ഫലത്തിലേക്കും, സാധനയെ സാക്ഷാത്കാരത്തിലേക്കും, അന്വേഷണമെല്ലാം പൂർണ്ണതയിലേക്കും നയിക്കുന്ന ആദിശക്തിയാണ്. നവമി ഒരു ദേവിയെ മാത്രം ആരാധിക്കുന്ന ദിവസം എന്നതിലുപരി, ഒൻപത് ഘട്ടങ്ങളിലൂടെ സഞ്ചരിച്ച ആത്മീയയാത്രയെ പൂർണ്ണമായി അനുഭവിക്കുന്ന ദിവസം കൂടിയാണ്.
ഇവിടെയാണ് സിദ്ധിദാത്രിയുടെ സ്ഥാനത്തിന്റെ മഹത്വം.ദേവി ഒൻപതാമത്തെ രൂപം മാത്രമല്ല. മുൻ എട്ട് ഘട്ടങ്ങളെയും ഒരു പൂർണ്ണവൃത്തത്തിൽ കൂട്ടിച്ചേർക്കുന്ന അവസാനബിന്ദുവാണ്. ആരംഭിച്ചിടത്തേക്ക് തന്നെ യാത്ര തിരികെ എത്തുന്നു. പക്ഷേ തിരിച്ചെത്തുന്നത് പഴയ മനുഷ്യനല്ല, പരിണമിച്ച മനുഷ്യനാണ്. സിദ്ധിദാത്രിയെക്കുറിച്ചുള്ള പരമ്പരാഗത വിവരണങ്ങളിൽ അഷ്ടസിദ്ധികൾക്ക് പ്രധാന സ്ഥാനമുണ്ട്. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാമ്യം, ഈശിത്വം, വശിത്വം എന്നിവയാണ് സാധാരണയായി പറയപ്പെടുന്ന എട്ട് സിദ്ധികൾ. ശക്തി ലഭിച്ചതുകൊണ്ട് മാത്രം മനുഷ്യൻ പൂർണ്ണനാകുന്നില്ല. ശക്തിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് യഥാർത്ഥ പരീക്ഷണം. ജ്ഞാനം അഹങ്കാരമായി മാറാം.
ശക്തി അധികാരമായി മാറാം. സിദ്ധി പ്രദർശനമായി മാറാം. അനുഭവം പോലും ആത്മഗർവ്വമായി മാറാം. അതുകൊണ്ടാണ് സിദ്ധിദാത്രിയുടെ യഥാർത്ഥ മഹത്വം ‘സിദ്ധി നൽകുന്നതിൽ’ മാത്രമല്ല, സിദ്ധിയേക്കാൾ അപ്പുറമുള്ള വിവേകം നൽകുന്നതിലാണ്.

സിദ്ധി ലഭിച്ചശേഷം എന്താണ് ശേഷിക്കുന്നത്? ഇതാണ് സിദ്ധിദാത്രിയുടെ ഏറ്റവും വലിയ ചോദ്യം. ഒരു സാധകൻ സിദ്ധികൾ നേടി. അവന് ജ്ഞാനം ലഭിച്ചു.
അനുഭവങ്ങൾ ലഭിച്ചു.
ആത്മീയമായ ഉയർച്ച ലഭിച്ചു. അപ്പോൾ എന്ത്?
ഇനിയും ‘ഞാൻ’ എന്ന ബോധം അവശേഷിക്കുന്നുവെങ്കിൽ യാത്ര പൂർണ്ണമായോ? സിദ്ധിദാത്രി ഇവിടെ വളരെ സൂക്ഷ്മമായൊരു ആത്മീയപാഠം നൽകുന്നു.
സാധനയുടെ പരമാവധി നേട്ടം അത്ഭുതശക്തിയല്ല. സ്വയം സ്വന്തമാക്കുന്നതാണ്. പുറത്തെ ലോകം കീഴടക്കുന്നതല്ല. സ്വന്തം അഹങ്കാരത്തിന്റെ കേന്ദ്രം സുതാര്യമാകുന്നതാണ്. അനുഭവങ്ങളെ സ്വന്തമാക്കാതെ അവയിലൂടെ കടന്നുപോകുന്നതാണ്. അവിടെയാണ് സിദ്ധി യഥാർത്ഥത്തിൽ അനുഗ്രഹമാകുന്നത്. മഹാഗൗരിയിൽ മനസ്സ് നിർമ്മലമായിരുന്നു.
സിദ്ധിദാത്രിയിൽ ആ നിർമ്മലത സ്വീകരണശേഷിയായി മാറുന്നു.
മനസ്സ് ശുദ്ധമായപ്പോൾ അനുഗ്രഹം തിരിച്ചറിയാൻ കഴിയും. ജ്ഞാനം മുന്നിൽ വന്നാൽ സ്വീകരിക്കാം. സത്യം വേദനിപ്പിച്ചാലും സ്വീകരിക്കാം. ജീവിതം മാറ്റം ആവശ്യപ്പെട്ടാൽ സ്വീകരിക്കാം. സ്വന്തം അപൂർണ്ണത സമ്മതിക്കാനും കഴിയും. ഇതാണ് സിദ്ധിദാത്രിയുടെ മറ്റൊരു രഹസ്യം.
അനുഗ്രഹം എപ്പോഴും പുറത്തുനിന്ന് വരുന്ന ഒന്നല്ല; സ്വീകരിക്കാൻ തയ്യാറായ മനസ്സിലാണ് അത് ആദ്യം ജനിക്കുന്നത്.

ഒൻപത് ദിവസത്തെ ഉപാസനയ്‌ക്ക് ശേഷം സാധകൻ ഇനി ദേവിയോട് എന്താണ് ചോദിക്കേണ്ടത്? കൂടുതൽ ശക്തിയോ?
കൂടുതൽ സമ്പത്തോ? കൂടുതൽ പ്രശസ്തിയോ? അല്ലെങ്കിൽ “എനിക്ക് ജ്ഞാനം തരണമേ” എന്നോ?
സാധനയുടെ അവസാനം ‘എനിക്ക് എന്ത് ലഭിച്ചു?’ എന്ന ചോദ്യം മാറി,
“എന്നിൽ എന്താണ് മാറിയത്?’ എന്ന ചോദ്യം ഉയരുന്നു. അതാണ് സിദ്ധിദാത്രിയുടെ കവാടം.
നവരാത്രിയുടെ ഉപാസനാക്രമത്തിന്റെ പര്യവസാനഘട്ടമായി ഈ ദിവസത്തെ കണക്കാക്കപ്പെടുന്നു; തുടർന്ന് വിജയദശമിയിലൂടെ ഒരു പുതിയ തുടക്കത്തിലേക്ക് യാത്ര നീങ്ങുന്നു.
അതുകൊണ്ട് മഹാനവമിക്ക് ഒരു വിചിത്രമായ ഇരട്ടസ്വഭാവമുണ്ട്. അത് അവസാനവും തുടക്കവുമാണ്. പൂജയുടെ അവസാനദിവസം.
പക്ഷേ ജീവിതത്തിന്റെ പുതിയ ഘട്ടത്തിന്റെ ആദ്യപ്രഭാതം. സാധനയുടെ സമാപനം.
പക്ഷേ സാധനയിലൂടെ ലഭിച്ച ബോധത്തെ ജീവിതത്തിലേക്ക് കൊണ്ടുപോകാനുള്ള തുടക്കം. ദേവിയെ ആരാധിച്ച ഒൻപത് രാത്രികൾ അവസാനിക്കുന്നു. ദേവീബോധം ജീവിതത്തിൽ ആരംഭിക്കണം.

ഈ ഒൻപത് രൂപങ്ങളെയും പരിചയപ്പെടുമ്പോൾ നമ്മൾ തിരിച്ചറിയേണ്ടത്
നവദുർഗ്ഗ ഒൻപത് ദേവതകളുടെ നാമങ്ങളല്ല,
അത് ആദിശക്തിയുടെ ഒൻപത് അനുഭവവാതിലുകളാണ്. ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുമ്പോൾ ദേവി മാറുന്നതുപോലെ തോന്നുന്നു. പക്ഷേ മാറുന്നത് ദേവിയല്ല. സാധകന്റെ കാഴ്ചപ്പാടാണ് മനോഭാവമാണ്. ശൈലപുത്രിയിൽ അവൻ ശക്തിയെ ഭൂമിയിൽ കണ്ടെത്തി.
ബ്രഹ്മചാരിണിയിൽ തന്റെ ഉള്ളിൽ അന്വേഷിച്ചു.
ചന്ദ്രഘണ്ഡയിൽ അതിന്റെ ജാഗ്രത അനുഭവിച്ചു.
കൂഷ്മാണ്ഡയിൽ അതിന്റെ സൃഷ്ടിപ്രഭ കണ്ടു.
സ്കന്ദമാതയിൽ അതിന്റെ പോഷകത്വം അറിഞ്ഞു. കാത്യായനിയിൽ അതിന്റെ ധർമ്മപ്രവർത്തനം തിരിച്ചറിഞ്ഞു.
കാലരാത്രിയിൽ അതിന്റെ ഗഹനമായ നിശ്ശബ്ദതയെ അഭിമുഖീകരിച്ചു.
മഹാഗൗരിയിൽ അതിന്റെ നിർമലപ്രകാശം അനുഭവിച്ചു.
സിദ്ധിദാത്രിയിൽ ഇവയെല്ലാം ഒരേ ശക്തിയുടെ വ്യത്യസ്ത ഭാവങ്ങളാണെന്ന് തിരിച്ചറിയുന്നു.
നവരാത്രിയുടെ ആദ്യദിവസം നാം ദേവിയെ പുറത്താണ് അന്വേഷിച്ചത്. ഒൻപതാം ദിവസം എത്തുമ്പോൾ ഒരു അത്ഭുതം സംഭവിക്കുന്നു.
നാം തിരിച്ചറിയുന്നു. സ്ഥിരതയായി അവൾ നമ്മിൽ ഉണ്ടായിരുന്നു.തപസ്സായി അവൾ നമ്മിൽ ഉണ്ടായിരുന്നു. ജാഗ്രതയായി അവൾ നമ്മിൽ ഉണ്ടായിരുന്നു. സൃഷ്ടിയായി അവൾ നമ്മിൽ ഉണ്ടായിരുന്നു. കരുണയായി അവൾ നമ്മിൽ ഉണ്ടായിരുന്നു. സങ്കൽപമായി അവൾ നമ്മിൽ ഉണ്ടായിരുന്നു. ഇരുട്ടിലും അവൾ ഉണ്ടായിരുന്നു. ശുദ്ധിയുടെ വെളിച്ചത്തിലും അവൾ ഉണ്ടായിരുന്നു. ഇപ്പോൾ സിദ്ധിദാത്രിയായി അവൾ നമ്മോട് പറയുന്നത്,
“നീ അന്വേഷിച്ച പൂർണ്ണത നിന്റെ യാത്രയുടെ ഒടുവിലല്ല, ആ യാത്ര നിന്നിൽ ഉണർത്തിയ ബോധത്തിലാണ്.” അതുകൊണ്ട് സിദ്ധിദാത്രി ഒരു വരദായിനി മാത്രമല്ല. സാധനയുടെ ഫലത്തെ ബോധമാക്കി മാറ്റുന്ന മഹാശക്തിയാണ്. അവൾ നൽകുന്ന ഏറ്റവും വലിയ സിദ്ധി ലോകത്തെ അത്ഭുതപ്പെടുത്താനുള്ള കഴിവല്ല. സ്വന്തം ഉള്ളിലെ അപൂർണ്ണതയെ തിരിച്ചറിഞ്ഞ്, അതിനപ്പുറം നിലകൊള്ളുന്ന പൂർണ്ണതയെ അനുഭവിക്കാനുള്ള കഴിവാണ്.

പുതിയ തുടക്കത്തിന് മുമ്പ് ഒരു നിമിഷം പിന്നോട്ടു നോക്കേണ്ടതുണ്ട്. നാം എവിടെ നിന്നാണ് ആരംഭിച്ചത്? എവിടെയാണ് എത്തിയത്? പർവതത്തിന്റെ മകളിൽ നിന്ന്
പൂർണ്ണതയുടെ ദാത്രിയിലേക്കുള്ള ഈ യാത്രയിൽ ദേവിയുടെ രൂപങ്ങൾ ഒൻപതായിരുന്നു. പക്ഷേ ശക്തി ഒന്ന്.
രാത്രികൾ ഒൻപതായിരുന്നു. പക്ഷേ അന്തർയാത്ര ഒന്ന്. പൂജകൾ അനവധി.
പക്ഷേ ലക്ഷ്യം ഒന്ന്. സ്വന്തം ഉള്ളിൽ വസിക്കുന്ന ദേവീചൈതന്യത്തെ തിരിച്ചറിയുക.
അതിനാൽ സിദ്ധിദാത്രി നവദുർഗ്ഗയുടെ അവസാന രൂപമല്ല . നവരാത്രി നമ്മോട് പറയാൻ ശ്രമിച്ച മുഴുവൻ സന്ദേശത്തിന്റെയും പൂർണ്ണവിരാമമാണ്. പക്ഷേ ആ പൂർണ്ണവിരാമത്തിന് പിന്നാലെ വരുന്ന ശൂന്യസ്ഥലത്താണ് പുതിയൊരു വാക്യം ആരംഭിക്കുന്നത്. അതാണ് വിജയദശമി. അവിടെ നിന്ന് ആരാധന ജീവിതമാകണം. മന്ത്രം പ്രവർത്തിയാകണം.
ജ്ഞാനം വിവേകമാകണം. സാധന സ്വഭാവമാകണം. ദേവി ക്ഷേത്രത്തിൽ മാത്രം നിലകൊള്ളാതെ മനുഷ്യന്റെ ഓരോ പ്രവൃത്തിയിലും തെളിയണം. അപ്പോൾ മാത്രമാണ് നവരാത്രി പൂർത്തിയാകുന്നത്.
അപ്പോൾ മാത്രമാണ് സിദ്ധി യഥാർത്ഥത്തിൽ ദാനമാകുന്നത്. അപ്പോൾ മാത്രമാണ് സിദ്ധിദാത്രിയുടെ അനുഗ്രഹം അർത്ഥവത്താകുന്നത്. ഒൻപത് രാത്രികളുടെ ഇരുട്ട് പിന്നിട്ട്, ഒൻപത് രൂപങ്ങളിലൂടെ സഞ്ചരിച്ച്, ഒടുവിൽ സ്വന്തം ഉള്ളിൽ തെളിഞ്ഞ ആ ഏകപ്രകാശം അതാണ് ആദിശക്തി.
അതാണ് സിദ്ധിദാത്രി…
അതാണ് നവരാത്രിയുടെ പൂർണ്ണത…

Recent Posts