ഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി 12 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി വൈകി ഒന്നരയോടെ ഗ്വാളിയറിലെ പ്രശസ്തമായ ശീതളാ മാതാ ക്ഷേത്രത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നെല്ല് കയറ്റിവന്ന ട്രക്ക് പോലീസ് ബാരിക്കേഡുകൾ തകർത്ത് റോഡിലുണ്ടായിരുന്ന തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറുകയും, തുടർന്ന് ക്ഷേത്രത്തിന്റെ പ്രധാന ഗേറ്റിലും ചുറ്റുമതിലിലും ഇടിച്ചാണ് ലോറി നിന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നല്ല രീതിയിൽ ജനത്തിരക്കുള്ള പ്രദേശത്ത് ചീറിപ്പാഞ്ഞെത്തിയ ചരക്കു ലോറി പോലീസിന്റെ ബാരിക്കേഡുകളും സുരക്ഷാ പരിശോധനാ കേന്ദ്രവും തകർത്താണ് ഭക്തരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. തുടർന്ന് റോഡിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ച വാഹനം ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലും മതിലിലും ഇടിച്ചു നിൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
ആകെ 39 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 12 പേർ മരണപ്പെട്ടു. 5 മുതൽ 6 പേർ വരെ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചിന്നൂർ ഭാഗത്തുനിന്നും അരിയുമായി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് ഉടൻ തന്നെ ആംബുലൻസുകളും പോലീസും എത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
ലോറിയുടെ സാങ്കേതിക തകരാറുകൾ പരിശോധിക്കാൻ ആർ.ടി.ഒ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.നവരാത്രി പ്രമാണിച്ച് കർശന സുരക്ഷയും സ്റ്റോപ്പറുകളും പോലീസ് ചെക്ക്പോസ്റ്റും ഏർപ്പെടുത്തിയിരുന്ന റോഡിലേക്ക് ഭാരവാഹനം എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗ്വാളിയർ കളക്ടർ രുചിക ചൗഹാൻ വ്യക്തമാക്കി















