
തിരുവനന്തപുരം:ലയണല് മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില് സ്പോര്ട്സ് കൗണ്സില് മുന് പ്രസിഡന്റ് യു ഷറഫലിക്കും മുന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ പേഴ്സണല് സ്റ്റാഫംഗമായിരുന്ന സി സത്യപാലനുമെതിരെ അന്വേഷണത്തിന് സര്ക്കാരിന്റെ അനുമതി. ഇരുവരും തട്ടിപ്പിനായി വഴി വിട്ട ഇടപെടല് നടത്തി എന്നായിരുന്നു എസ്ഐടി കണ്ടെത്തല്.
അതേസമയം, അര്ജന്റീന ഫുട്ബോള് അസോസിയേഷന് ഏകദേശം 126 കോടി രൂപ റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കൈമാറി എന്ന സ്പോണ്സറുടെ അവകാശവാദം കായിക മന്ത്രി ഒ ജെ ജനീഷ് തള്ളി.പണം അടച്ചെന്ന് സ്ഥിരീകരിക്കുന്ന യാതൊരു രേഖകളും ഇല്ലെന്ന് മന്ത്രി നിയമസഭയില് രേഖാമൂലം മറുപടി നല്കി. മുന് കായിക മന്ത്രി വി അബ്ദുറഹ്മാന്റെ വിദേശയാത്ര അടക്കം അന്വേഷണ പരിധിയില് ആണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.അതേസമയം എസ്ഐടി റിപ്പോര്ട്ടില് തുടര് അന്വേഷണം മെല്ലെ പോകുന്നു എന്ന് ആക്ഷേപമുണ്ട്.
തന്റെ പണം എഎഫ്എക്ക് അയച്ചെന്നായിരുന്നു സ്പോണ്സര് ആവര്ത്തിച്ച് പറഞ്ഞിരുന്നത്. ഇത് അടക്കമുള്ള കാര്യങ്ങള് അന്വേഷണ പരിധിയില് ആണെന്നും മന്ത്രി മറുപടി നല്കി.
മുന് കായിക മന്ത്രി വി അബ്ദുറഹിമാന്റെയും സ്പോര്ട്സ് വകുപ്പ് സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശയാത്രയും അന്വേഷണപരിധിയും ഉള്പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു.അര്ജന്റീന ഫുട്ബോള് അസോസിയേഷനെ ക്ഷണിക്കാന് എന്ന പേരില് 2024 ആഗസ്റ്റില് സ്പെയിന് തലസ്ഥാനമായ മാഡ്രിഡിലേക്ക് പോയിരുന്നു. എസ്ഐടി ആഭ്യന്തരവകുപ്പിന് സമര്പ്പിച്ച അന്വേഷണ റിപ്പോര്ട്ടില് തുടര് നടപടികള് ഇതുവരെയും സ്വീകരിച്ചിട്ടില്ല.