Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ഫീസ് അഞ്ച് രൂപയിൽനിന്ന് 10 രൂപയായി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. നിരക്ക് വർധനയ്‌ക്ക് ഹൈക്കോടതിയുടെ അനുമതി തേടാനാണ് തീരുമാനം. ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉപയോഗിച്ച് പമ്പയിലെ ശുചിമുറി സൗകര്യം പൂർണമായും സൗജന്യമാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

നിരക്ക് വർധന നടപ്പായാൽ തീർഥാടകർക്ക് പമ്പയിലെ ശുചിമുറികൾ പണം നൽകാതെ ഉപയോഗിക്കാനാകും. എന്നാൽ, വെർച്വൽ ക്യൂ ബുക്കിങ് ഫീസ് വർധിപ്പിക്കുന്നതിനെക്കുറിച്ച് ഭരണസമിതിയിൽ ആശങ്ക ഉയർന്നിരുന്നു. ഭക്തർക്ക് പ്രയോജനകരമായ മാറ്റമെന്ന നിലയിലാണ് തീരുമാനത്തെ പിന്തുണയ്‌ക്കുന്നതെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ദർശനം ക്രമീകരിക്കുന്നതിനുമായാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. തീർഥാടകർക്ക് ഓൺലൈനായി മുൻകൂട്ടി ദർശനം ബുക്ക് ചെയ്യാം. നിലവിൽ അഞ്ച് രൂപയാണ് ബുക്കിങ് ഫീസായി ഈടാക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് ബോർഡിന്റെ നീക്കം. എന്നാൽ, ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ നിരക്ക് വർധന നടപ്പാക്കാനാകൂ.

ശബരിമലയിൽ തുലാമാസ പൂജാ സമയത്ത് സന്നിധാനത്തെ മുറികൾ കൂട്ടത്തോടെ ബുക്ക് ചെയ്ത സംഭവത്തിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തതോടെ സാധാരണ തീർഥാടകർക്ക് മുറികൾ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്.

സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്റെ നീക്കം.

Recent Posts